ADVERTISEMENT

പുൽപള്ളി ∙ പട്ടാണിക്കൂപ്പിലെ ബൂത്തിൽ വോട്ടർമാരെ വാഹനത്തിൽ എത്തിച്ചതിന്റെ പേരിലുണ്ടായ തർക്കം ഉന്തിലും തള്ളിലുമെത്തി. വൈകിട്ടു നാലോടെയാണു യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിൽ ബഹളമുണ്ടായത്. കുടിയാൻമല ഭാഗത്തുനിന്ന് നാലാം നമ്പർ ബൂത്തിലേക്ക് വാഹനത്തിൽ കൊണ്ടുവന്ന പ്രവർത്തകരെ എൽഡിഎഫുകാർ തടഞ്ഞതാണു തർക്കത്തിന് കാരണം. പൊലീസെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.

വെള്ളമുണ്ട ഹയർ സെക്കൻഡറി ബൂത്തിൽ വോട്ട് ചെയ്ത് തിരിച്ചെത്തിയ കുറ്റിപ്പറവൻ പാത്തു ചൂണ്ടുവിരൽ ഉയർത്തി കാണിക്കുന്നു.
വെള്ളമുണ്ട ഹയർ സെക്കൻഡറി ബൂത്തിൽ വോട്ട് ചെയ്ത് തിരിച്ചെത്തിയ കുറ്റിപ്പറവൻ പാത്തു ചൂണ്ടുവിരൽ ഉയർത്തി കാണിക്കുന്നു.

ചീയമ്പം നിവാസികൾ ഇരുളത്ത് വോട്ട് ചെയ്തു 
പുൽപള്ളി ∙ വോട്ടുചെയ്യാൻ ബൂത്ത് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച വനമധ്യത്തിലെ ചീയമ്പം ഗോത്രസങ്കേതം നിവാസികൾ വോട്ടുചെയ്യാൻ ഇരുളത്തെത്തി. രാവിലെ 6 മുതൽ കോളനികളിൽ നിന്നു വാഹനങ്ങളിലാണിവർ കൂട്ടമായെത്തിയത്. ഇരുളം സ്കൂളിലെ 72ാം ബൂത്തിൽ ഇടമുറിയാത്ത വിധം പോളിങ് നടന്നു. ഇവരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് മുന്നണികൾ വാഹനങ്ങൾ ഏർപ്പാടാക്കി. രാവിലെതന്നെ ഇവരെ ബൂത്തിലെത്തിച്ച് വോട്ടു ചെയ്യിക്കാനും മത്സരമായിരുന്നു.

എൽഡിഎഫ് സ്ഥാനാർഥി ആനിരാജ കൽപറ്റ എസ്കെഎംജെ സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോൾ. ചിത്രം: മനോരമ
എൽഡിഎഫ് സ്ഥാനാർഥി ആനിരാജ കൽപറ്റ എസ്കെഎംജെ സ്കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോൾ. ചിത്രം: മനോരമ

പകൽച്ചൂട് ഉയർന്നു; അതിർത്തിയിൽ പോളിങ് കുറഞ്ഞു
പുൽപള്ളി ∙ കർണാടക അതിർത്തിയിലെ ബൂത്തുകളിൽ പകൽ വെയിൽ കനത്തതോടെ പോളിങ് തണുത്തു. ജോലിക്കും മറ്റും പോകേണ്ടവർ കാലത്തു തന്നെ വോട്ടു ചെയ്തു. 10 മുതൽ വൈകിട്ടു വരെ അസഹ്യമായ ചൂടായിരുന്നു. വൈകിട്ടു നാലിനു ശേഷമാണു ബൂത്തുകളിൽ തിരക്കേറിയത്. ചേകാടിയിലെ 24ാം ബൂത്തിൽ വൈകിട്ടു 6നു ശേഷവും സമ്മതിദായകരുടെ നിരയുണ്ടായിരുന്നു.  പാടിച്ചിറ, സീതാമൗണ്ട്,ആലത്തൂർ, പുൽപള്ളി വിജയാ സ്കൂൾ എന്നിവിടങ്ങളിൽ രാവിലെ നല്ല തിരക്കായിരുന്നു. ചിലയിടങ്ങളിൽ ഉച്ചയോടെ 50 ശതമാനം പേർ വോട്ടുചെയ്തു.

