വൃക്കരോഗികൾക്ക് സൗജന്യ മരുന്ന് വിതരണം നിലച്ചു; ആത്മഹത്യയുടെ വക്കിലെന്ന് ബന്ധുക്കൾ
Mail This Article
ബത്തേരി∙ വൃക്ക രോഗികൾക്ക് പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നതിനായി മാനന്തവാടി വയനാട് മെഡിക്കൽ കോളജിൽ നിന്ന് നൽകിയിരുന്ന സൗജന്യ മരുന്ന് (പെരിറ്റോണിയൽ ഡയാലിസിസ് സൊലൂഷൻ) വിതരണം 3 മാസമായി നിലച്ചു. കഴിഞ്ഞ നവംബർ 4ന് ശേഷം മരുന്ന് ലഭ്യമാകുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. മരുന്ന് സ്റ്റോക്കില്ലാതാകാൻ കാരണം ഫണ്ടിന്റെ ലഭ്യതക്കുറവാണെന്ന് ആരോപണമുണ്ട്. ജീവിതശൈലീരോഗ നിർമാർജനത്തിനായുള്ള സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് മരുന്ന് നൽകിയിരുന്നതെന്നാണ അറിയുന്നത്. എന്നാൽ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് മരുന്ന് നൽകി വന്നിരുന്നതെന്നും പദ്ധതി കാലാവധി കഴിഞ്ഞെന്നും പുതിയ പദ്ധതി ആകുന്നതോടെ മരുന്ന് വിതരണം പുനരാരംഭിക്കുമെന്നുമാണ് ഡിഎംഒ പറയുന്നത്.
പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രത്യേക പദ്ധതികളൊന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്നും പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വർഷത്തിൽ ഒന്നേകാൽ കോടി രൂപ കൊടുത്തു വരുന്നുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളജിൽ നിന്ന് 56 രോഗികൾക്കാണ് മരുന്ന് നൽകിവന്നിരുന്നത്. ഇപ്പോൾ ആർക്കും മരുന്ന് ലഭ്യമാകുന്നില്ല.ദിവസം 2000 രൂപയോളം ചെലവു വരുന്ന മരുന്ന് വാങ്ങാൻ മിക്കവർക്കും പ്രാപ്തിയില്ലാത്തതിനാൽ പലരിലും രോഗാവസ്ഥ മൂർഛിക്കുകയാണ്.
ചിലർ തളർന്നു വീഴുകയാണെങ്കിൽ ചിലർക്ക് ശ്വാസതടസ്സവും നീരുമാണ്. അതിനിടെ വൃക്കരോഗം മൂർഛിച്ചതിനെ തുടർന്ന് കാട്ടിക്കുളം പ്ലാമൂല മാരന്റെ മകൾ സൂര്യ(26) കഴിഞ്ഞ 12ന് മരിച്ചിരുന്നു. ദിവസവും 3 ബാഗ് സൊലൂഷനാണ് യുവതി ഉപയോഗിച്ചിരുന്നത്. മരുന്ന് ലഭ്യമല്ലാതായോതോടെ ദിവസം ഒന്നാക്കി ചുരുക്കിയിരുന്നു. അതും മരണത്തിന് കാരണമായിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നത്. മരുന്ന് ലഭ്യമല്ലാത്തത് ചൂണ്ടിക്കാട്ടി രോഗികളുടെ ബന്ധുക്കൾ കഴിഞ്ഞ നാലിന് കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇതുവരെ നടപടികളുണ്ടായിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഒരു ബാഗ് ഫ്ലൂയിഡിനും ക്യാപ്, ഡ്രയ്നേജ് എന്നിവയടക്കമുള്ള അനുബന്ധ സാമഗ്രികൾക്കുമായി 400 രൂപയോളം വില വരും. 3 മുതൽ 5 ബാഗ് വരെ ഉപയോഗിക്കുന്ന രോഗികളുണ്ട്. മരുന്ന് ലഭ്യമല്ലാതായതോടെ പലരും ഉപയോഗം ഒരു ബാഗ് ആക്കി ചുരുക്കി. അതോടെ രോഗാവസ്ഥ പലരിലും ഗുരുതരമാവുകയും ചെയ്തു.
ആത്മഹത്യയുടെ വക്കിലെന്നു ബന്ധുക്കൾ
പെരിറ്റോണിയൽ ഡയാലിസിസ് ചെയ്യുന്ന രോഗികളെ 24 മണിക്കൂറും പരിചരിക്കുന്നവരാണ് ബന്ധുക്കൾ. കാരണം മുഴുവൻ സമയവും മരുന്ന് ഉയോഗിക്കണം. മരുന്ന് ലഭ്യമല്ലാതായതോടെ ഏറെ വിഷമത്തിലാണെന്നും പലരും ആത്മഹത്യയുടെ വക്കിലാണെന്നും ബന്ധുക്കൾ പറയുന്നു. പരാതിയുമായി കൂട്ടത്തോടെ കലക്ടറേറ്റിലേക്ക് പോകാനാണ് തീരുമാനമെന്ന് എടക്കൽ സ്വദേശി സൂസൻ ബേബി, പുൽപള്ളി സ്വദേശികളായ അമ്പിളി വിനോദ്, സിബി ജോസ്, മുള്ളൻ കൊല്ലി സ്വദേശി ഗ്രേസി ജോസഫ്, വാളാട് സ്വദേശി ഗിരിജ ബാബു, നായ്ക്കെട്ടി സ്വദേശി ഷഹ്ന സിദ്ദിഖ് തുടങ്ങിയവർ പറഞ്ഞു