വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത് ലാബ്, കെട്ടിടം ഉദ്ഘാടനം 2ന്
Mail This Article
മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കാത്ത് ലാബും മൾട്ടി സ്‌പെഷൽറ്റി കെട്ടിടവും ഒരുങ്ങി. പുതിയതായി നിർമിച്ച 7 നില മൾട്ടി പർപസ് സൂപ്പർ സ്പെഷൽറ്റി കെട്ടിടവും കാത്ത് ലാബും ഏപ്രിൽ 2നു മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. മന്ത്രിമാരായ വീണാ ജോർജ്, പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 45 കോടി രൂപ ചെലവിലാണ് 7 നില കെട്ടിടം നിർമിച്ചത്.
മെഡിക്കൽ ഒപി, എക്സറേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റർ, സ്ത്രി, പുരുഷ വാർഡുകൾ, പാർക്കിങ് സൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 8 കോടി രൂപ ചെലവിലാണ് കാത്ത് ലാബ് നിർമിച്ചത്. കലക്ടർ ഡോ. രേണുരാജ് കൺവീനറും ഒ.ആർ കേളു എംഎൽഎ ചെയർമാനുമായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ കലക്ടർ രേണു രാജ്, ഒ.ആർ. കേളു എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭാ അധ്യക്ഷ സി.കെ രത്നവല്ലി തുടങ്ങിയവർ പങ്കെടുത്തു.