തവിഞ്ഞാൽ പഞ്ചായത്തിൽ വന്യമൃഗശല്യം രൂക്ഷം
Mail This Article
മാനന്തവാടി ∙ തവിഞ്ഞാൽ പഞ്ചായത്തിലെ വനാതിർത്തി ഗ്രാമങ്ങളിൽ കാട്ടുപോത്തിന്റെ ശല്യം ഏറുന്നു. വള്ളിയൂർക്കാവ് ഉത്സവത്തിന്റെ വാർത്ത ചെയ്ത ശേഷം ഇരുചക്ര വാഹനത്തിൽ മടങ്ങുന്നതിനിടെ 3 കാട്ടുപോത്തുകൾക്കു മുന്നിൽ പെട്ട മാനന്തവാടി പ്രസ് ക്ലബ് പ്രസിഡന്റ് അരുൺ വിൻസെന്റ് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
കൊളങ്ങോട് ട്രാൻഫർ എസ്റ്റേറ്റ് കവല റോഡിലാണ് സംഭവം. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. രാത്രിയിൽ പട്രോളിങ് ശക്തമാക്കുമെന്നും പ്രദേശത്ത് കൂടുതൽ വനപാലകരെ നിയമിക്കുമെന്നും വനപാലകർ പറഞ്ഞു. മുല്ലപ്പറമ്പിൽ വിൻസെന്റിന്റെ 2 ഏക്കറോളം തീറ്റപ്പുൽക്കൃഷിയും കാട്ടുപോത്തുകൾ നശിപ്പിച്ചു.
പേരിയ ചപ്പാരം, ഐനിക്കൽ, ഇരുമനത്തൂർ, വട്ടോളി പ്രദേശങ്ങളിലാണ് കാട്ടുപോത്തുശല്യം ഏറെ. കാട്ടാന, കാട്ടുപന്നി, മാൻ എന്നിവയെല്ലാം കൃഷി നശിപ്പിക്കുന്നുണ്ട്. തലപ്പുഴ പൊയിലിൽ കാട്ടാന വാഴ, കമുക്, നെല്ല്, തെങ്ങ്, കപ്പ എന്നിവ നശിപ്പിച്ചു. തൊളാലപുത്തൻപുര ജയിംസ്, മാരക്കപ്പള്ളി ജോയൽ, മാരക്കപ്പള്ളി ജോളി, മാരക്കപ്പള്ളി അന്നക്കുട്ടി, കപ്പലുമാക്കൽ ജയിംസ് എന്നിവരുടെ കൃഷികളാണ് നശിച്ചത്.