ADVERTISEMENT

കൽപറ്റ ∙ വിഷു പടിവാതിൽക്കലെത്തിയെങ്കിലും പടക്ക വിപണി ‘തണുത്തു’ തന്നെ. ഓൺലൈൻ വിൽപന സജീവമായതാണു ചെറുകിട പടക്ക വ്യാപാരികൾക്ക് തിരിച്ചടിയായത്. വ്യത്യസ്തരം പടക്കങ്ങളും വിവിധ വർണത്തിലുള്ള കമ്പിത്തിരികളും മറ്റും വിപണിയിലുണ്ടെങ്കിലും കാര്യമായ വിൽപന നടക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. സ്കൈ ഷോട്ട്, ഡ്രോൺ, വിവിധ നിറത്തിലുള്ള പൂക്കുറ്റികൾ തുടങ്ങിയവയാണ് വിപണിയിലെ പ്രധാന ആകർഷണങ്ങൾ. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതൽ പുതുമയോടെയാണു എത്തിയിരിക്കുന്നത്. സാദാ കമ്പിത്തിരിക്കു പുറമേ വിവിധ വർണങ്ങളിൽ തീപ്പൊരി ചിതറുന്നതും പലവിധ പൂക്കൾ വിരിയുന്ന കമ്പിത്തിരികൾ ആകർഷണങ്ങളാണ്.

10മുതൽ 150 രൂപ വരെയാണ് ഇതിന്റെ വില. കുടച്ചക്രം, പാളി പടക്കം, 10 അടിയോളം ഉയരത്തിൽ നിര നിരയായി 5 മിനിറ്റോളം ദൈർഘ്യത്തിൽ പൊട്ടുന്ന സെറ്റ് പടക്കം, ഡാൻസിങ് ചക്രം, വർണക്കാഴ്ച വിരിയിക്കുന്ന അമിട്ട് എന്നിവയും വിപണിയിലെ താരങ്ങളാണ്. ഓൺലൈൻ പടക്ക വിൽപന തകൃതിയായതോടെ, ഉത്സവ സീസൺ മുന്നിൽക്കണ്ട് വായ്പയെടുത്തും കടം വാങ്ങിയും പടക്കവിപണിയിലേക്കിറങ്ങിയവരിൽ ഭൂരിഭാഗവും പെരുവഴിയിലായ അവസ്ഥയാണ്.  പടക്കങ്ങളുടെ കേന്ദ്രമായ ശിവകാശിയിൽ നിന്നു ഓൺലൈൻ വഴി സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ജില്ലയിലേക്ക് അടക്കം പടക്കങ്ങൾ എത്തുന്നുണ്ട്. 3500 രൂപയ്ക്കു മുകളിൽ പടക്കം ബുക്ക് ചെയ്യുന്നവർക്കാണ് വൻകിട പടക്ക കമ്പനികൾ നിലവിൽ പടക്കങ്ങൾ വീടുകളിലേക്ക് എത്തിക്കുന്നത്.

വിലക്കുറവും ആകർഷകങ്ങളായ ഓഫറുകളും നൽകിയാണ് കമ്പനികൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ലൈൻസില്ലാതെ വൻ തോതിൽ പടക്കങ്ങൾ ശേഖരിക്കാനുള്ള സാഹചര്യം ഇതുമൂലമുണ്ടാകുമെന്ന് പരാതി ഉയരുന്നു. കർശന സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് പടക്ക വ്യാപാരികൾക്ക് ലൈസൻസ് അനുവദിക്കുന്നത്. എന്നാൽ, ഓൺലൈൻ വിൽപനയ്ക്ക് ഇതൊന്നും ബാധകമല്ല. അതുകൊണ്ടുതന്നെ അപകടസാധ്യത കൂടുതലാണ്. ജില്ലയിൽ ലൈസൻസുള്ള 30 ലധികം പടക്ക വ്യാപാര സ്ഥാപനങ്ങളുണ്ട്. സീസൺ സമയങ്ങളിൽ ഒട്ടേറെ പേർക്കു താൽക്കാലികമായെങ്കിലും തൊഴിൽ ലഭിക്കാറുമുണ്ട്. ഓൺലൈൻ പടക്ക വിൽപനയ്ക്കു ഉടൻ നിയന്ത്രണമേർപെടുത്തണമെന്നാണു ചെറുകിട വ്യാപാരികളുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com