ADVERTISEMENT

മേപ്പാടി∙ ചൂരൽമലയിൽനിന്നാണ് കാരുണ്യ റെസ്ക്യൂ ടീം അംഗങ്ങൾ ഇന്നലെ മേപ്പാടിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ച എംഎസ്എ ഓഡിറ്റോറിയത്തിലേക്ക് എത്തിയത്. മറ്റൊരു രക്ഷാദൗത്യമായിരുന്നില്ല ലക്ഷ്യം. സന്നദ്ധ സേവനരംഗത്ത് തോളോടു തോൾ ചേർന്നു പ്രവർത്തിച്ച നസീർ ഏറക്കാടനെന്ന സഹപ്രവർത്തകനെ അവസാനമായി ഒരുനോക്കു കാണാനായിരുന്നു ആ വരവ്. 

ചൂരൽമല കാരുണ്യ റെസ്ക്യു എമർജൻസി റെസ്പോൺസ് ടീം അംഗമായിരുന്നു നസീർ ഏറക്കാടനെന്ന 49 വയസ്സുകാരൻ. പുത്തുമല ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ മടികൂടാതെ രക്ഷാപ്രവർത്തനത്തിനിറങ്ങിയ ആൾ. പക്ഷേ, ഉരുൾപൊട്ടൽ ചൂരൽമലയെ തൊട്ടപ്പോൾ നസീറിനു കാലിടറി. കഴിഞ്ഞ ദിവസമാണു മലപ്പുറം ജില്ലയിലെ പോത്തുകല്ലിൽ നിന്നു നസീറിന്റെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ ഉച്ചയോടെ ഈ മൃതദേഹം ഏറ്റുവാങ്ങാൻ വിങ്ങുന്ന ഹൃദയവുമായി കാരുണ്യ റെസ്ക്യു ടീം അംഗങ്ങൾ എത്തി.

നസീറിന്റെ വീട്ടിൽ ഇനിയാരും ജീവിച്ചിരിപ്പില്ല. ഭാര്യ റജിത, മക്കളായ മുഹമ്മദ് നിയാസ്, അനസ് മാലിക്, മാതാപിതാക്കളായ ബീരാൻ, നബീസ എന്നിങ്ങനെ എല്ലാവരെയും ഉരുൾ വിഴുങ്ങി. നസീറിന്റെ പിതാവ് ബീരാന്റെ മൃതദേഹം ഇനിയും കിട്ടാനുണ്ട്. ഇന്നലെ രാത്രി മൃതദേഹത്തിന്റെ ഫോട്ടോ ലഭിച്ചപ്പോൾ ശരീര അടയാളങ്ങൾവച്ച് കാരുണ്യ ടീം അംഗങ്ങൾ നസീറിനെ തിരിച്ചറിഞ്ഞിരുന്നു. എത്രവലിയ അപകടമാണെങ്കിലും സ്വന്തം ജീവൻ പോലും നോക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയിരുന്നു നസീർ എന്നു ഭാര്യാസഹോദരനായ സുൽഫിക്കർ മേലേതിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com