ADVERTISEMENT

പാക്കം ∙ ഒരു വയനാടൻ ഗ്രാമത്തിലും ഒരിക്കലുമുണ്ടാകാത്ത വിധത്തിലുള്ള കടുത്ത പ്രതിഷേധത്തിനാണ് ഇന്നലെ പാക്കം സാക്ഷ്യം വഹിച്ചത്. നാടിന് ഏറെ പ്രിയപ്പെട്ട പോളിനെ കാട്ടാന ആക്രമിച്ച വിവരം അറിഞ്ഞത് മുതൽ തന്നെ പ്രദേശത്ത് പ്രതിഷേധം മുളപൊട്ടിയിരുന്നു. വൈകിട്ട് മരണ വാർത്ത പുറത്ത് വന്നതോടെ ദുഃഖവും അമർഷത്തിനും സംഘർഷത്തിനും വഴിമാറി.  നാട്ടുകാർ റോഡ് ഉപരോധവും നടത്തി. ഇന്നലെ രാവിലെ മുതൽ പോളിന്റെ വീടിന് മുന്നിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞു. പുൽപള്ളിയിൽ പ്രതിഷേധത്തിനെത്തിയവർ വരെ തിരികെ പോയി ദാസനക്കര എത്തി മറ്റുവഴികളിലൂടെയാണു യാത്ര തുടർന്നത്. എഡിഎം കെ. ദേവകിയും ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദീഖ് എന്നീ എംഎൽഎമാരും മറ്റ് ജനപ്രതിനിധികളും പുൽപള്ളി പഞ്ചായത്ത് ഓഫിസിൽ ചർച്ച നടത്തുന്നതിനെതിരെയും ജന്മനാട്ടിൽ പ്രതിഷേധം ഉയർന്നു. അപകടം നടന്നത് പാക്കത്താണെന്നും ചർച്ച പാക്കത്തുവച്ചാകാമെന്നുമായിരുന്നു നാട്ടുകാരുടെ നിലപാട്. ഒടുവിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പോളിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് പാക്കത്ത് എത്തി. 

കലക്ടർ രേണുരാജ് നേരിട്ടെത്തി നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. ഒടുവിൽ കനത്ത പൊലീസ് ബന്തവസിൽ എഡിഎം സ്ഥലത്തെത്തി. പോളിന്റെ വീട്ടുമുറ്റത്ത് എത്തി മൈക്കിൽ പുൽപള്ളിയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ വായിച്ചു. ഇത് ഉൾക്കൊള്ളാൻ തയാറായില്ല. ജനക്കൂട്ടം എഡിഎമ്മിനെ കൂക്കിവിളിച്ചു. പൊലീസ് ഏറെ പണിപ്പെട്ടാണ് എഡിഎമ്മിനെ വീട്ടിനുള്ളിലേക്കും പിന്നീട് വാഹനത്തിലേക്കും എത്തിച്ചത്. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു എന്നിവരുടെ സാന്നിധ്യത്തിൽ ബന്ധുക്കളുമായി ചർച്ച നടത്തി. നഷ്ടപരിഹാരമായി 10 ലക്ഷം രൂപ ഉടൻ നൽകുമെന്ന ഉറപ്പിനെ തുടർന്നാണ് പ്രതിഷേധത്തിന് അയവ് വന്നത്.

പുൽപള്ളി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് വികാരി ഫാ. പി.സി. പൗലോസ്, നാരകത്ത്പുത്തൻപുരയിൽ പൗലോസ് കോറെപ്പിസ്കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയിൽ, ശശിമല ഉണ്ണീശോ പള്ളി വികാരി ഫാ. ബിജു മാവറ, പുൽപള്ളി തിരുഹൃദയ ദേവാലയ വികാരി ഫാ. ജോർജ് മൈലാട്ടൂർ, പുൽപള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. എൻ.വൈ. റോയി, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ജോർജ് നെടുന്തള്ളിൽ, ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി, ഫാ. അജു ചാക്കോ അരത്തംമാമൂട്ടിൽ, ഫാ. ബേസിൽ കരിനിലത്ത് എന്നിവർ കാർമികത്വം വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com