അങ്കണവാടി സ്മാർട്ടാണ്, പക്ഷേ, വൈദ്യുതിയില്ല
Mail This Article
പനമരം ∙ പഞ്ചായത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച നീർവാരം മയിലുകുന്ന് സ്മാർട്ട് അങ്കണവാടി കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും ഇല്ലാത്തത് ദുരിതമാകുന്നു. 15 ലക്ഷത്തോളം രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച കെട്ടിടത്തിൽ കുരുന്നുവീട് എന്ന പേരിൽ ബാലസൗഹൃദ അങ്കണവാടി ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും വയറിങ്ങോ പ്ലമിങ്ങോ പോലും ഇതുവരെ നടത്തുകയോ ഫണ്ട് വയ്ക്കുകയോ ചെയ്തിട്ടില്ല.
മഴക്കാലത്ത് ഇരുട്ടുമുറിയിൽ ഇരിക്കേണ്ട അവസ്ഥയാണ് കുരുന്നുകൾ. വൈദ്യുതി ഇല്ലാത്തതിനാൽ തൊട്ടടുത്ത ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം വലിച്ച് കോരി ചുമന്നാണ് അങ്കണവാടിയിൽ എത്തിക്കുന്നത്. ജലനിധിയുടെ പൈപ്പും ടാപ്പും ഉണ്ടെങ്കിലും തകരാർ മൂലം വെള്ളം ലഭിക്കുന്നില്ല. 5-ാം വാർഡ് വാർഡ് ജാഗ്രതാ സമിതി ഓഫിസ് അടക്കം പ്രവർത്തിക്കുന്ന അങ്കണവാടിയിൽ ഇരുപതോളം കുട്ടികൾ ഉണ്ട്.