ADVERTISEMENT

പനമരം∙ സൗത്ത് വയനാട് ഡിവിഷനു കീഴിൽ വർഷങ്ങൾക്ക് മുൻപ് കോടികൾ അനുവദിച്ച് കരാർ നൽകിയ ക്രാഷ് ഗാർഡ് റോപ് വേലിയുടെ നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. സൗത്ത് വയനാട് ഡിവിഷനു കീഴിലെ 11.22 കിലോമീറ്ററോളം ദൈർഘ്യമുള്ള ക്രാഷ് ഗാർഡ് റോപ് വേലിയുടെ പണിയാണ് ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ പണി ആരംഭിച്ചെങ്കിലും ഇഴഞ്ഞു നീങ്ങുകയും പിന്നീട് പൂർണമായും നിലച്ച അവസ്ഥയിലുമായി.

അന്ന് ലൈൻ പോകുന്ന സ്ഥലത്തെ കാടുകൾ നീക്കുക മാത്രമാണുണ്ടായത്. ചില സ്ഥലങ്ങളിൽ നിലവിലുള്ള കിടങ്ങുകൾ വാഹനം പോകുന്നതിനായി നികത്തിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതുവഴിയാണ് വനത്തിൽ നിന്ന് കാട്ടാനക്കൂട്ടം ഇറങ്ങുന്നതെന്ന് ആരോപണമുയർന്നിരുന്നു. അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഖ്ന ചാലിഗദ്ദയിൽ എത്തിയതും പ്രതിരോധ സംവിധാനങ്ങൾ തകർന്നു കിടക്കുന്ന ഈവഴിയിലൂടെയാണെന്നും പറയുന്നു.

വേലിയുടെ നിർമാണം ആദ്യ കരാറിൽ പറഞ്ഞ സമയത്ത് തീർത്തിരുന്നുവെങ്കിൽദാരുണസംഭവം ഒഴിവാക്കാമായിരുന്നെന്നും നാട്ടുകാർ കുറ്റപ്പെടുത്തിയിരുന്നു.  ദാസനക്കര മുതൽ വനാതിർത്തിയിൽ കുഴികൾ എടുത്ത് ക്രാഷ്ഗാർഡുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിന്റെ പണികളാണ് ഇപ്പോൾ നടക്കുന്നത്. ക്രാഷ്ഗാർഡുകൾ പൂർണമായും ഉറപ്പിച്ച ശേഷം ഗാൽവനൈസ്ഡ് സ്റ്റീൽ കമ്പികൾ ഉപയോഗിച്ചുള്ള ഇരുമ്പു കയറുകൾ ബന്ധിപ്പിക്കുന്നതോടെ കാട്ടാനശല്യം കുറയുമെന്ന വിശ്വാസത്തിലാണ് നാട്ടുകാർ.

നോർത്ത് ഡിവിഷനു കീഴിലെ കൂടൽക്കടവ് മുതൽ പാൽവെളിച്ചം വരെയുള്ള 4.650 കിലോമീറ്റർ ദൂരത്തിൽ 3.60 കോടി രൂപ മുടക്കി ആരംഭിച്ച പ്രവൃത്തിയിൽ ഇതിനോടകം ഇരുമ്പു തൂണുകൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചെങ്കിലും സ്റ്റീൽ കമ്പികൾ വലിച്ചു തുടങ്ങിയിട്ടില്ല. അടുത്തദിവസം തന്നെ പ്രവൃത്തികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com