ADVERTISEMENT

പനമരം ∙ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ജില്ലയിൽ കാപ്പി, ഏലം കൃഷിക്കു വൻ നാശം. കടുത്ത ചൂടിൽ കാപ്പിയും ഏലവും വ്യാപകമായി കരിഞ്ഞുണങ്ങി പൂർണമായും നശിക്കുന്നതു കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇവയ്ക്കു പുറമേ കുരുമുളക്, കൊക്കോ, വാഴ, അവക്കാഡോ അടക്കമുള്ള കൃഷിയും ഉണക്ക് ബാധിച്ചു നശിക്കുകയാണ്. വേനൽ ചൂട് ക്രമാതീതമായി വർധിക്കുകയും, യഥാസമയം മഴ ലഭിക്കാത്തതുമാണു കൃഷികൾക്കു തിരിച്ചടിയായി മാറിയിരിക്കുന്നത്.

ഒരു മാസത്തിലേറെയായി അനുഭവപ്പെടുന്ന ശക്തമായ വെയിലും ചൂടും ഇക്കുറി കാർഷിക മേഖലയിൽ കനത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 30 ഡിഗ്രിക്കു മേൽ അനുഭവപ്പെടുന്ന താപനില ജാതി, പച്ചക്കറി, കമുക് കൃഷിയെയും ബാധിച്ചിട്ടുണ്ട്. പുഴകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നതോടെ കൃഷികൾ നനയ്ക്കുന്നതിനു മാർഗമില്ലാതായി. കുടിവെള്ള സ്രോതസ്സുകളിൽ എന്തിനു കുഴൽക്കിണറുകളിൽ പോലും വെള്ളത്തിന്റെ അളവ് നന്നായി കുറഞ്ഞു. ദിവസേന കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിർത്തിയാൽ മാത്രമേ വിളകളെ രക്ഷിക്കാനാവൂ എന്ന സ്ഥിതിയാണുള്ളത്. 

കാട്ടാന ശല്യത്തിന് പുറമേ ചൂടും കൂടിയതോടെ വാഴക്കൃഷി ഇല്ലാതാകുന്ന സ്ഥിതിയാണ് ജില്ലയിൽ പലയിടത്തുമുള്ളത്. കാട്ടാന വാഴ നശിപ്പിക്കുന്നതിനു പുറമേ ബാക്കിയുള്ള വാഴ കടുത്ത ചൂടിൽ വാടി ഒടിഞ്ഞു വീഴുകയാണ്. ജാതി, ഗ്രാമ്പു അടക്കമുള്ളവയിൽ ഒരില പോലും ഇല്ലാതെ കരിഞ്ഞു തുടങ്ങിയതോടെ ഇത്തവണ വിളവു ഗണ്യമായി കുറയുമെന്നു കർഷകർ പറയുന്നു. മറ്റു സ്ഥലങ്ങളിലേ പോലെ പുഴയോടു ചേർന്നുള്ള കൃഷിയിടത്തിലെ കൃഷികൾ വരെ മുൻപെങ്ങുമില്ലാത്ത വിധം കരിഞ്ഞുണങ്ങുന്ന അവസ്ഥയാണ്. കൃഷിനാശം ഏറിയതോടെ കർഷകർ നിരാശയിലാണ്. കൃഷി നശിച്ച് ഉൽപാദനം നിലയ്ക്കുന്നതോടെ കാർഷിക വായ്പയുടെ പലിശ പോലും അടയ്ക്കാൻ പറ്റാത്ത അവസ്ഥയാണെന്നു കർഷകർ പറയുന്നു. 

ജില്ലയിൽ കുറഞ്ഞ സ്ഥലങ്ങളിൽ ചെറിയ തോതിൽ വേനൽമഴ ലഭിച്ചെങ്കിലും പിന്നീടുണ്ടായ കടുത്ത ചൂടാണു വ്യാപകമായി കാപ്പിക്കൃഷി ഉണങ്ങി നശിക്കാൻ കാരണമെന്നു കർഷകർ പറയുന്നു. കാലാവസ്ഥ വ്യതിയാനം മൂലം കൃഷി പാടേ നശിച്ച കർഷകരെ രക്ഷിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണു കർഷകരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com