ADVERTISEMENT

പൊഴുതന∙ ആദ്യം ഫണ്ട് അനുവദിച്ചു. പിന്നീട് ലക്ഷങ്ങൾ കൂട്ടി നൽകി എന്നിട്ടും സ്കൂൾ കെട്ടിടം ഇന്നും അടിത്തറ പോലും നിർമിക്കാത്ത നിലയിൽ . അച്ചൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം കെട്ടിടമാണ് കടലാസിൽ ഒതുങ്ങിയത്. 2018ൽ കിഫ്ബി ഫണ്ടിൽ നിന്ന് ഒരു കോടി രൂപയായിരുന്നു കെട്ടിട നിർമാണത്തിന് അനുവദിച്ചത്.

ഈ കാലയളവിൽ തന്നെ ജില്ലയിൽ മറ്റു ചില സ്കൂളുകൾക്കും കെട്ടിടം നിർമിക്കാൻ ഫണ്ട് അനുവദിച്ചിരുന്നു. അവയെല്ലാം പണി പൂർത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും അധികൃതരുടെ പിടിപ്പുകേടുകാരണം ഈ സ്കൂൾ കെട്ടിട നിർമാണം മാത്രം എങ്ങും എത്താത്ത നിലയിൽ തുടരുന്നു. 

നിർമാണത്തിനുള്ള കരാർ നൽകിയതിനു ശേഷം പ്രവ‍ൃത്തി ആരംഭിക്കുന്നതിന്റെ ഭാഗമായി 2021 ഓഗസ്റ്റിൽ ശിലാസ്ഥാപന കർമം നടത്തി. പിന്നീട് കരാറുകാരൻ ഈ വഴിക്കു തിരിഞ്ഞു നോക്കാതെയാവുകയും മാസങ്ങൾക്കു ശേഷം നിർമാണ വസ്തുക്കൾക്ക് ആവശ്യമായ ചെലവ് വർധിച്ചു എന്ന വാദവുമായി ഫണ്ട് ഉയർത്താൻ ആവശ്യപ്പെടുകയുമായിരുന്നു.

നടപടികൾ വൈകിയതോടെ കരാറുകാരൻ പണി ഉപേക്ഷിച്ചു. അതോടെ കെട്ടിട നിർമാണം ഒറ്റ കല്ലിൽ ഒതുങ്ങി. തുടർന്ന് കെട്ടിടം പണി പൂർത്തിയാക്കണമെന്ന മുറവിളി ശക്തമായതോടെ 30 ലക്ഷം രൂപ കൂടി അധികം അനുവദിച്ച് പുതിയ ഉത്തരവിറങ്ങി. എന്നാൽ വിവിധ കാരണങ്ങൾ നിരത്തി കെട്ടിടം പണി തുടങ്ങാൻ വൈകുകയാണ്. അഞ്ഞൂറിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. 

പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചതോടെ ക്ലാസ് മുറികൾ ഇല്ലാതെ ദുരിതത്തിലാണ് വിദ്യാർഥികളും അധ്യാപകരും. ഹയർ സെക്കൻഡറി വിഭാഗത്തിലെ സെമിനാർ ഹാൾ, സ്റ്റാഫ് റൂം‍ എന്നിവയാണു ഇപ്പോൾ ക്ലാസ് മുറികളായി ഉപയോഗിക്കുന്നത്.

അധികൃതരുടെ പിടിപ്പുകേടു കാരണമാണ് 30 ലക്ഷം രൂപ അധികം ചെലവഴിക്കേണ്ടി വന്നത് എന്നും പ്രവൃത്തി ഇനിയും നീണ്ടു പോയാൽ ചെലവ് വീണ്ടും വർധിക്കുമെന്നും നാട്ടുകാർ പറയുന്നു. കെട്ടിടത്തിന് ഫണ്ട് അനുവദിച്ചിട്ടും ഏറെ ദുരിതം പേറി കുടുസ്സുമുറികളിൽ ഇരുന്ന് പഠിക്കേണ്ട അവസ്ഥയാണ് വിദ്യാർഥികൾക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com