കിടങ്ങുകൾ നികത്തിയതും വൈദ്യുതി വേലി തകർത്തതും വിനയായി
Mail This Article
×
ADVERTISEMENT
പനമരം ∙ സൗത്ത് വയനാട് ഡിവിഷനിൽ ക്രാഷ് ഗാർഡ് ഫെൻസിങ് പദ്ധതിയിലുണ്ടായ പാകപ്പിഴ പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ഈ പഴുതിലൂടെ ബേലൂർ മഖ്ന നാട്ടിലെത്തിയതെന്നു നാട്ടുകാർ. ഈ വഴിയിലൂടെ കാട്ടാനകൾ കൂട്ടത്തോടെ നാടിറങ്ങുന്നതു പതിവാണ്. നോർത്ത്, സൗത്ത് വയനാട് ഡിവിഷനു കീഴിൽ 7 വർഷം മുൻപ് ആവിഷ്കരിച്ച ക്രാഷ് ഗാർഡ് പദ്ധതി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന്റെ പേരിൽ നിലവിലുണ്ടായിരുന്ന പ്രതിരോധ സംവിധാനങ്ങൾ തകർത്തതോടെ ബേലൂർ മഖ്നയെപ്പോലുള്ള ആക്രമണകാരികളായ കാട്ടാനകളും മറ്റു ജീവികളും കാടിറങ്ങുന്നതിനിടയാക്കി. സൗത്ത് വയനാട് ഡിവിഷനിലാണു പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്കു മുൻപ് നിലവിലുളള കിടങ്ങ് ഇടിച്ചു നിരത്തിയത്. ഇവിടെ വൈദ്യുതവേലി പ്രവർത്തനരഹിതമായതും വന്യമൃഗങ്ങൾ കൂട്ടമായി കൃഷിയിടങ്ങളിലേക്ക് ഇറങ്ങാൻ കാരണമായി. പദ്ധതിക്ക് വേണ്ടി റോഡ് നിർമിക്കുന്നതിന്റെ ഭാഗമായാണു പ്രതിരോധ സംവിധാനങ്ങൾ തകർത്തതെന്നു പറയപ്പെടുന്നു.
കിടങ്ങ് നികത്തിയതിനു പിന്നാലെ ദാസനക്കര, കല്ലുവയൽ, നീർവാരം, അമ്മാനി, പുഞ്ചവയൽ, കൂടൽക്കടവ്, അടക്കമുള്ള പ്രദേശങ്ങളിലും മാനന്തവാടി നഗരസഭ പരിധിയിലും കാട്ടാനശല്യം രൂക്ഷമായി. ഇതുവഴി ഇറങ്ങിയ കാട്ടാനയാണു കഴിഞ്ഞമാസം വട്ടവയൽ കാച്ചപ്പള്ളി ദേവസ്യയുടെ വീടിന് മുകളിലേക്ക് തെങ്ങ് മറിച്ചിട്ട് വീടിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർത്തത്. ഇതെത്തുടർന്ന് ദേവസ്യ കൃഷിയിടത്തിൽ ബാക്കിയുള്ള തെങ്ങുകൾ തൊഴിലാളികളെ ഉപയോഗിച്ചു മുറിച്ചുമാറ്റിയിരുന്നു. കരാർ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ക്രാഷ് ഗാർഡ് വേലിയുടെ പണി ആരംഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധത്തിനൊടുവിൽ 4 മാസം മുൻപു തിരക്കിട്ട് അധികൃതർ റോഡ് നിർമാണം നടത്തി. ഇതു ജനരോഷം തണുപ്പിക്കാനുള്ള നടപടിയായിരുന്നുവെന്നു നാട്ടുകാർ ആരോപിക്കുന്നു. പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപു മാത്രം തുടങ്ങേണ്ടിയിരുന്ന റോഡ് നിർമാണം പ്രതിരോധ സംവിധാനങ്ങൾ തകർത്ത് നേരത്തെ നടത്തുകയായിരുന്നു.
ക്രാഷ് ഗാർഡ് വേലി നിർമാണത്തിന്റെ ഭാഗമായി വനാതിർത്തിയിൽ നിലവിലുണ്ടായിരുന്ന കിടങ്ങുകൾ പലയിടങ്ങളിലും മണ്ണുമാന്തി ഉപയോഗിച്ചു നികത്തിയതും വൈദ്യുത വേലി തകർത്തതുമാണു കാട്ടാന ശല്യം രൂക്ഷമാകാൻ കാരണം. പണി തുടങ്ങുന്നതിന് ഒരാഴ്ച മുൻപു മാത്രം ചെയ്യേണ്ട പ്രവൃത്തിയാണ് ജനദ്രോഹകരമായ രീതിയിൽ മാസങ്ങൾക്കു മുൻപ് നടത്തിയത്. ഇതേക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം.
നിലവിലുള്ള വന്യജീവി സംരക്ഷണ നയങ്ങളും നിലപാടുകളും നമ്മുടെ കാടുകൾക്ക് ചേർന്നവയല്ല. ഭക്ഷ്യശൃംഖല തത്വങ്ങളുടെ പ്രാഥമിക പാഠങ്ങൾ വനംവകുപ്പിനെ വീണ്ടും പഠിപ്പിക്കണം. ആന, കാട്ടുപന്നി, മാൻ മുതലായവയുടെ പെരുപ്പത്തിനു കാരണം ഇവയുടെ ഭക്ഷ്യലഭ്യത കൂടിയതാണു വനഭൂമിക്കു പുറമേ കൃഷിഭൂമിയിൽ യഥേഷ്ടം ഇരതേടാനാവുന്നത് കൊണ്ടാണ് ഇവയുടെ പ്രത്യുത്പാദന നിരക്ക് അപകടകരമാം വിധം കൂടിയത്.
ക്രാഷ് ഗാർഡ് വേലി നിർമാണത്തിനായി കരാറുകാരൻ കിടങ്ങ് തകർത്ത വഴിയിലൂടെ കൊലയാളി ആന ഇറങ്ങിയതു കൃത്യമായി അറിയാമായിരുന്ന വനംവകുപ്പ് ജനങ്ങളെ അറിയിക്കാതിരുന്നതാണ് മനുഷ്യ ജീവൻ നഷ്ടപ്പെടാനും നിരന്തരം കാട്ടാന ശല്യം രൂക്ഷമാകാനും കാരണം.
വന്യജീവി പ്രതിരോധത്തിനു നടത്തുന്ന പദ്ധതികളിൽ പലതും പ്രഹസനവും അഴിമതിക്കു കളമൊരുക്കുന്നതുമാണ്. ഇതിനുദാഹരണമാണ് കോടികൾ മുടക്കിയ നോർത്ത്, സൗത്ത് വയനാട് ഡിവിഷനിലെ ക്രാഷ് ഗാർഡ് റോപ് വേലി നിർമാണം ഇഴയുന്നത്
വനംവകുപ്പ് മുൻപു വനാതിർത്തിയിൽ സ്ഥാപിച്ച കിടങ്ങ് ക്രാഷ് ഗാർഡ് റോപ് വേലി നിർമാണത്തിന്റെ പേരിൽ തകർത്തതാണ് കഴിഞ്ഞ 4 മാസമായി കൃഷിയിടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകാൻ കാരണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.