ADVERTISEMENT

മേപ്പാടി ∙ റിപ്പൺ വാളത്തൂർ ചീരമട്ടത്ത് ക്വാറി പ്രവർത്തനം തുടങ്ങാനുളള നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാക്കി നാട്ടുകാർ. ഇന്നലെ പാറ പൊട്ടിക്കാനുള്ള യന്ത്രങ്ങളുമായി എത്തിയ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. 21നു സമരസമിതിയുടെ നേതൃത്വത്തിൽ മൂപ്പൈനാട് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുമുണ്ട്. 2021 മേയിലാണ് മേഖലയിൽ ക്വാറി തുടങ്ങുന്നതിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ദുരന്തസാധ്യത മേഖലയായി കണ്ടെത്തി ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് ക്വാറിക്കു ലൈസൻസ് അനുവദിച്ചതിനെ തുടർന്ന് നാട്ടുകാർ വർഷങ്ങളായി പ്രതിഷേധത്തിലാണ്. നിലവിലെ ലൈസൻസ് കാലാവധി 26ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ക്വാറിയുടെ പ്രവർത്തനം തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചത്. 

നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ക്വാറിയുടെ ലൈസൻസ് റദ്ദാക്കി 2023 ഏപ്രിൽ 18നു മൂപ്പൈനാട് പഞ്ചായത്ത് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപഴ്സൻ കൂടിയായ കലക്ടർ രേണുരാജ് 2023 മാർച്ച് 30ന് പഞ്ചായത്ത് സെക്രട്ടറിക്കു ഉത്തരവ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന അസിസ്റ്റന്റ് സെക്രട്ടറി 2021 മേയ് 12ന് അനുവദിച്ച ലൈസൻസാണ് റദ്ദാക്കിയത്. കലക്ടറുടെ ഉത്തരവിനെ തുടർന്ന്, ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ 7 ദിവസത്തിനുള്ളിൽ രേഖാമൂലം അറിയിക്കണമെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറി ലൈസൻസ് ഉടമയ്ക്കു നോട്ടിസ് നൽകിയിരുന്നു. ക്വാറിക്കു ലൈസൻസ് നൽകരുതെന്ന് മൂപ്പൈനാട് പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെട്ടിരുന്നു. 

ക്വാറി സ്ഥിതി ചെയ്യുന്ന 2 വാർഡുകളിലെ പ്രത്യേക ഗ്രാമസഭകൾ ക്വാറിക്ക് ലൈസൻസ് നൽകരുതെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയതാണ്. മൈനിങ് ആൻ‍‍ഡ് ജിയോളജി, ജില്ലാ മണ്ണു സംരക്ഷണ ഓഫിസർ, വൈത്തിരി തഹസിൽദാർ എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ ക്വാറിയുടെ 310 മീറ്റർ ചുറ്റളവിൽ ഹൈ ഹസാഡ് സോണാണെന്നും 780 മീറ്റർ ചുറ്റളവിൽ ഓറഞ്ച് സോണാണെന്നും കണ്ടെത്തുകയും ഇതു സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയതുമാണ്. 2018ൽ ക്വാറിയുടെ സമീപത്തായി വൻ മണ്ണിടിച്ചിലുണ്ടാവുകയും ഇരയായവർക്കു ലക്ഷക്കണക്കിനു രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു. എന്നാൽ, അന്നു പഞ്ചായത്ത് ലൈസൻസ് അനുവദിച്ചു. ലൈസൻസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ ക്വാറി വിരുദ്ധ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് കലക്ടറേറ്റിലേക്കടക്കം മാർച്ചു നടത്തുകയും ചെയ്തിരുന്നു. 2023 മാർച്ച് 16ന് ക്വാറി പ്രവർത്തനം തുടങ്ങാനുളള നീക്കം നാട്ടുകാർ തടഞ്ഞത് സംഘർഷത്തിനിടയാക്കിയിരുന്നു. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും പ്രദേശവാസികളായ 10 പേർക്കെതിരെ മേപ്പാടി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

പരിസ്ഥിതി ദുർബല മേഖല
വെള്ളരിമല, കാന്തൻപാറ, സൂചിപ്പാറ തുടങ്ങിയ പരിസ്ഥിതി ദുർബലമായ മലനിരകളുടെ തുടർച്ചയായതും 85 ഡിഗ്രി ചെരിവുള്ളതുമായ പ്രദേശത്താണ് ക്വാറിക്ക് ലൈസൻസ് അനുവദിച്ചത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം മുഴുവൻ തൊഴിലുറപ്പ് പദ്ധതിയും 2018 മുതൽ നിർത്തി വച്ച, മൂപ്പൈനാട് പഞ്ചായത്തിലെ 12, 13 വാർഡുകളിലാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. ക്വാറിയുടെ 43 മീറ്റർ അടുത്ത് വരെ വീടുകളുണ്ടെന്ന് തഹസിൽദാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

മുന്നൂറിലധികം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ക്വാറിക്കു ലൈസൻസ് അനുവദിച്ചത്. മാത്രവുമല്ല, റെഡ് സോണിൽ ഉൾപ്പെട്ട ഭൂമിയുമാണിത്. ജനവാസ മേഖലയിൽ ക്വാറി തുടങ്ങാനുള്ള നീക്കം എന്തുവില കൊടുത്തും ചെറുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com