‘ആറാംമാസത്തിലല്ലേ കുഞ്ഞിന് പേരിടേണ്ടത്; മോന് ഞങ്ങളൊരു പേരു കണ്ടുവച്ചിട്ടുണ്ട്... ഭവിജിത്ത്’
Mail This Article
മേപ്പാടി∙ ‘ആറാംമാസത്തിലല്ലേ കുഞ്ഞിന് പേരിടേണ്ടത്. മോന് ഞങ്ങളൊരു പേരു കണ്ടുവച്ചിട്ടുണ്ട്...ഭവിജിത്ത്’– അമ്മ ദിവ്യയുടെ മുഖത്ത് പുഞ്ചിരി. പേരില്ലാക്കുഞ്ഞിന്റ മുഖത്തും പുഞ്ചിരി വിരിഞ്ഞോ ! മേപ്പാടി കോട്ടമല ഗവ. യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ ഏറ്റവും പ്രായംകുറഞ്ഞ ഈ അംഗത്തിന് നാലു മാസം മാത്രമാണ് പ്രായം. ഇടയ്ക്കിടയ്ക്ക് കണ്ണുതുറക്കുമ്പോൾ നേരിയ ശബ്ദത്തിൽ കരയുകയാണ് പിഞ്ചുകുഞ്ഞ്. അതിനെ പാലുകൊടുത്തും കൊഞ്ചിച്ചും അമ്മ ദിവ്യ കൂടെയുണ്ട്.
കുഞ്ഞിനെ ലാളിക്കാൻ ക്യാംപിലെ കുരുന്നുകൾ ഇടയ്ക്കിടെ ഓടിയെത്തും. കല്ലുമല രാട്ടക്കൊല്ലി ഗോത്രകോളനിയിലെ ശാന്തയുടെയും ശ്രീധരന്റെയും മകളാണ് ദിവ്യ. ഭർത്താവ് ഗോപി. ഉരുൾപൊട്ടലുണ്ടായ ദിവസം കല്ലുമലയിലെ ഒരു ഭാഗത്ത് മണ്ണിടിഞ്ഞിരുന്നു. തുടർന്നാണ് കുഞ്ഞും അമ്മയും കോട്ടമല സ്കൂളിലെ ക്യാംപിലെത്തിയത്. ശാന്തയുടെ സഹോദരൻ ബാബുവും ഭാര്യ ശ്രീജയും മക്കളുമടക്കം അനേകം ബന്ധുക്കളും ക്യാംപിലുണ്ട്.
കുട്ടികൾക്ക് ആശ്വാസം പകർന്ന് മുതുകാട്
മേപ്പാടി∙ ‘ഞങ്ങൾക്കൊരു മാജിക് പഠിപ്പിച്ച് തരുമോ?’ ദുരിതാശ്വാസക്യാംപിലെ കുഞ്ഞുങ്ങൾ ചോദിച്ചപ്പോൾ ഗോപിനാഥ് മുതുകാട് ‘ഹമ്പടാ..’ എന്നാണ് ആദ്യം പ്രതികരിച്ചത്. പിന്നെ പറഞ്ഞു: ‘‘ ഞാൻ ഒരു വിദ്യ പഠിപ്പിച്ചുതരാം. എല്ലാരും നന്നായി പഠിക്കണം. ഞാൻ പോവുന്നതിനുമുൻപ് മാജിക് ചെയ്തു കാണിക്കണം.’’മേപ്പാടി സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലെ കുട്ടികളെ കാണാൻ എത്തിയതായിരുന്നു മജിഷ്യൻ ഗോപിനാഥ് മുതുകാട്. ഉരുൾപൊട്ടിയ ആ രാത്രിയിൽ ഭയന്നുപോയ കുഞ്ഞുങ്ങളുടെ മനസ്സിൽ ആശ്വാസമേകാനെത്തിയതായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങളോട് അൽപനേരം സംസാരിച്ചു.ദുരിതാശ്വാസ ക്യാംപിലെ അംഗങ്ങൾക്കായി സന്നദ്ധപ്രവർത്തകർ ഒരുക്കിവച്ച കാരംസ് ബോർഡിലെ കറുത്ത കരുവാണ് കുട്ടികൾ മുതുകാടിനു നൽകിയത്. തന്റെ വലതുകൈ കൊണ്ട് ഇടംകൈമുട്ടിൽ ആ കരു ചേർത്തുരച്ചു. തൊട്ടടുത്ത നിമിഷം ആ കരു അപ്രത്യക്ഷമായി. മാജിക് കാണിച്ച ശേഷം അതിന്റെ രഹസ്യവും കുട്ടികളെ പഠിപ്പിച്ചാണ് മുതുകാട് ക്യാംപിൽനിന്ന് പുറത്തുവന്നത്.