വടുവൻചാൽ ചിത്രഗിരി എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോയ കുടുംബാംഗത്തിന്റെ കൈക്കുഞ്ഞുമായി ഒ‍ാട്ടോയിൽ കാത്തിരിക്കുന്നയാൾ. ചിത്രം: മനോരമ
വടുവൻചാൽ ചിത്രഗിരി എൽപി സ്കൂളിൽ വോട്ട് ചെയ്യാൻ ബൂത്തിലേക്ക് പോയ കുടുംബാംഗത്തിന്റെ കൈക്കുഞ്ഞുമായി ഒ‍ാട്ടോയിൽ കാത്തിരിക്കുന്നയാൾ. ചിത്രം: മനോരമ

ആശ്വാസത്തിന്റെ തിരഞ്ഞെടുപ്പ്
വടുവൻചാൽ ∙ കഴിഞ്ഞ തവണ വോട്ട് ചെയ്യാൻ നടന്നത് 14 കിലോ മീറ്റർ, ഇത്തവണ എത്തിയത് വാഹനത്തിൽ. വനഗ്രാമമായ പരപ്പൻപാറ ആദിവാസി കോളനിയിലുള്ളവർ വടുവൻചാൽ കാടാശേരിയിലേക്ക് മാറിതാമസിച്ചതോടെ ഇത്തവണ കിലോമീറ്ററുകൾ താണ്ടാതെ വോട്ട് രേഖപ്പെടുത്താനായി. കഴിഞ്ഞ തവണ 7 കിലോമീറ്റർ വനത്തിലൂടെ നടന്നെത്തിയാണു പരപ്പൻപാറക്കാർ വോട്ട് ചെയ്തത്. പ്രളയക്കെടുതിയും താമസസ്ഥലത്തെ വനൃമൃഗശല്യവും കണക്കിലെടുത്ത് അധികൃതർ ഇവരെ വനത്തിന് പുറത്തേക്കെത്തിച്ചു. കാടാശേരിയിലെ താമസക്കാരായ സോമൻ, ഭാര്യ സുനിത, സീത, അമ്മിണി, മാധവി എന്നിവർ കുട്ടികളോടൊപ്പം ചിത്രഗിരി എൽപി സ്കൂളിൽ 12 മണിയോടെ എത്തി വോട്ട് ചെയ്ത് മടങ്ങി. പ്രദേശവാസികളായ പെ‍ാതുപ്രവർത്തകർ ഒരുക്കിയ വാഹനത്തിലാണ് ഇവർ എത്തിയതും താമസ സ്ഥലത്തേക്ക് മടങ്ങിയതും.

കല്ലൂർ രാജിവ് ഗാന്ധി ആശ്രമം സ്കൂളിലെ പോളിങ് ബൂത്തിൽ വനിതാ വോട്ടർമാരുടെ തിരക്ക്
കല്ലൂർ രാജിവ് ഗാന്ധി ആശ്രമം സ്കൂളിലെ പോളിങ് ബൂത്തിൽ വനിതാ വോട്ടർമാരുടെ തിരക്ക്

