ലോക്‌സഭാ തിരഞ്ഞെടുപ്പ്: നിയോജക മണ്ഡലങ്ങളിലെ പ്രവർത്തന പുരോഗതി വിലയിരുത്തി
Mail This Article
കൽപറ്റ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെ യോഗം കലക്ടർ രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്നു. വയനാട് ലോക്സഭ മണ്ഡലത്തിനു കീഴിലെ മാനന്തവാടി, കൽപറ്റ, ബത്തേരി, മലപ്പുറം ജില്ലയിലെ വണ്ടൂർ, ഏറനാട്, നിലമ്പൂർ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. അതതു തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ ബസ് സ്റ്റാൻഡ്, പാർക്ക്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച ബാനറുകൾ, പോസ്റ്ററുകളിൽ ഉൾപ്പെട്ട ജനപ്രതിനിധികളുടെ ചിത്രങ്ങൾ, പേര് എന്നിവ നീക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്നു കലക്ടർ നിർദേശിച്ചു.
പൊതുമരാമത്ത് റോഡുകൾ, കെട്ടിടങ്ങൾ, പെട്രോൾ പമ്പ്, കെഎസ്ഇബി, ബിഎസ്എൻഎൽ എന്നിവടങ്ങളിലെ തൂണുകളിൽ പ്രദർശിപ്പിച്ച പോസ്റ്ററുകളിലെയും ബാനറുകളിലെയും ജനപ്രതിനിധികളുടെ ചിത്രങ്ങൾ, പേര് എന്നിവ മറയ്ക്കണം. ഇതിനായി എംസിസി സ്ക്വാഡിന്റെ പങ്കാളിത്തം ഉറപ്പാക്കാനും കലക്ടർ നിർദേശിച്ചു. മാനന്തവാടി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർ കൂടിയായ സബ് കലക്ടർ മിസാൽ സാഗർ ഭരത്, തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ എൻ.എം മെഹ്റലി, വിവിധ നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാർ, നോഡൽ ഓഫിസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.