ADVERTISEMENT

മേപ്പാടി ∙ ‘ഞാൻ പല ദുരിതാശ്വാസ ക്യാംപുകളിൽ പോയിട്ടുണ്ട്. പക്ഷേ, നിന്നേപ്പോലെ ഒരു കുട്ടിയെ ആദ്യമായി കാണുകയാണ്. യൂ ആർ എ ബ്രേവ് കിഡ്..’ മുഹമ്മദ് ഹാനിയെ ചേർത്തുപിടിച്ചു രാഹുൽ ഗാന്ധി പറഞ്ഞു. പൊട്ടിക്കരഞ്ഞുപോയ ഹാനിയുടെ തലയിൽ തഴുകി പ്രിയങ്ക ഗാന്ധിയും ആശ്വസിപ്പിച്ചു. ഇരുമ്പുകമ്പി തട്ടി കഴുത്തിൽ രൂപപ്പെട്ട പാടിൽ വിരലോടിച്ചു. ഉരുൾപൊട്ടി എത്തിയ ചെളിയിൽ കഴുത്തറ്റം മുങ്ങിയിട്ടും വല്യുമ്മയെ 6 മണിക്കൂറോളം താങ്ങിപ്പിടിച്ചു രക്ഷിച്ച കൗമാരക്കാരനെ അഭിനന്ദിക്കുന്നതിനൊപ്പം പ്രത്യാശ പകരാനും രാഹുൽ ഗാന്ധി മറന്നില്ല.

rahul-meppadi

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്തെന്നു രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ ഹാനി പറഞ്ഞു: ‘എനിക്ക് അമേരിക്കയിൽ പോയി പഠിക്കണം. എന്റെ ഉമ്മയെയും കൂടെ കൊണ്ടുപോകണമെന്നുണ്ടായിരുന്നു..’ അത്രയും പറയുമ്പോഴേക്കും ഹാനി വീണ്ടും കരഞ്ഞുപോയി. രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും വാക്കുകൾ നഷ്ടപ്പെട്ടു. ഹാനിയുടെ പഠനത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. 

‘വീടില്ലെന്ന ബുദ്ധിമുട്ട് വരില്ല, അതെന്റെ ഉറപ്പാണ്..’
മേപ്പാടി ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ സർവതും നഷ്ടപ്പെട്ടു കണ്ണീരുമായി നിന്നവരോടു രാഹുൽ ഗാന്ധി പറഞ്ഞു: ‘വീടില്ലെന്ന ദുഖം വേണ്ട. അങ്ങനെയൊരു ബുദ്ധിമുട്ടു നിങ്ങൾക്കുണ്ടാകില്ല. സുരക്ഷിതമായ സ്ഥലത്തു വീടു നൽകാൻ നടപടിയുണ്ടാകും. അതിനു വേണ്ട സൗകര്യങ്ങളൊരുക്കും. ഇതെന്റെ ഉറപ്പാണ്..’ ഉരുൾപൊട്ടൽ മൂലം മകളുടെ വിവാഹം മുടങ്ങിയെന്ന വേദന പങ്കുവച്ചു കരഞ്ഞ ഒരു വീട്ടമ്മയോടു രാഹുൽ പറഞ്ഞു: ‘വിവാഹം ഞങ്ങൾ നടത്തിത്തരും, അതിനു വേണ്ട സൗകര്യങ്ങളുമായി ഞങ്ങളുടെ പ്രവർത്തകർ നിങ്ങളെ തേടിയെത്തും.’

വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോൾ. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്

വീടു നഷ്ടപ്പെട്ടവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ, ജീവിതമാർഗമില്ലാതായവർ തുടങ്ങി പല ദുരിതങ്ങൾ നേരിടുന്നവർക്കൊപ്പം മുക്കാൽ മണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. ഇന്നലെ വൈകിട്ടു മടങ്ങാനായിരുന്നു മുൻ നിശ്ചയമെങ്കിലും ദുരിതത്തിന്റെ തീവ്രത കണക്കിലെടുത്ത് ഇന്നത്തെ പരിപാടികൾ ഒഴിവാക്കി വയനാട്ടിൽ തുടരാൻ തീരുമാനിച്ചു. ദുരിതബാധിതർക്കു വേണ്ട സഹായങ്ങളെത്തിക്കുന്ന കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കാൻ വേണ്ടിയാണിത്. 

വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ചിത്രം: സ്‍പെഷൽ അറേഞ്ച്‍മെന്റ്

കുട്ടികൾക്ക് കളിക്കോപ്പുകൾ, ആശ്വാസ വാക്കുകൾ 
ചൂരൽമല ∙ ‘ഈ ചിത്രം ഞാൻ വരച്ചതാ. ഒപ്പിട്ടു തരാമോ?’ സെന്റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാംപിൽ രാഹുൽ ഗാന്ധിക്കു ചുറ്റും കൂടിയ കുട്ടികളുടെ കൂട്ടത്തിൽ നിന്നൊരു മിടുക്കന്റെ ചോദ്യം. ‘ഇത്രയും നന്നായി മോൻ വരച്ച ചിത്രത്തിൽ ഞാനെങ്ങനെയാ എന്റെ ഒപ്പിടുക? മോൻ ഇതിൽ ഒപ്പിട്ട് എനിക്കു തരാമോ? ഞാൻ കൊണ്ടുപോകാം..’ ചുറ്റിലും ചിരി പടർത്തി രാഹുലിന്റെ മറുപടി.  കുട്ടിയുടെ ഒപ്പു വാങ്ങി ചിത്രം തനിക്കെത്തിക്കാൻ ഒപ്പമുണ്ടായിരുന്നവരെ രാഹുൽ ചുമതലപ്പെടുത്തുകയും ചെയ്തു. 

വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ചിത്രം∙ സ്‍പെഷൽ അറേഞ്ച്‍മെന്റ്
വയനാട്ടിലെ ദുരന്തബാധിത മേഖലകളിൽ എത്തിയ രാഹുൽ ഗാന്ധി ജനങ്ങളെ ആശ്വസിപ്പിക്കുന്നു. ചിത്രം∙ സ്‍പെഷൽ അറേഞ്ച്‍മെന്റ്

കൂട്ടത്തിലുണ്ടായിരുന്ന മറ്റു കുട്ടികളോടു രാഹുൽ ചോദിച്ചു: ‘നിങ്ങൾ ഹാപ്പി ആണോ? നിങ്ങൾക്കെന്തെങ്കിലും വേണ്ടതുണ്ടോ?’ എല്ലാവരും മുഖാമുഖം നോക്കിയ ശേഷം പറഞ്ഞു തുടങ്ങി; കാരംസ് ബോർഡ്, ഫുട്ബോൾ, ഷട്ടിൽ ബാറ്റ്, ടെന്നിസ് ബോൾ.. കുട്ടികളുടെ ലിസ്റ്റിലെ എല്ലാ കളിക്കോപ്പുകളും വാങ്ങിനൽകാൻ രാഹുൽ ഒപ്പമുണ്ടായിരുന്നവർക്കു നിർദേശം നൽകി. ‘നിങ്ങൾക്കു കേക്ക് വേണോ’ എന്നു വീണ്ടും രാഹുലിന്റെ ചോദ്യം. ‘ഞാൻ കേക്ക് കഴിക്കില്ലെന്നൊരാളുടെ ചടുലമായ മറുപടി. അതിലും വേഗത്തിൽ മറ്റുള്ള കുട്ടികൾ പറഞ്ഞു, ‘അവനു വേണ്ടെങ്കിലും ഞങ്ങൾക്കു വേണം.’ കേക്ക് വാങ്ങിനൽകാൻ നിർദേശം നൽകിയാണു മടങ്ങിയത്.

English Summary:

Rahul and Priyanka Gandhi Offer Emotional and Material Support at Meppadi Relief Camps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com