ADVERTISEMENT

ബത്തേരി ∙ ദേശീയപാത 766 ൽ മുത്തങ്ങ തകരപ്പാടിയിലെ വനമേഖലയിൽ വെള്ളമുയർന്നതോടെ നാനൂറോളം പേർ  കാട്ടിൽ കുടുങ്ങിയതു 3 മുതൽ 5 മണിക്കൂർ വരെ. 18 ന് രാത്രി 8 മുതൽ ഇന്നലെ പുലർച്ചെ ഒരുമണി വരെയാണു സ്ത്രീകളും കുട്ടികളുമടങ്ങുന്നവർക്കു കൊടും വനത്തിൽ കഴിയേണ്ടി വന്നത്. വെള്ളമിറങ്ങിയതോടെ ഇന്നലെ പുലർച്ചെ ഇതു വഴി ബെംഗളൂരുവിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

വയനാട്ടിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് 18 ന രാവിലെ മുതൽ തന്നെ മുത്തങ്ങ ദേശീയപാതയിൽ വെള്ളമുയർന്നു തുടങ്ങിയിരുന്നു. രാത്രി എട്ടോടെ 5 അടിയിലേറെ വെള്ളമുയർന്നതോടെ ഗതാഗതം നിലച്ചു. രാത്രിയാത്രാ നിരോധനമുള്ളതിനാൽ രാത്രി 9ന് കർണാടക അതിർത്തിയും അടച്ചു. അതോടെ വെള്ളക്കെട്ടിനും കർണാടക അതിർത്തിക്കുമിടയിൽ നാനൂറോളം പേർ കുടുങ്ങി. സ്വിഫ്റ്റ് അടക്കം 5 ബസുകളും ഒട്ടേറെ കാറുകളും ചരക്കു ലോറികളും വഴിയിൽ കിടന്നു. 

കാട്ടാനക്കൂട്ടങ്ങൾ ദേശീയപാതയിലേക്കിറങ്ങി വന്നതു പലരെയും ഭയപ്പാടിലാക്കി. പിന്നീട് അഗ്നി രക്ഷാ സേനയും പൊലീസും സന്നദ്ധ പ്രവർത്തകരും ജീപ്പുകളിലും ട്രാക്ടറുകളിലുമായി എത്തിയതോടെയാണു രക്ഷയായത്. ഭക്ഷണപ്പൊതികളും വെള്ളവും ഇവരെത്തിച്ചു. പുലർച്ചെ രണ്ടോടെ വെള്ളമിറങ്ങിത്തുടങ്ങിയപ്പോൾ ചെറുവാഹനങ്ങളും ഇക്കരെയെത്തിച്ചു.

എൻജിനിൽ വെള്ളം കയറിയതിനാൽ പല വാഹനങ്ങളും സ്റ്റാർട്ടാകാതെ കുടുങ്ങി. ബന്ദിപ്പൂർ വനമേഖലയിൽ രാത്രി 9 മുതൽ യാത്രാനിരോധനമുണ്ടെങ്കിലും ഇത്തരം ഘട്ടങ്ങളിൽ അതിർത്തി ഗേറ്റ് തുറന്നു കൊടുക്കണമെന്നും വെള്ളമുയരുന്ന ഭാഗത്തെ റോഡ് ഉയർത്തി നിർമിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com