വിദ്യാർഥികൾ ജീവനക്കാരനെ മർദിച്ചെന്ന് ആരോപണം; മാനന്തവാടി - കൽപറ്റ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്
Mail This Article
പനമരം ∙ ബസ് ജീവനക്കാരനെ വിദ്യാർഥികൾ മർദിച്ചെന്നാരോപണത്തില്‍ മാനന്തവാടി - കൽപറ്റ റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്കു നടത്തി. ഈ റൂട്ടിലോടുന്ന മിന്നാരം ബസിലെ കണ്ടക്ടറെ സർവീസിനിടെ മർദിച്ചെന്ന് ആരോപിച്ചാണ് ജീവനക്കാർ മിന്നൽ പണിമുടക്കു നടത്തിയത്. ഇന്നലെ വൈകിട്ടു സ്കൂൾ വിട്ട സമയം കണിയാമ്പറ്റ സ്കൂളിനു സമീപം നിന്നു വിദ്യാർഥികൾ ബസിൽ കയറുന്നതിനിടെ ബസിൽ കയറിയ വിദ്യാർഥി ബെൽ അടിച്ചത് കണ്ടക്ടറായ നിയാസ് ചോദ്യം ചെയ്തതാണു സംഘർഷത്തിനിടയാക്കിയത്.
വിദ്യാർഥികൾ സംഘം ചേർന്നു കണ്ടക്ടറെ ക്രൂരമായി മർദിച്ചെന്നാണു ആരോപണം. തുടർന്ന് കമ്പളക്കാട് പൊലീസ് സ്ഥലത്തെത്തി ബസ് സ്റ്റേഷനിൽ എത്തിച്ച് യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്ന് ബസുകൾ സർവീസ് പുനരാരംഭിച്ചെങ്കിലും മർദിച്ചവരെ കണ്ടെത്തി നടപടി സ്വീകരിച്ചില്ലെങ്കിൽ ഇന്നു മുതൽ സമരം ആരംഭിക്കുമെന്ന് ജീവനക്കാർ പറഞ്ഞു. മർദനത്തിൽ പരുക്കേറ്റ നിയാസ് കൽപറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബസുകൾ മിന്നൽ പണിമുടക്കു നടത്തിയതോടെ ഈ റൂട്ടിൽ വിവിധയിടങ്ങളിലായി ബസ് കാത്തുനിന്ന വിദ്യാർഥികളടക്കം പെരുവഴിയിലായി.