ADVERTISEMENT

മാനന്തവാടി ∙ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വയനാട് ഗവ മെഡിക്കൽ കോളജ് പ്രവർത്തനം തുടങ്ങിയെങ്കിലും മെഡിക്കൽ കോളജ് ഓഫിസിലെത്താൻ ഇന്നും നല്ല വഴിയില്ല. ആശുപത്രിയുടെ പ്രധാന കവാടം കടന്ന് മോർച്ചറിയുടെ മുന്നിലൂടെയാണ് മെഡിക്കൽ കോളജ് ഓഫിസ് പ്രവർത്തിക്കുന്ന നഴ്സിങ് കോളജിനായി നിർമിച്ച ബഹുനില കെട്ടിടത്തിലേക്ക് വാഹനങ്ങൾക്ക് എത്തേണ്ടത്.

 ഡിഎംഒ ഓഫിസിന് സമീപത്ത് നിന്ന് പുതിയ കെട്ടിടത്തിലേക്ക് നടന്നുപോകാൻ പടവുകളുമുണ്ട്. വർഷങ്ങൾക്ക് മുൻപ് ടാറിങ് നടത്തിയ മോർച്ചറി വരെയുള്ള റോഡ് തകർന്നിട്ട് നാളുകൾ ഏറെയായി. രക്ത ബങ്കിലേക്കും ന്യൂ ബ്ലോക്ക് എന്ന് വിളിക്കുന്ന വാർഡുകളിലേക്കും എല്ലാം പോകേണ്ട റോഡിനാണ് ഇൗ ദുർഗതി. 

സ്ട്രച്ചറും വീൽചെയറുമെല്ലാം ഇൗ റോഡിലൂടെ കൊണ്ടുപോകുന്നത് ഏറെ പ്രയാസപ്പെട്ടാണ്. താഴെയങ്ങാടി റോഡിൽ നിന്നും മെഡിക്കൽ കോളജിലേക്ക് എത്താൻ കഴിയുന്ന കോൺക്രീറ്റ് റോഡിന്റെ അവസ്ഥയും പരിതാപകരമാണ്. നിലവിലെ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം നിർമിക്കുന്നതിനായി അടച്ച് പൂട്ടിയ ഇൗ റോഡ് തുറന്ന് നൽകിയെങ്കിലും ഗതാഗത യോഗ്യമാക്കിയിട്ടില്ല.

ഒ.ആർ. കേളു എംഎൽഎ ആയിരുന്നപ്പോൾ നടത്തിയ ഇടപെടലിനെ തുടർന്ന് പോസ്റ്റ് ഓഫിസ് കവല മുതൽ മെഡിക്കൽ കോളജ് വരെയുളള റോഡ് നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 2 കോടി രൂപയുടെ റോഡ് നവീകരണത്തിലാണ് ഇനിയുള്ള പ്രതീക്ഷ. പദ്ധതി പൂർത്തിയാകുന്നതോടെ മോർച്ചറിക്ക് മുന്നിലൂടെയുള്ള തകർന്ന റോഡിനും ശാപമോക്ഷമാകുമെന്നാണ് കരുതുന്നത്. താഴെയങ്ങാടി റോഡിൽ നിന്നും മെഡിക്കൽ കോളജിലേക്ക് എത്താൻ കഴിയുന്ന റോഡിന്റെ നവീകരണത്തിനായി 11 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com