വരവും ചെലവും നോക്കാതെ വരവൂർ പാടത്ത് നെൽക്കൃഷി; നെല്ല് വിറ്റ കർഷകർക്ക് കിട്ടാനുള്ളത് കാൽകോടി
Mail This Article
പുൽപള്ളി ∙ കാലവർഷം ദുർബലമായിട്ടും കബനിയിൽ നിന്നു വെള്ളമെടുത്ത് വരവൂർ മൂന്നുപാലം പാടത്ത് കർഷകർ നെൽക്കൃഷി നടത്തി. പഞ്ചായത്തിൽ ഈ സീസണിൽ ആദ്യമായി നെൽക്കൃഷി പൂർത്തിയാക്കിയത് വരവൂർ പാടത്താണ്. മഴ തീരെ പെയ്യാത്ത ജൂൺ അവസാനവാരം വിത്തിട്ട് കഴിഞ്ഞ ദിവസങ്ങളിൽ നടീൽ ഏതാണ്ട് പൂർത്തിയാക്കി. കുറച്ചുപാടത്തേ ഇനി നടാനുള്ളൂ. വരവൂർ മൂന്നുപാലം പാടത്ത് 50 ഏക്കറിൽ കൃഷിയിറക്കി. പാടം ആരും തരിശിടുന്നുമില്ല. ലാഭ നഷ്ടങ്ങളോ, വന്യമൃഗശല്യമോ നോക്കാതെ മുടങ്ങാതെ നെൽക്കൃഷി നടത്തുകയാണ് ഇവിടുത്തുകാർ.
വിത്തിട്ടതുമുതൽ പാടമൊരുക്കി നെല്ല് നടുന്നതുവരെ കബനിപ്പുഴയിലെ വെള്ളമായിരുന്നു ആശ്രയം. ഇവിടുത്തെ ജലസേചനപദ്ധതി തകർന്നടിഞ്ഞിരുന്നു. കൃഷി വകുപ്പാണ് അടുത്തിടെ പദ്ധതി നവീകരിച്ചത്. തകർന്നു കിടന്ന കനാലുകൾ നവീകരിച്ച് പുതിയ മോട്ടറുകളും മറ്റും സ്ഥാപിച്ചതോടെ പ്രദേശവാസികൾക്ക് മഴയെ ആശ്രയിക്കാതെ കൃഷിയിറക്കാമെന്നായി. കഴിഞ്ഞ വർഷം ജില്ലയിൽ ആദ്യം വിത്തിട്ടത് ഈ പാടത്താണ്. കബനിയുടെ കരയിലുള്ള മറ്റുപാടങ്ങളിൽ വെള്ളമില്ലാതെ കൃഷി മുടങ്ങിയിട്ടുണ്ട്. പുഴയോരത്തെ പദ്ധതികളും പ്രവർത്തിക്കുന്നില്ല. മഴയെ ആശ്രയിച്ച് ഇക്കൊല്ലം നെൽക്കൃഷി നടക്കില്ലെന്നു കർഷകർ പറയുന്നു.
നെല്ല് വിറ്റ കർഷകർക്ക് കിട്ടാനുള്ളത് കാൽകോടി
ജി ല്ലയിൽ പുഞ്ചക്കൃഷിയുടെ നെല്ല് ആദ്യം വണ്ടിയിൽ കയറിയ വരവൂർ മൂന്നുപാലം പാടത്തെ കർഷകർക്ക് നെല്ല് വിറ്റ പണം ഇനിയും ലഭിച്ചില്ല. 40 ഏക്കർ പാടത്ത് വിളഞ്ഞ 80 ടൺ നെല്ല് ഏപ്രിൽ മാസം സപ്ലൈകോ സംഭരിച്ചിരുന്നു. കിലോഗ്രാമിന് 28.20 രൂപ സംഭരണവിലയുണ്ടെന്നതിനാൽ പൊതുവിപണിയിൽ നെല്ല് വിൽക്കാതെ കർഷകർ സർക്കാർ ഏജൻസിയായ സപ്ലൈകോയ്ക്ക് തന്നെ നെല്ല് നൽകി.
അന്നത്തെ കൃഷി ചെലവുകൾക്ക് പുറമേ അടുത്ത കൃഷി ചെയ്യാനും കർഷകർ നന്നേ പാടുപെട്ടു. ഇക്കൊല്ലം കടംവാങ്ങിയും പണയംവച്ചുമാണ് പലരും കൃഷിയിറക്കിയത്. നെല്ല് സംഭരണത്തിന്റെ പണം വൈകുന്നതിൽ കർഷകർ നിരാശരാണ്. നെല്ല് സംഭരണത്തിലെ പോരായ്മകൾ പാവപ്പെട്ട കർഷകരുടെയും വയറ്റത്തടിച്ചു.