ADVERTISEMENT

കൽപറ്റ ∙ ഒ.ആർ.കേളുവിലൂടെ വയനാട്ടിൽനിന്ന് ആദ്യമായി ഒരു സിപിഎമ്മുകാരൻ മന്ത്രിയാകുമ്പോൾ ഏറെ പ്രതീക്ഷയിലാണു ജില്ല. ഗോത്രവിഭാഗക്കാരുടെയും കർഷകരുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ അവരിലൊരാൾ തന്നെയായ ‘കേളുവേട്ടന്’ എത്രത്തോളം ഇടപെടൽ നടത്താനാകുമെന്നറിയാൻ വയനാട്ടുകാർ കാത്തിരിക്കുന്നു. ആദിവാസി വിഭാഗത്തിൽനിന്ന് ആദ്യമായി മന്ത്രിയാകുന്ന സിപിഎമ്മുകാരൻ എന്ന വിശേഷണവും ഒ.ആർ. കേളുവിനു സ്വന്തം. ജില്ലാ പ്രാതിനിധ്യം പരിഗണിക്കുമ്പോൾ ആദ്യ പിണറായി മന്ത്രിസഭയിൽ ഇടംനേടുമെന്നു കരുതിയെങ്കിലും മറ്റു ജില്ലകളിലെ മന്ത്രിമാർക്കു വയനാടിന്റെ ചുമതല നൽകുന്ന രീതിയാണ് 2016ലെ എൽഡിഎഫ് സർക്കാരും പിന്തുടർന്നത്.

മന്ത്രിസ്ഥാനത്ത് പ്രവർത്തിക്കാൻ രണ്ടു വർഷമേ ലഭിക്കൂവെങ്കിലും എംഎൽഎ എന്ന നിലയി‌ൽ മികച്ച ട്രാക്ക് റെക്കോർഡിനുടമയായ കേളുവിനു സമയപരിമിതിക്കിടയിലും ഒട്ടേറെ വികസനപ്രവർത്തനങ്ങൾ ജില്ലയിലെത്തിക്കാനാകുമെന്ന് കരുതുന്നു. വന്യമൃഗശല്യമുണ്ടാകുമ്പോഴും ചുരത്തിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോഴും പ്രകൃതിദുരന്തങ്ങളുടെ കാലത്തും വയനാട്ടിൽ മുഴുവൻ സമയം ക്യാംപ് ചെയ്തു പ്രവർത്തിക്കാൻ ഒരു മന്ത്രിയുണ്ടായില്ല എന്ന പരാതിക്ക് ഇനി അറുതിയാകും. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയുടെ വികസനത്തിനു ഗതിവേഗം കൂട്ടുക, മെ‍ഡിക്കൽ കോളജ് കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സാധ്യമാക്കി എത്രയും വേഗം അധ്യയനം ആരംഭിക്കുക, ചുരം ബദൽപാതകൾ യാഥാർഥ്യമാക്കാൻ ഇടപെടൽ നടത്തുക എയർ സ്ട്രിപ് നിർമാണം,

ആദിവാസി മേഖലയിലെ അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ വെല്ലുവിളികളും കേളുവിനെ കാത്തിരിക്കുന്നു. ഇക്കോ ടൂറിസം കേന്ദ്രങ്ങൾ മാസങ്ങളായി അടഞ്ഞുകിടക്കുന്നതു വയനാടിന്റെ ടൂറിസം മേഖലയിലുണ്ടാക്കിയ തിരിച്ചടി പരിഹരിക്കുകയെന്നതും ആദ്യ പരിഗണനയിലൊന്നാകും. വരൾച്ചയിലും കാലവർഷത്തിലും വന്യജീവി ശല്യത്തിലും കൃഷി നശിച്ചവർക്കു നഷ്ടപരിഹാരം ലഭിച്ചില്ലെന്ന പരാതി പരിഹരിക്കുന്നതിലും മന്ത്രിയെന്ന നിലയിലുള്ള ഇടപെടൽ വിജയത്തിലെത്തിക്കുകയെന്നതും വെല്ലുവിളിയാകും. റൂസ കോളജ്, അരിവാൾ രോഗികൾക്കുള്ള ചികിത്സാ ഗവേഷണ കേന്ദ്രം തുടങ്ങിയവ യാഥാർഥ്യമാക്കാൻ മന്ത്രിക്കു കഴിഞ്ഞാൽ വൻ നേട്ടമാകും വയനാടിനുണ്ടാകുക.

