കാട്ടാനകൾക്ക് മരണത്തിന്റെ നിറം
Mail This Article
ഗൂഡല്ലൂർ∙ തൊറപ്പള്ളിയിലെ അള്ളൂർ ഗോത്ര ഗ്രാമത്തിലേക്കുള്ള വഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അള്ളൂർ സ്വദേശി കറുപ്പന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ ഉദ്യോഗസ്ഥരുടെ മുന്നിൽ കണ്ണിരോടെ ദുരന്തങ്ങൾ വിവരിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ മരണ സംഖ്യ ഉയരുകയാണ്. 14 മാസത്തിനുള്ളിൽ 12 പേരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഓവാലി പഞ്ചായത്തിലെ സീഫോർത്തിൽ നൗഷാദിനെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയപ്പോൾ അധികൃതർ നാട്ടുകാർക്കു നൽകിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ല. അള്ളൂരിലും നാട്ടുകാർ ആവശ്യങ്ങൾ അധികൃതരെ അറിയിച്ചു. അള്ളൂർ ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഇരുവശവും നിറഞ്ഞു നിൽക്കുന്ന പൊന്തക്കാടുകൾ നീക്കം ചെയ്യണം. തെരുവു വിളക്കുകൾ സ്ഥാപിക്കണം . വന്യമൃഗങ്ങൾ വീടുകൾക്കു സമീപത്തേക്ക് വരാതിരിക്കാൻ വനാതിർത്തികളിൽ കിടങ്ങുകൾ നിർമിക്കണം.
മരിച്ച കറുപ്പന്റെ ആശ്രിതർക്കു ജോലി നൽകണം .തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചതോടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റാൻ നാട്ടുകാർ അനുവദിച്ചു. ഗൂഡല്ലൂർ ആർഡിഒ മുഹമ്മദ് ഹുദരത്തുള്ള, തഹസിൽദാർ സിദ്ധരാജ് എന്നിവരുടെ സാന്നിധ്യത്തിലാണ് ആവശ്യങ്ങൾ അംഗീകരിച്ചതായി അറിയിച്ചത്.
സംരക്ഷിത വനത്തിനകത്ത് താമസിക്കുന്ന ഗോത്ര വിഭാഗങ്ങൾക്കു വരെ എല്ലാ സുരക്ഷയും ഒരുക്കണമെന്നുള്ള ഉത്തരവ് നിലനിൽക്കെയാണ് അള്ളൂർ ഗ്രാമത്തിലെ ഗോത്ര വിഭാഗം ജനങ്ങൾ ദുരിത മനുഭവിക്കുന്നത്. അള്ളൂർ ഗ്രാമത്തിൽ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. കാട്ടാനയുടെ ആക്രമണങ്ങൾ നടക്കുമ്പോൾ ഉദ്യോഗസ്ഥർ നൽകുന്ന വാഗ്ദാനങ്ങളും പിന്നീട് നടപ്പിലാകുന്നില്ലന്നുള്ളതാണ് യാഥാർഥ്യം. കറുപ്പന്റെ മരണം മുന്നിൽ കണ്ട അള്ളൂരിലെ ഗ്രാമീണർ വിങ്ങുന്ന മനസ്സുമായി പാടിയിലേക്കു മടങ്ങി.