ആദ്യാക്ഷര മധുരം; ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ
Mail This Article
കൽപറ്റ ∙ വിജയദശമി ദിനത്തിൽ ജില്ലയിലെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു. ക്ഷേത്രങ്ങളിലെല്ലാം രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടു. വിശേഷാൽ പൂജ, ഗ്രന്ഥം എടുപ്പ്, വിദ്യാരംഭം, വാഹനപൂജ എന്നിവ നടന്നു.
കൽപറ്റ അയ്യപ്പ ക്ഷേത്രത്തിൽ പീനിക്കാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി, കൽപറ്റ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ റിട്ട. പ്രധാനാധ്യാപിക കെ.ലതിക, കൽപറ്റ മടിയൂർ വിഷ്ണു ക്ഷേത്രത്തിൽ കെ.മധുസൂദനൻ, കമ്പളക്കാട് ആനേരി മഹാവിഷ്ണു ക്ഷേത്രത്തിൽ അനിത സനൽ മടക്കിമല, കോട്ടത്തറ കുറുങ്ങാലൂർ ശിവക്ഷേത്രത്തിൽ റിട്ട. അധ്യാപിക വി.ജി.മണിയമ്മ, മീനങ്ങാടി മലക്കാട് മഹാദേവക്ഷേത്രത്തിൽ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ട് റിട്ട. പ്രിൻസിപ്പൽ സി.ശശിധരൻ, പടിഞ്ഞാറത്തറ പതിനാറാം മൈൽ പുതുശ്ശേരിക്കുന്ന് പരദേവതാ ഭഗവതി ക്ഷേത്രത്തിൽ ചുഴലി രാധാകൃഷ്ണൻ അയ്യർ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.
കൈനാട്ടി പത്മപ്രഭ പൊതു ഗ്രന്ഥാലയത്തിൽ നവരാത്രി പൂജയ്ക്ക് പുറഞ്ചേരി ഇല്ലം ശ്രീജിത് നമ്പൂതിരി കാർമികത്വം വഹിച്ചു. ഗ്രന്ഥം വയ്പ്, വാഹനപൂജ, എഴുത്തിനിരുത്തൽ എന്നിവയും നടന്നു.
മീനങ്ങാടി അപ്പാട് പള്ളിക്കാവ് ക്ഷേത്രത്തിൽ അധ്യാപക അവാർഡ് ജേതാവ് അജിത് കാന്തി, മീനങ്ങാടി മൈലമ്പാടി ദുർഗ ഭഗവതി ക്ഷേത്രത്തിൽ വാസ്തു വിദ്യാപീഠം മുഖ്യ ആചാര്യൻ എൻഎസ്.പ്രകാശൻ ആചാരി, കൽപറ്റ ഗ്രാമം ദേവി കരുമകൻ ക്ഷേത്രത്തിൽ റിട്ട. അധ്യാപിക എൻ.കൃഷ്ണകുമാരി, കണിയാമ്പറ്റ അയ്യപ്പ ക്ഷേത്രത്തിൽ പന്തളം കൊട്ടാരം അംഗവും അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോഷ്യേറ്റ് ഡയറക്ടറുമായ ഡോ.യാമിനി വർമ, കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എം.ആർ.രാമചന്ദ്രൻ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി.
∙ പന്തല്ലൂർ പൊന്നാനി മഹാവിഷ്ണു ക്ഷേത്രത്തിൽ വിദ്യാരംഭം നടന്നു. ക്ഷേത്രത്തിലെ പൂജാരി മുരളി കുട്ടികൾക്ക് വിദ്യാരംഭം നടത്തി.