മാനന്തവാടിയെ മാറ്റിയെടുത്തു
∙ അടിസ്ഥാനസൗകര്യ വികസനക്കുതിപ്പിന്റെ കാര്യമെടുത്താൽ കേരളത്തിലെ മികച്ച എംഎൽഎമാരിലൊരാളാകും ഒ.ആർ. കേളു. പൊട്ടിപ്പൊളിഞ്ഞും തകർന്നു തരിപ്പണമായും കിടന്നിരുന്ന മാനന്തവാടിയിലെ റോഡുകളുടെ ഇപ്പോഴത്തെ നിലവാരം തന്നെ അതിന് ഒന്നാമത്തെ തെളിവ്. രാജ്യാന്തര നിലവാരത്തിലുള്ള റോഡുകളാണ് മണ്ഡലത്തിൽ അങ്ങോളമിങ്ങോളവും. നിയമസഭാംഗമായി ആദ്യ 5 വർഷത്തിനിടെ മാത്രം 78 കിലോമീറ്റർ റോഡ് രാജ്യാന്തരനിലവാരത്തിൽ പുനർനിർമിക്കാൻ ഒ.ആർ. കേളുവിനു കഴിഞ്ഞു. ജനങ്ങൾ ദുരിതയാത്ര ചെയ്തിരുന്ന മാനന്തവാടി-നിരവിൽപുഴ റോഡിന്റെ നവീകരണം ഉദാഹരണങ്ങളിലൊന്നു മാത്രം.

മലയോര ഹൈവേയുടെ നിർമാണം മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. ഗാന്ധി പാർക്ക് മുതൽ വിൻസന്റ് ഗിരി വരെയും താഴെയങ്ങാടി കെഎസ്ആർടിസി ഡിപ്പോ മുതൽ ബിഷപ്സ് ഹൗസ് ജംക്‌ഷൻ വരെയുള്ള ഭാഗവും നവീകരിച്ചു. പ്രതിസന്ധികളെ മറികടന്ന് മാനന്തവാടി- കൊയിലേരി റോഡ് നിർമാണം പൂർത്തീകരിച്ചതും അഭിമാനാർഹമായ നേട്ടം. താളിപ്പാറക്കടവ്, വാളാട് അമ്പലക്കുന്ന്, വള്ളിയൂർക്കാവ്, നെട്ടറ, ചെറുപുഴ പാലങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയത് ഒ.ആർ. കേളുവിന്റെ ഭരണനിർവഹണ പാടവത്തിനു തെളിവാണ്. ആദ്യ ടേമിൽ ഒരു വർഷം തികയുംമുൻപ് ദ്വാരകയിൽ പോളിടെക്നിക് കോളജ് പ്രവർത്തനമാരംഭിച്ചു. 7 വർഷത്തിനുള്ളിൽ അഞ്ചുനിലക്കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളുമായി. വയനാട് ഗവ. നഴ്സിങ് കോളജ് ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മണ്ഡലത്തിലെത്തിച്ചു. 

