സംരക്ഷണമില്ലാതെ ബ്രിട്ടിഷ് നിർമിതിയായ നിസാൻഹട്ടുകൾ നശിക്കുന്നു
Mail This Article
അമ്പലവയൽ ∙ ടൗണിനോട് ചേർന്നുള്ള ബ്രിട്ടിഷ് നിർമിതിയായ നിസാൻഹട്ടുകൾ പൂർണമായി നശിക്കുന്നു. അമ്പലവയൽ ടൗണിനോട് ചേർന്ന പ്രദേശത്ത് ബ്രിട്ടിഷുകാർ നിർമിച്ച 9 നിസാൻ ഹട്ടുകളുണ്ടായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം നശിച്ചിരുന്നു. അവശേഷിക്കുന്നത് രണ്ടെണ്ണവും നാശത്തിന്റെ വക്കിലാണ്.
ചെറിയ പൊക്കത്തിൽ കല്ല് ഉപയോഗിച്ചു കെട്ടി ഉയർത്തി അതിൽ അർധവൃത്താകൃതിയിൽ ഷീറ്റുകൾ സ്ഥാപിച്ചാണ് നിസാൻഹട്ടുകളുടെ നിർമാണം. ബ്രിട്ടിഷുകാർ അവരുടെ വസ്തുക്കൾ സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗപ്പെടുത്തിയിരുന്ന ഹട്ടുകൾ പിന്നീട് അമ്പലവയലിലെ ആശുപത്രിയായും സ്കൂളായും പ്രവർത്തിച്ചു. ഒടുവിൽ അങ്കണവാടിയായും നിസാൻഹട്ടുകൾ മാറി. എന്നാൽ, വർഷങ്ങളായി ഇവ നശിക്കുകയാണ്.
മേൽക്കൂരയുടെ ഷീറ്റുകളെല്ലാം മുക്കാൽ ഭാഗവും നശിച്ചു കഴിഞ്ഞു. രണ്ടെണ്ണത്തിന്റെ ഷീറ്റുകൾ തുരുമ്പെടുത്തു. കുറേഭാഗം വീണും പോയ അവസ്ഥയിലാണ്. ഹട്ടുകളുടെ ഉള്ളിൽ സാമൂഹികവിരുദ്ധരുടെ ശല്യവും ഏറെയാണ്. മദ്യപിക്കാനും മറ്റുമായി ഇവിടം ഉപയോഗപ്പെടുത്തുന്നുണ്ട്. അരിക് ഭാഗങ്ങളിലും ഹട്ടിന്റെ ഉള്ളിലുമെല്ലാം മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്. സമീപത്തായുള്ള ഹെറിറ്റേജ് മ്യൂസിയത്തോട് ചേർന്ന് നിസാൻഹട്ടുകൾ സംരക്ഷിക്കുമെന്നു പുരാവസ്തു വകുപ്പ് വർഷങ്ങൾക്കു മുൻപ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.