ADVERTISEMENT

കൽപറ്റ ∙ വയനാട് ബൂത്തിലെത്താൻ ഇനി 11 ദിവസം മാത്രം. നേരത്തെ മണ്ഡലത്തിലെത്തി വോട്ടഭ്യർഥിച്ചു തുടങ്ങിയ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയ്ക്കു തന്നെയാണ് ഇപ്പോഴും പ്രചാരണരംഗത്തു മേൽക്കൈ. ദേശീയ നേതാവിന്റെ തിരക്കുകളുള്ളതിനാൽ മണ്ഡലത്തിൽ നേരിട്ട് സജീവമാകാൻ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കു സാധിക്കില്ലെങ്കിലും അടിത്തട്ടുവരെ വോട്ടുറപ്പിക്കൽ സജീവം. ഏറെ വൈകിയാണു സ്ഥാനാർഥി പ്രഖ്യാപനമുണ്ടായതെങ്കിലും പ്രചാരണരംഗത്തു പിന്നോട്ടടിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സ്ഥാനാർഥി കെ. സുരേന്ദ്രൻ. ചൂട് ഓരോ ദിവസവും കൂടി വരുന്നതിനാൽ വൻ പൊതുയോഗങ്ങൾ പരമാവധി ഒഴിവാക്കി കുടുംബസംഗമങ്ങളിലാണു സ്ഥാനാർഥികൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ക്വാഡ് പ്രവർത്തനവും സജീവം.

അവസാനലാപ്പിൽ വൻ പരിപാടികൾ
പ്രചാരണം അവസാന ലാപ്പിലേക്കു കടക്കുമ്പോൾ, വരുംദിവസങ്ങളിൽ മണ്ഡലത്തിലുടനീളം വലിയ പരിപാടികൾക്കാണ് 3 മുന്നണികളും തയാറെടുക്കുന്നത്. 15ന് രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ബത്തേരി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ റോഡ് ഷോയും പുൽപള്ളിയിൽ കർഷക സംഗമവുടക്കം വമ്പൻ പരിപാടികളാണ് നടത്തുകയെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. 

കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ 18നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 20നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി 22നും മണ്ഡലത്തിലെത്തും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പങ്കെടുക്കുന്ന റാലിയും പ്രതീക്ഷിക്കുന്നു. 16ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജയുടെ പ്രചാരണപരിപാടിയിൽ പങ്കെടുക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും എത്തും. കൽപറ്റയിൽ വൻ റോഡ് ഷോയ്ക്കാണ് ഇടതുമുന്നണി തയാറെടുക്കുന്നത്. കെ. സുരേന്ദ്രന്റെ നാമനിർദേശ പത്രിക സമർപ്പണത്തിന് സ്മൃതി ഇറാനി എത്തിയിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ദേശീയ നേതാക്കൾ എത്തുമെന്ന് എൻഡിഎ നേതൃത്വം വ്യക്തമാക്കി.

തീപാറിച്ച് പ്രചാരണ വിഷയങ്ങൾ
രാജ്യമാകെ ശ്രദ്ധിക്കുന്ന പോരാട്ടമാണ് ഇക്കുറിയും വയനാട്ടിലേത്. 3 സ്ഥാനാർഥികളും പ്രമുഖർ. രാജ്യത്ത് കോൺഗ്രസിന്റെ ഏറ്റവും ജനകീയനായ നേതാവായ രാഹുൽ ഗാന്ധി വീണ്ടും യുഡിഎഫിനായി മത്സരിക്കാനെത്തിയപ്പോൾ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൻ ജനറൽ സെക്രട്ടറിയുമായ ആനി രാജയാണ് എൽഡിഎഫ് സ്ഥാനാർഥി. 

