ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത വേണം: ഡിഎംഒ
Mail This Article
കൽപറ്റ ∙ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വൈറൽ ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പുലർത്തണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. പി.ദിനീഷ് അറിയിച്ചു. പടിഞ്ഞാറത്തറ, തരിയോട്, മുട്ടിൽ, മൂപ്പൈനാട്, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതലായി വൈറൽ ഹെപ്പറ്റൈറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണു വൈറൽ ഹെപ്പറ്റൈറ്റിസ്. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയും ആണു പകരുന്നത്.
ഹെപ്പറ്റൈറ്റിസ് രോഗാണുക്കൾ ശരീരത്തിലെത്തി രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതു മറ്റു പല പകർച്ചവ്യാധി രോഗങ്ങളെക്കാൾ കൂടുതൽ ദിവസങ്ങളെടുക്കും. എ, ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 6 മാസം വരെ നീണ്ടേക്കാം.
കൂടുതൽ കണ്ടുവരുന്നതു കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ, ഇ വിഭാഗം ഹെപ്പറ്റൈറ്റിസ് ആണ്. മുതിർന്നവരിൽ പലപ്പോഴും ഈ രോഗം ഗൗരവകരമാകാറുണ്ട്. നിലവിൽ ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദി തുടങ്ങിയവയാണു പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.
പ്രതിരോധ നടപടികൾ
∙ ആഹാരം കഴിക്കുന്നതിനു മുൻപും കഴിച്ചതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക, വീടിന്റെ പരിസരത്തു ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിക്കുക, ഈച്ച ശല്യം ഒഴിവാക്കുക, കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽ നിന്ന് അകലെ ആയിരിക്കണം, പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക, പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക, പഴവർഗങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കുക, കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. ശീതള പാനീയങ്ങൾ തയാറാക്കുന്നവരും വിൽപന നടത്തുന്നവരും വ്യാവസായിക അടിസ്ഥാനത്തിൽ തയാറാക്കുന്ന ഐസ് ഉപയോഗിക്കരുത്.