ADVERTISEMENT

കൽപറ്റ ∙ പോളിങ് ബൂത്തിലെത്താൻ ഒരുദിവസം മാത്രം ശേഷിക്കെ ജനാധിപത്യ ഉത്സവത്തിന്റെ ആവേശം നിറച്ച് കലാശക്കൊട്ട്. കൽപറ്റ ടൗണിൽ നടന്ന കലാശപ്പോരിൽ 3 മുന്നണികളുടെയും പ്രവർത്തകർ അത്യാഹ്ലാദത്തോടെ അണിനിരന്നു. പുതിയ ബസ് സ്റ്റാൻഡ് പരിസരം കേന്ദ്രീകരിച്ചായിരുന്നു യുഡിഎഫ് പ്രവർത്തകരുടെ കലാശക്കൊട്ട്. രാഹുൽ ഗാന്ധിയുടെ ചിത്രം പതിച്ച ടി ഷർട്ടുകൾ ധരിച്ചും പ്ലക്കാർഡുകളും വർണബലൂണുകളും ഏന്തിയും പ്രവർത്തകർ എത്തി. 

ബത്തേരി ടൗണിൽ യുഡിഎഫ് നടത്തിയ കലാശക്കൊട്ട്
ബത്തേരി ടൗണിൽ യുഡിഎഫ് നടത്തിയ കലാശക്കൊട്ട്

കോൺഗ്രസിന്റെ ത്രിവർണപതാകയും മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയും ഇല്ലാതെയാണ് യുഡിഎഫ് കലാശക്കൊട്ടിനു പ്രവർത്തകർ അണിനിരന്നത്. എന്നാൽ, വയനാട്ടിൽ രാഹുൽ ഗാന്ധിക്കു പിന്തുണ പ്രഖ്യാപിച്ച ഡിഎംകെ പ്രവർത്തകർ കറുപ്പും ചുവപ്പും ആലേഖനം ചെയ്ത പാർട്ടി പതാകയുമായെത്തി. സ്ത്രീകളുടെ നല്ല പങ്കാളിത്തവും യുഡിഎഫ് പ്രചാരണസമാപനത്തിനു കൊഴുപ്പേകി. ടി.സിദ്ദിഖ് എംഎൽഎ, പി.പി.ആലി, ടി.ജെ.ഐസക്, റസാഖ് കൽപറ്റ തുടങ്ങിയവർ നേതൃത്വം നൽകി.

ചുങ്കം ജംക്‌ഷൻ കേന്ദ്രീകരിച്ചായിരുന്നു എൽഡിഎഫ് കലാശക്കൊട്ട്. സ്ഥാനാർഥി ആനി രാജയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയും പ്രചാരണസമാപനത്തിനെത്തിയപ്പോൾ അണികളുടെ ആവേശം വാനോളമുയർന്നു. മാനന്തവാടി, ബത്തേരി, കൽപറ്റ മണ്ഡലങ്ങളിലൂടെ റോഡ് ഷോയായി വൈകിട്ട് 4 മണിയോടെയാണ് ആനി രാജ കൽപറ്റയിലെത്തിയത്. ആനി രാജയുടെ കട്ടൗട്ടുകളും എല്ലാ ഘടകകക്ഷികളുടെയും കൊടികളും എൽഡിഎഫ് കൊട്ടിക്കലാശത്തിനു നിറപ്പകിട്ടു ചാർത്തി.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ബത്തേരിയിൽ കലാശക്കൊട്ടിനായി നീങ്ങുന്ന 
എൽഡിഎഫ് പ്രകടനം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം കുറിച്ച് ബത്തേരിയിൽ കലാശക്കൊട്ടിനായി നീങ്ങുന്ന എൽഡിഎഫ് പ്രകടനം.

എഐവൈഎഫ് നേതാവും സ്ഥാനാർഥി ആനി രാജയുടെ മകളുമായ അപരാജിത വാഹനത്തിനു മുകളിൽ കയറി മുദ്രാവാക്യം വിളിച്ചത് പ്രവർത്തകരുടെ ആവേശം ഇരട്ടിയാക്കി.  ഒ.ആർ.കേളു എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ, സിപിഎം സംസ്ഥാന സമിതിയംഗം സി.കെ.ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു, പി.സന്തോഷ്കുമാർ, സിനിമാതാരം ഗായത്രി വർഷ തുടങ്ങിയവർ നേതൃത്വം നൽകി. 