കഴിഞ്ഞ മാസം പരപ്പൻപാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മരിച്ച മിനിയുടെ ഭർത്താവ് സുരേഷിന്റെ സഹോദരി മാധവിയും വോട്ട് ചെയ്യാനെത്തി. പരപ്പൻപാറയിൽ നിന്ന് താമസം മാറ്റാത്ത കുടുംബമായിരുന്നു സുരേഷിന്റേത്. അതിനിടെയാണ് സുരേഷിനും ഭാര്യ മിനിക്കും നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. മിനി സംഭവ സ്ഥലത്ത് മരിച്ചു. സുരേഷ് ഇപ്പോഴും മഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. മാധവിയുടെ മറ്റെ‍ാരു സഹോദരൻ വനത്തിൽ തേൻ ശേഖരിക്കുന്നതിനിടെ വീണു മരിച്ചിരുന്നു. കാടാശേരിയിൽ വാസയോഗ്യമായ വീടില്ലെങ്കിലും വനൃമൃഗങ്ങളെ പേടിക്കാതെ ജീവിക്കാമെന്നും ആശുപത്രിയിലടക്കം വേഗത്തിൽ പോകാൻ സൗകര്യമാണെന്നും ഇവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് ചൂടിന്റെ ആവേശം
നെന്മേനിക്കുന്ന് ∙ പുറത്ത് കത്തുന്ന വെയിലാണ്. എങ്കിലും നെന്മേനിക്കുന്ന് ശ്രീജയ എഎൽപി സ്‌കൂളിലെ പോളിങ് ബൂത്തിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിര. വെയിലേറ്റ് വാടുന്നതിനു മുൻപു വോട്ട് ചെയ്ത് മടങ്ങണമെന്ന് കരുതി കൈക്കുഞ്ഞുമായി എത്തിയവർ വരിയിൽ ഊഴം കാത്തുനിൽക്കുന്നു. ആദിവാസികളും കർഷകരും കുടിയേറ്റ കർഷകരും കർഷകത്തൊഴിലാളികളുമാണു വോട്ടർമാരിൽ ഏറെയും.പ്രായം 80 കഴിഞ്ഞെങ്കിലും ബൂത്തിലെത്തി വോട്ട് ചെയ്തതിന്റെ സന്തോഷത്തിലാണ് പൊതുപ്രവർത്തകൻ കൂടിയായ ഫാ.പി.എം.കുര്യാക്കോസ്. ഭാര്യ ലീലയ്ക്കും മകനുമൊപ്പമാണ് വോട്ടു ചെയ്യാനെത്തിയത്. വെയിലിനു ചൂടേറിയതോടെ കുട ചൂടി വോട്ടർമാർ ബൂത്തിലേക്ക് പോകുന്ന കാഴ്ചകളായിരുന്നു എങ്ങും. അതിർത്തി ഗ്രാമങ്ങളിൽ തൊഴിലാളികൾ അടക്കം കൂട്ടത്തോടെ എത്തി വോട്ട് രേഖപ്പെടുത്തി മടങ്ങി.

ആഗ്രഹം നിറവേറ്റി കുറ്റിപ്പറവൻ പാത്തു
വെള്ളമുണ്ട∙ ബൂത്തിൽ വോട്ട് ചെയ്യണമെന്ന 90 വയസ്സുള്ള കുറ്റിപ്പറവൻ പാത്തുവിന്റെ ആഗ്രഹം സന്തോഷത്തോടെ മക്കൾ ഏറ്റെടുത്തു. കാറിൽ ചക്രക്കസേരയിൽ ഇരുത്തി വെള്ളമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ 128ാം നമ്പർ ബൂത്തിൽ എത്തിച്ച് ഉമ്മയുടെ ആഗ്രഹം മക്കൾ നിറവേറ്റി. പ്രായത്തിന്റെ അവശതകൾ ഏറെയുണ്ടെങ്കിലും വോട്ടെടുപ്പ് ദിവസം അതെല്ലാം മറന്ന് ഏറെ ആവേശത്തിലായിരുന്നു ഇവർ. ഇതുവരെ ഒരു വോട്ടും ഇവർ ചെയ്യാതിരുന്നിട്ടില്ല.

പഴുപ്പത്തരിൽ സമയം കഴിഞ്ഞും നൂറിലധികം വോട്ടർമാർ
ബത്തേരി∙ വോട്ടെടുപ്പ് സമയം വൈകിട്ട് 6ന് അവസാനിക്കുമ്പോഴും പഴുപ്പത്തൂരിലെ ഗവ. എൽപി സ്കൂൾ ബൂത്ത് നമ്പർ 106 ൽ നൂറിലധികം പേർ സമ്മതിദാനം വിനിയോഗിക്കാൻ കാത്തു നിൽപ്പുണ്ടായിരുന്നു. രാവിലെ മുതലുണ്ടായ വോട്ടെടുപ്പിലെ മന്ദഗതിയാണു കാരണം. വോട്ടെടുപ്പ് തീർന്നപ്പോഴേക്കും സമയം 7 കഴിഞ്ഞു. ബൂത്തിൽ ആകെയുള്ള 1350 വോട്ടർമാരിൽ 993 പേരാണ് വോട്ടു ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com