ഇക്കുറി മത്സരിക്കാനില്ലെന്ന് ആദ്യം നിലപാടെടുത്ത ബിജെപി, സംസ്ഥാന പ്രസിഡന്റിനെ തന്നെ എൻഡിഎ വയനാട്ടിൽ ഇറക്കിയതും മറുവശത്ത് രാഹുൽ ഗാന്ധി ആയതിനാലാണ്. പ്രചാരണരംഗത്ത് ദേശീയ നേതാക്കൾ ഏറ്റവുമധികം പരിപാടികളിൽ പങ്കെടുക്കുന്നതും വയനാട്ടിലായിരിക്കും. 3 സ്ഥാനാർഥികളുടെയും വലിയ പ്രചാരണപരിപാടികൾ നടക്കുമ്പോൾ കേരളത്തിലെ മറ്റൊരു മണ്ഡലത്തിലുമില്ലാത്ത വിധം ദേശീയ മാധ്യമങ്ങൾ വയനാട്ടിലെത്തുന്നു. നാമനിർദേശപത്രിക നൽകാൻ രാഹുൽ ഗാന്ധി വന്നതിന്റെ തലേദിവസം കൽപറ്റയിലെ‍ ഹോട്ടൽ മുറികളെല്ലാം നേതാക്കളും ഉത്തരേന്ത്യയിൽനിന്നുള്ള മാധ്യമപ്രവർത്തകരും നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.

വയനാട്ടിലെ ഓരോ രാഷ്ട്രീയവിവാദവും ഉത്തരേന്ത്യയിലും പൊള്ളുന്ന വിഷയങ്ങളാകുന്നു. വന്യമൃഗശല്യം, യാത്രാക്ലേശം, ചികിത്സാ സൗകര്യങ്ങളിലെ അപര്യാപ്തത, വരൾച്ച, കാർഷിക പ്രതിസന്ധി തുടങ്ങിയ ജനകീയ വിഷയങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം, ബത്തേരിയുടെ പേരുമാറ്റുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയോടെ ഭിന്നിപ്പിന്റെ തലത്തിലേക്കുയർന്നു. 

അതിനിടെ, രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസും മുസ്‌ലിം ലീഗും കൊടികൾ ഒഴിവാക്കിയതും പ്രചാരണവിഷയമായി. പൗരത്വ നിയമഭേദഗതിയും വയനാട്ടിലെ രാഷ്ട്രീയ പൊതുയോഗങ്ങളിൽ ചർച്ചയാകുന്നു. 16നു നടക്കുന്ന എൽഡിഎഫ് റോഡ് ഷോയിൽ‍ എല്ലാ ഘടക കക്ഷികളുടെയും കൊടികൾ ഉണ്ടാകുമെന്ന് നേതൃത്വം എടുത്തു പറയുന്നതു യുഡിഎഫിനുള്ള മറുപടിയായി കൂടിയാണ്.

വിട്ടുകൊടുക്കാതെ  ഉശിരൻ പോര്
രാഹുലിന്റെ ഭൂരിപക്ഷം 5 ലക്ഷമാക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. പുതുതായി ഒരുലക്ഷം വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും അതിൽ ബഹുഭൂരിപക്ഷം പേരും രാഹുലിനു വോട്ട് ചെയ്യുമെന്നും നേതാക്കൾ പറയുന്നു. എംപിയെന്ന നിലയിലുള്ള രാഹുൽ ഗാന്ധിയുടെ പ്രകടനത്തിൽ വോട്ടർമാർ നിരാശരാണെന്നും കരുത്തയായ വനിതാ നേതാവ് എന്ന പ്രതിഛായയുള്ള ആനി രാജ രാഹുലിനു വലിയ വെല്ലുവിളിയാകുമെന്നുമുള്ള ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ക്യാംപ്. സംസ്ഥാന പ്രസിഡന്റിനെ തന്നെ സ്ഥാനാർഥിയാക്കി സംഘടനാ സംവിധാനത്തിലെ പാളിച്ചകൾ മറികടന്നു പരമാവധി വോട്ടുകൾ നേടാനുള്ള ശ്രമത്തിലാണ് എൻഡിഎ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com