ഭക്ഷ്യ വിഷബാധ; ആരുടെയും നില ഗുരുതരമല്ല
Mail This Article
മാനന്തവാടി ∙ ദ്വാരക എയുപി സ്കൂളിലെ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥികളുടെ എണ്ണം 300 ആയി ഉയർന്നു. വയനാട് ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക വാർഡ് തുറന്ന് വിദ്യാർഥികൾക്ക് മികച്ച ചികത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. പൊരുന്നന്നൂർ പ്രാഥമികാരോഗ്യ കേന്ദ്രം, മാനന്തവാടി ജ്യോതി വിനായക ആശുപത്രി, സെന്റ് ജോസഫ്സ് ആശുപത്രി എന്നിവിടങ്ങളിലും കുട്ടികൾ ചികിത്സയിൽ കഴിയുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ് ശനിയാഴ്ച രാവിലെ മുതൽ ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ടത്.
മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയ വിദ്യാർഥികളെ തുടർ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിൽ നിന്ന് പ്രത്യേകം ഒരുക്കിയ വാർഡിലേക്ക് മാറ്റി. സാരമായ പ്രശ്നങ്ങൾ ഇല്ലാത്ത വിദ്യാർഥികളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മന്ത്രി ഒ.ആർ.കേളു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് ബ്രാൻ അഹമ്മദ് കുട്ടി, മാനന്തവാടി നഗരസഭാ അധ്യക്ഷ സി.കെ. രത്നവല്ലി, ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ തുടങ്ങിയവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി സ്ഥിതി വിലയിരുത്തി.
ഡിഎംഒ ഡോ. പി. ദിനേഷിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ചേർന്ന് സേവനങ്ങൾ ലഭ്യമാക്കി. ആശുപത്രിയിൽ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല. ആശങ്ക വേണ്ടെന്നും ഭക്ഷ്യ വിഷബാധയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അധികൃതർ പറഞ്ഞു. അതിനിടെ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികളെ വാർഡിലെത്തി പരിശോധിക്കാൻ ഡോക്ടർ തയാറാകാത്തതിനെ തുടർന്ന് ശനിയാഴ്ച രാത്രി പന്ത്രണ്ടോടെ രക്ഷിതാക്കൾ പ്രതിഷേധം ഉയർത്തി. ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
സ്കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തണം
കൽപറ്റ ∙ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും ആവശ്യമായ ശുചിത്വവും ശുദ്ധജല ലഭ്യതയും ഉറപ്പു വരുത്തണമെന്ന് കലക്ടർ ഡി.ആർ. മേഘശ്രീ കർശന നിർദേശം നൽകി. വിദ്യാർഥികൾക്കു കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളവും ശുദ്ധമായ ഭക്ഷണ പദാർഥങ്ങളും മാത്രം നൽകണം. മുട്ടയും പാലും നൽകുന്നുണ്ടെങ്കിൽ ശുദ്ധതയും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു.
മന്ത്രി റിപ്പോർട്ട് തേടി; ദ്വാരക സ്കൂളിൽ ആരോഗ്യ വകുപ്പ് പരിശോധന
ദ്വാരക ∙ ഭക്ഷ്യ വിഷബാധയുണ്ടായ ദ്വാരക എയുപി സ്കൂളിൽ ആരോഗ്യ വകുപ്പിന്റെ വിദഗ്ധ സംഘം സന്ദർശിച്ചു. വയറുവേദന, വയറിളക്കം, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളോടെയാണ് വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. പൊരുന്നന്നൂർ ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. പി.കെ. ഉമേഷ്, ജില്ലാ മാസ് മീഡിയ ഓഫിസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റന്റ് കെ.കെ. അഷ്‌റഫ്, എപ്പിഡെമിയോളജിസ്റ്റ് ഡോ. ബിപിൻ ബാലകൃഷ്ണൻ, എടവക ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ജുനാഥ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.ഭക്ഷ്യ സുരക്ഷാ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശനിയാഴ്ച തന്നെ സ്കൂളിൽ പരിശോധന നടത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ പാചകത്തിന് ഉപയോഗിച്ച അരിയുടെയും വെള്ളത്തിന്റെയും സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. മന്ത്രി വി. ശിവൻകുട്ടി കലക്ടറോട് സംഭവത്തെക്കുറിച്ചുള്ള വിശദ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.