ADVERTISEMENT

മാനന്തവാടി ∙ കനത്ത പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ പനവല്ലിയിലെ കടുവയെ മയക്കുവെടി വക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി. ജയപ്രസാദ് ഉത്തരവിറക്കി. ജില്ലയുടെ ചുമതലയുള്ള വനംമന്ത്രി എ.കെ. ശശീന്ദ്രൻ കടുവയെ വെടിവയ്ക്കാൻ അധികൃതർക്ക് നിർദേശം നൽകിയതായി ദിവസങ്ങൾക്ക് മുൻപ് പരസ്യമായി  പറഞ്ഞിട്ടും  മയക്കുവെടി വയ്ക്കാനുള്ള അനുമതി  ലഭിച്ചിരുന്നില്ല. ഇത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വലിയതോതിലുള്ള അഭിപ്രായ വ്യത്യാസത്തിനും  പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു.  ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ചു വേണം കടുവയെ മയക്കുവെടിവച്ചു പിടിക്കാൻ എന്നാണ് ഉത്തരവിലുള്ളത്.  കടുവയ്ക്ക് വലിയ ആഘാതം ഏൽപിക്കാതെ വേണം പ്രവർത്തനങ്ങൾ നടത്താൻ.  ഇങ്ങനെ പിടിക്കുന്ന കടുവയ്ക്ക് മുത്തങ്ങ ഫോറസ്റ്റ് വെറ്ററിനറി സർജന്റെ മേൽനോട്ടത്തിൽ ആരോഗ്യസംരക്ഷണം ഉറപ്പാക്കണം. അധികം താമസിയാതെ ഉൾവനത്തിൽ തുറന്നു വിടുകയും വേണം. 

ഉത്തരമേഖല സിസിഎഫിന്റെ  സാന്നിധ്യത്തിൽ നോർത്ത് വയനാട് ഡിഎഫ്ഒ കടുവയെ പിടികൂടുന്ന ഓപ്പറേഷന് നേതൃത്വം നൽകണമെന്നും ഉത്തരവിലുണ്ട്.  കഴിഞ്ഞ ഒന്നര മാസമായി പനവല്ലി പ്രദേശത്ത്  സ്ഥിര സാന്നിധ്യമായ കടുവ ജനങ്ങളുടെ ജീവനു ഭീഷണിയാകാനുള്ള  സാധ്യത ചൂണ്ടിക്കാട്ടി  നോർത്ത് വയനാട് ഡിഎഫ്ഒ  ചീഫ് വൈൽഡ് ലൈഫ് വാർഡന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും  തുടർ നടപടി ഉണ്ടാകാത്തത് മലയാള മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പുഴവയൽ കോളനിയിലെ കയമയുടെ  വീടിന്റെ അകത്തുവരെ കഴിഞ്ഞ ദിവസം കടുവ എത്തിയതോടെയാണ് ഉന്നത വനപാലകർ  ഉണർന്നത്. പ്രദേശത്ത് 3 കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവ കൂട്ടിൽ കയറാൻ കൂട്ടാക്കിയിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com