വിവാദമായി മരവകണ്ടി ഡാമിലെ വനംവകുപ്പിന്റെ വിശ്രമകേന്ദ്രം
Mail This Article
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിനകത്ത് മരവകണ്ടി ഡാമിനോട് ചേർന്ന് വനം വകുപ്പ് നിർമിച്ച വിശ്രമ കേന്ദ്രം വിവാദമാകുന്നു. ഡാമിനോട് ചേർന്നു 4 വർഷം മുൻപ് അണക്കെട്ടിലെത്തുന്ന പക്ഷികളെ നിരീക്ഷിക്കുന്നതിനായി നിർമിച്ച വാച്ച് ടവർ 2 വർഷം മുൻപു വിശ്രമ കേന്ദ്രമാക്കി മാറ്റി. വിശ്രമ കേന്ദ്രത്തിന് ചുറ്റും സോളർ ഫെൻസിങ് നിർമിച്ചു. വന്യ ജീവികൾ സ്ഥിരമായി മേയുന്ന പ്രദേശത്താണു വനംവകുപ്പ് വിശ്രമ കേന്ദ്രം നിർമിച്ചത്.
മസിനഗുഡിയിലും പരിസര പ്രദേശങ്ങളിലുമുള്ള പട്ടയമുള്ള കർഷകർ വന്യജീവികൾ കൃഷിയിടത്തിലിറങ്ങാതെ കൃഷിയിടങ്ങൾക്ക് ചുറ്റും സ്ഥാപിച്ച സോളർ വേലികൾ വനംവകുപ്പ് പിഴുതുമാറ്റി. പതിറ്റാണ്ടുകൾ പഴക്കമുള്ള തെങ്ങടക്കമുള്ള കൃഷികൾ വന്യജീവികൾ നശിപ്പിച്ചു. ഒട്ടേറെ റിസോർട്ടുകൾ കോടതിയുടെ ഉത്തരവിലൂടെ വനംവകുപ്പ് പൂട്ടി മുദ്ര വച്ചു. ഈ പ്രദേശത്തുള്ള ഗോത്ര ജനതയ്ക്ക് പ്രധാനമന്ത്രി ഭവന നിർമാണ പദ്ധതി മൂലം ലഭിച്ച വീടുകളുടെ നിർമാണം വരെ വനംവകുപ്പ് തടഞ്ഞ സ്ഥലത്താണു ലക്ഷങ്ങൾ മുടക്കി വനംവകുപ്പ് വിശ്രമകേന്ദ്രം നിർമിച്ചത്.
വിശ്രമ കേന്ദ്രത്തിൽ നിന്നു ചിത്രീകരിച്ച മൃഗങ്ങളുടെ ഒട്ടേറെ വിഡിയോകൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വനം വകുപ്പ് വിശ്രമ കേന്ദ്രം നിർമിച്ച സ്ഥലം റവന്യു വകുപ്പിന്റേതാണ്. നിലവിൽ ഈ ഭൂമി വൈദ്യുതി വകുപ്പിന്റെ അധീനതയിലാണ്. ഒട്ടേറെ ഭൂപ്രശ്നങ്ങൾ നേരിടുന്ന പ്രദേശമാണിത്. കടുവ സങ്കേതത്തിനുള്ളിൽ നടത്തിയ അനധികൃത നിർമാണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.