ബത്തേരി ടൗണിൽ എൻഡിഎ നടത്തിയ കലാശക്കൊട്ട്
ബത്തേരി ടൗണിൽ എൻഡിഎ നടത്തിയ കലാശക്കൊട്ട്

അനന്തവീര ബസ് സ്റ്റോപ്പിനു മുന്നിലായിരുന്നു എൻഡിഎയുടെ കലാശക്കൊട്ട്. സ്ഥാനാർഥി കെ.സുരേന്ദ്രൻ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനൊപ്പം ക്രെയിനിൽ കയറി പ്രവർത്തകരെ ഏറെനേരം അഭിവാദ്യം ചെയ്തു. പ്രചാരണം അവസാനിക്കാറായപ്പോൾ സ്ഥാനാർഥിയെ ചുമലിലേറ്റി ബിജെപി പ്രവർത്തകർ നീങ്ങി. പുഷ്പവൃഷ്ടിയും ഡിജെയും എൻഡിഎ കലാശക്കൊട്ടിൽ ആവേശം നിറച്ചു. ടി.പി. ജയചന്ദ്രൻ, സന്ദീപ് ജി. വാരിയർ, സജിശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി. 

കൽപറ്റ ഡിവൈഎസ്പി ടി.എൻ. സജീവിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് സന്നാഹമാണ് 3 മുന്നണികളും നേരത്തെ നിശ്ചയിച്ച സ്ഥലത്തുതന്നെ പ്രചാരണം സമാപിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ എത്തിയത്. നിയോജകമണ്ഡലം കേന്ദ്രങ്ങളായ ബത്തേരിയിലും മാനന്തവാടിയിലും കലാശക്കൊട്ട് നടന്നു. ബത്തേരിയിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസിന്റെ നിർദേശ പ്രകാരം തമ്മിൽ കൂട്ടിമുട്ടാതെ മൂന്നിടങ്ങളിലായാണ് മുന്നണികൾ തമ്പടിച്ചത്. പ്രകടനമായെത്തിയ എൽഡിഎഫ് പ്രവർത്തകർ അസംപ്ഷൻ ജംക്‌ഷനിലും യുഡിഎഫ് ട്രാഫിക് ജംക്‌ഷനിലും ബിജെപി ചുങ്കത്തും ഒത്തുകൂടി. 

വൈകിട്ട് 3 മുതൽ തന്നെ ചെറു പ്രകടനങ്ങൾ ടൗണിലെത്തിയിരുന്നു. സാധാരണ കാണാറുള്ളതു പോലെ പ്രവർത്തകരുടെ വൻതോതിലുള്ള സാന്നിധ്യം  പ്രകടമായില്ല.മാനന്തവാടിയിൽ പതിവു പോലെ ഗാന്ധിപാർക്ക് കേന്ദ്രീകരിച്ചായിരുന്നു ഇത്തവണയും കലാശക്കൊട്ട്. എൻഡിഎ, എൽഡിഎഫ് സ്ഥാനാർഥികൾ നഗരത്തിൽ നേരത്തെ റോഡ് ഷോ നടത്തി. 

വൈകിട്ട് നാലോടെ യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ ഗാന്ധി പാർക്കിലെത്തിത്തുടങ്ങി. ആവേശത്തിനിടയിൽ ഇരു വിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഇരു വിഭാഗം പ്രവർത്തകരും കൊടികൾ പാറിച്ചതിനെ തുടർന്നായിരുന്നു വാക്കേറ്റങ്ങളുടെ തുടക്കം. മുതിർന്ന നേതാക്കളും പൊലീസും ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത് വൻ പൊലീസ് സംഘം ടൗണിൽ നിലയുറപ്പിച്ചിരുന്നു. ഏറെ നേരം ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com