ADVERTISEMENT

അമ്പലവയൽ ∙ വരൾച്ച ലഘൂകരണ പദ്ധതിയുടെ ഭാഗമായി കബനി നദിയിലേക്കു കാരാപ്പുഴ ഡാമിൽനിന്നു വെള്ളം തുറന്നുവിട്ടു. നാളെ രാത്രിയോടെ പുൽപള്ളി, മുള്ളൻകൊല്ലി പ്രദേശത്തെ വരൾച്ച മേഖലകളിലെത്തും. ഇന്നലെ രാവിലെ എട്ടോടെ തുറന്നുവിട്ട വെള്ളം രാത്രിയോടെ വരദൂർ പിന്നിട്ടു. വെള്ളം കടന്നുപോകുന്നതിന്റെ ഇടയിലെ കുഴികൾ, തടയണകൾ എന്നിവയെല്ലാം കടന്നുവേണം പുൽപള്ളി, മുള്ളൻകൊല്ലി മേഖലയിൽ എത്താൻ. ചരിത്രത്തിലാദ്യമായാണു കർണാടക അതിർത്തിയിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്കു കാരാപ്പുഴയിൽ നിന്നു വെള്ളമൊഴുക്കുന്നത്. കാരാപ്പുഴ ഡാമിന്റെ ജലനിരപ്പ് വരുംദിവസങ്ങളിൽ പരിശോധന നടത്തിയ ശേഷമാകും കൂടുതൽ വെള്ളം ഒഴുക്കുക. 

കബനി നദിയിലേക്ക് എത്തിക്കുന്നതിനായി കാരാപ്പുഴ ഡാമിൽ നിന്നു വെള്ളം ഒഴുക്കാൻ തുടങ്ങിയപ്പോൾ.
കബനി നദിയിലേക്ക് എത്തിക്കുന്നതിനായി കാരാപ്പുഴ ഡാമിൽ നിന്നു വെള്ളം ഒഴുക്കാൻ തുടങ്ങിയപ്പോൾ.

വരൾച്ച മേഖലയിൽ വെള്ളം എത്തിക്കുന്നതിലൂടെ കാരാപ്പുഴ ഡാമിന്റെ പ്രധാന ലക്ഷ്യങ്ങളിലെന്നാണു നടപ്പാകുന്നതെന്ന് അധികൃതർ പറഞ്ഞു. 60 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണു കബനി നദിയിലേക്ക് കാരാപ്പുഴയിൽ നിന്നു വെള്ളം എത്തുക. ആദ്യമായിട്ടാണു കാരാപ്പുഴയിൽ ഇത്രയും ദൂരത്തേക്കു കുടിവെള്ള ആവശ്യത്തിനായി വെള്ളമെത്തിക്കുന്നത്. കാരാപ്പുഴ ഡാമിലെ പമ്പ് സെറ്റുകളിൽ നഗരസഭകളും വിവിധ പഞ്ചായത്തുകളും വെള്ളം കെ‌ാണ്ടുപോകുന്നുണ്ടെങ്കിലും ഇത്രയും ദൂരം വെള്ളം ഒഴുക്കി ക‍െ‍ാണ്ടുപോകുന്നത് ഇതാദ്യമായാണ്. ഇന്നലെ രാവിലെ വെള്ളം തുറന്നതോടെ ഡാമിനു മുൻപിലുള്ള പുഴ നിറഞ്ഞാണു വെള്ളം ഒഴുകുന്നത്. 

ദിവസേന 5 ക്യുമെക്സ് വെള്ളമാണ് ഒഴുക്കുക. നിലവിൽ കാരാപ്പുഴ റിസർവോയറിന്റെ ഷട്ടറിനു താഴെയാണു ജലനിരപ്പെന്നതിനാൽ ഷട്ടർ തുറക്കാതെയുള്ള പാത്ത്‌വേയിലൂടെയാണു വെള്ളം തുറന്നുവിടുന്നത്. തുടർന്നു മുന്നോട്ടൊഴുകുന്ന ജലം നാളെ കൂടൽക്കടവ് ചെക്ഡാമിൽ നിയന്ത്രിക്കും. അവിടെനിന്നു കാരാപ്പുഴയിലെ ജലനിരപ്പും വിലയിരുത്തി അൽപാൽപമായി വെള്ളം തുറന്നുവിടും. കാരാപ്പുഴ വെള്ളം സംഭരിക്കാൻ മരക്കടവിൽ തടയണ പണിതിട്ടുണ്ട്.  കബനിപ്പുഴ വരണ്ടതോടെയാണു പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ വരൾച്ച അതിരൂക്ഷമായത്. ഒരാഴ്ചയായി ശുദ്ധജല പദ്ധതികളുടെ പമ്പിങ്ങും നിലച്ചു. കാരാപ്പുഴയിൽ നിന്നൊഴുക്കുന്ന വെള്ളം ദുരുപയോഗം ചെയ്താൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com