ഒട്ടേറെ പൊതുവിദ്യാലയങ്ങളിൽ രാജ്യാന്തര നിലവാരമുള്ള കെട്ടിടങ്ങളായി. കോളജുകളിൽ പുതിയ കെട്ടിടങ്ങളും കോഴ്സുകളും ആരംഭിച്ചു. വള്ളിയൂർക്കാവ് മാർക്കറ്റിങ് സ്പെയ്സ് മറ്റൊരു വികസന നേട്ടം. വൈദ്യുതിയില്ലാത്ത ഊരുകളിൽ വൈദ്യുതിയെത്തിച്ചും ആദിവാസി വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും മണ്ഡലത്തിൽ നിറ‍‍ഞ്ഞുനിന്നയാളാണ് കേളു. വയനാട് ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി ഉയർത്തിയതും കേളു എംഎൽഎ ആയിരിക്കുമ്പോഴാണ്.   ആധുനിക ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ‘ഇല്ലാ ആശുപത്രി’ എന്നറിയപ്പെട്ടിരുന്ന കാലത്തുനിന്ന് ആശുപത്രിക്കുണ്ടായ പുരോഗതിയും വികസനമുന്നേറ്റവും വലുതാണ്. കുങ്കിച്ചിറ ഹെറിറ്റേജ് മ്യൂസിയം, 75 ഏക്കർ തരിശുനിലം കതിരണിയിച്ച ആലത്തൂർ റിഫ്റ്റ് ഇറിഗേഷൻ പദ്ധതി, നാലാംമൈൽ പടിഞ്ഞാറത്തറ തരുവണ റോഡ് നവീകരണം തുടങ്ങിയവയും കേളുവിന്റെ നേതൃപാടവത്തിൽ യാഥാർഥ്യമായ പദ്ധതികളിൽ ചിലതുമാത്രം.

സിപിഎമ്മിന് രാഷ്ട്രീയ നേട്ടം
ജില്ലയിൽനിന്നു മന്ത്രിയാകുന്ന നാലാമത്തെയാളാണ് ഒ.ആർ. കേളു. കെ.കെ. രാമചന്ദ്രൻ, എം.പി. വീരേന്ദ്രകുമാർ, പി.കെ. ജയലക്ഷ്മി എന്നിവർക്കു ശേഷമാണു കേളുവിന്റെ സ്ഥാനലബ്ധി. കേളുവിനെ മന്ത്രിയാക്കിയതിലൂടെ സിപിഎമ്മിനു വയനാട്ടിൽ രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെ. പൊതുവേ യുഡിഎഫ് കോട്ടയെന്നറിയപ്പെടുന്ന ജില്ലയിൽ പാർലമെന്റ് തിരഞ്ഞെടുപ്പുകൾ മാറ്റിനിർത്തിയാൽ യുഡിഎഫിനു വൻ വെല്ലുവിളിയുയർത്താൻ പലപ്പോഴും സിപിഎമ്മിനായിട്ടുണ്ട്. ഒ.ആർ. കേളു എംഎൽഎ ആയതോടെ മാനന്തവാടിയിലെ കോൺഗ്രസ്, ലീഗ് കോട്ടകളിൽ ഇളക്കം തട്ടി.ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നൽകിയ നിയമസഭാ മണ്ഡലമാണു മാനന്തവാടി.  2019ലെ തിരഞ്ഞെടുപ്പിൽ തെല്ലൊന്നിളകിയ തിരുനെല്ലിയിലെ പാർട്ടിവോട്ടുകളും ഇക്കുറി ഒരുപരിധി വരെ തിരിച്ചുപിടിക്കാൻ എൽഡിഎഫിനു സാധിച്ചതിനു പിന്നിൽ കേളുവിന്റെ നേതൃപാടവത്തിനും വലിയ പങ്കുണ്ട്.

ഗോത്രവിഭാഗത്തിലേക്കുള്ള ബിജെപിയുടെ കടന്നുവരവ് ചെറുക്കുകയെന്ന ദൗത്യവും കുറിച്യവിഭാഗക്കാരിലൊരാളെ മന്ത്രിയാക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നു. വയനാട്ടിൽ കന്നിയങ്കത്തിനു പ്രിയങ്കാ ഗാന്ധിയെത്തുമ്പോൾ എൽഡിഎഫ് പ്രചാരണത്തിനു ചുക്കാൻ പിടിക്കാൻ ഈ നാട്ടുകാരനായ മന്ത്രിയുമുണ്ടാകും. മന്ത്രിമാരില്ലാത്ത ജില്ലയിൽ നിന്ന് ഭരണപക്ഷത്തെ ഏക എംഎൽഎ മന്ത്രി സഭയിൽ ഇടം നേടുന്നത് പാർട്ടി പ്രവർത്തകർ ആവേശത്തോടെയാണ് സ്വാഗതം ചെയ്തത്. ഇന്നലെ വൈകിട്ട് കാട്ടിക്കുളത്തും മാനന്തവാടിയിലും ആഹ്ലാദപ്രകടനങ്ങൾ നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com