ADVERTISEMENT

കൽപറ്റ ∙ നരേന്ദ്രമോദിയോട് ഇനി മത്സരിക്കുക ഇന്ത്യയാണെന്നും അടുത്ത തിരഞ്ഞെടുപ്പോടെ മോദി നിഷ്പ്രഭമാകുമെന്നും എഴുത്തുകാരൻ കൽപറ്റ നാരായണൻ. ഇന്ത്യയിലെ ജുഡീഷ്യറിയുമായി ഗുജറാത്തിലെ ജുഡീഷ്യറിക്ക് ഒരു ബന്ധവുമില്ല. അതുകൊണ്ടാണ് രാഹുൽഗാന്ധിക്ക് രണ്ടു വർഷമെന്ന പരാമവധി ശിക്ഷ നൽകിയത്. വിയോജിക്കുകയെന്നത് ഒരുതരത്തിൽ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. അതുമാത്രമേ രാഹുൽഗാന്ധിയും ചെയ്തുള്ളു. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ വിയോജിക്കുന്നവർക്കു പൂർണ സ്വാതന്ത്ര്യമുണ്ട്. മോദിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജുഡീഷ്യറിയായതു കൊണ്ടാണ് ഗുജറാത്തിൽ പോയി കേസ് നൽകിയത്. അതാണ് വയനാടിന് എംപിയെ നഷ്ടമാകുന്ന സാഹചര്യമുണ്ടാക്കിയത്. എന്നാൽ, ഇരട്ടി ശക്തിയുള്ള എംപിയെ വയനാടിനു തിരിച്ചുകിട്ടുമെന്ന് മോദി ഓർത്തില്ലെന്നും കൽപറ്റ നാരായണൻ പറഞ്ഞു. 

മണിപ്പുർ കലാപം നിയന്ത്രിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കുമെതിരായ വംശീയ അതിക്രമങ്ങൾക്കുമെതിരെ കൽപറ്റ നിയോജകമണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിപ്പുരിൽ സ്ത്രീകൾ അപമാനഭാരത്താൽ പുറത്തിറങ്ങാൻ കഴിയാതെ അഭയാർഥി ക്യാംപുകളിൽ ജീവിക്കുകയാണ്. രാജ്യത്ത് പ്രതിരോധത്തിന്റെ വെളിച്ചം പുറപ്പെടുന്നതു കണ്ട് അത് കെടുത്തണമെങ്കിൽ വംശീയ വെറുപ്പ് ഉണർത്തിയെ പറ്റൂ എന്ന് ആർഎസ്എസിന് മനസ്സിലായിരിക്കുന്നു. രാജ്യത്തിന്റെ വ്യത്യസ്തതകളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ടി. സിദ്ദീഖ് എംഎൽഎ ചടങ്ങിൽ അധ്യക്ഷനായിരുന്നു. പരിപാടിയുടെ ഭാഗമായി വൈകിട്ട് 4 മണിയോടെ കൽപറ്റ നഗരസഭാ പരിസരത്ത് നിന്നു മൊബൈൽ ലൈറ്റുകൾ തെളിച്ചുകൊണ്ട് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഫാ. ജോസഫ് തേരകം, ഫാ. വിൽസൻ, ഫാ. സേവിയർ, മാത്യു പുളിന്താനം, ജോസ് കിട്ടുകുടി, തോമസ് പൊൻതൊട്ടി, അലോഷ്യസ് കുളങ്ങര, ഡാനി ജോസഫ്, അനൂപ് കോച്ചേരി, സജി ഇളയിടത്ത്, സി.ആർ. ഫ്രാൻസിസ്, സിസ്റ്റർ മേരി കാഞ്ചന, എൻ.ഡി. അപ്പച്ചൻ, ടി. ഹംസ, പി.പി. ആലി, ബിനു തോമസ്, സലീം മേമന, പോൾസൺ കൂവക്കൽ, എം.സി. സെബാസ്റ്റ്യൻ, സംഷാദ് മരക്കാർ, പ്രവീൺ തങ്കപ്പൻ, എം.എ. ജോസഫ്, ടി.ജെ. ഐസക്, വി.എ. മജീദ്, സുരേഷ് ബാബു, ശോഭനകുമാരി, പി.കെ. അബ്ദുറഹ്മാൻ, മാണി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com