ADVERTISEMENT

മാനന്തവാടി ∙ 45 കോടിയിലേറെ രൂപ  മുടക്കി നിർമിച്ച വയനാട് മെഡിക്കൽ കോളജിന്റെ പുതിയ ബഹുനില കെട്ടിടം രോഗികൾക്കും ജീവനക്കാർക്കും  ബാധ്യതയാകുന്നു. ലിഫ്റ്റിന്റെ  പ്രവർത്തനം നിലച്ചതും പല  ശുചിമുറികളും  നോക്കുകുത്തിയായി മാറിയതും രോഗികളെ വലയ്ക്കുകയാണ്. നിർമാണത്തിലെ അപാകതയാണ് പ്രശ്നങ്ങൾക്കു കാരണം എന്നതിനാൽ പ്രശ്നങ്ങൾക്ക് എന്ന് പരിഹാരം കാണാൻ കഴിയുമെന്നു പറയാൻ അധികൃതർക്കും കഴിയുന്നില്ല. 

7 നില കെട്ടിടത്തിന്റെ 3,4 നിലകൾ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. 2023 ഏപ്രിൽ 2നു മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കാതെ ഉദ്ഘാടന മാമാങ്കം നടത്തിയതിന് എതിരെ അന്നുതന്നെ വിമർശനം ഉയർന്നിരുന്നു. ശുചിമുറിയിൽ നിന്നുള്ള  മലിനജലം ഒഴുകി ലിഫ്റ്റിൽ എത്തിയതോടെ  ലിഫ്റ്റിന്റെ  പ്രവർത്തനം നിലച്ചു.  3,4 നിലകളിൽ കഴിയുന്ന   രോഗികളും കുട്ടിരിപ്പുകാരുമാണ് ഇപ്പോൾ ദുരിതത്തിലായത്.

ഇവ  ജനറൽ മെഡിസിൻ വാർഡായതിനാൽ ഒട്ടേറെ രോഗികളാണ് ഈ വാർഡുകളിൽ ചികിത്സയിൽ കഴിയുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ്  ഒരു വർഷം പിന്നിടുമ്പോഴാണ് 7 നില കെട്ടിടത്തിന്റെ 2 നിലകൾ രോഗികൾക്കായി തുറന്നു നൽകിയത്. നിർമാണ പ്രവർത്തനത്തിലെ അപാകത നിമിത്തം ഇവിടെ രോഗികളെ കിടത്താൻ കഴിയാത്ത അവസ്ഥയായി.

ശുചിമുറിയിൽ നിന്നുള്ള മാലിന്യ നിർമാർജന സംവിധാനം, കുടിവെള്ള വിതരണം, മഴ വെള്ള സംഭരണി, തറയുടെ ശുചീകരണം, മുറ്റത്തെ ഇന്റർലോക്ക് പാകൽ, വൈദ്യുതീകരണം എന്നിവയിലെല്ലാം അപാകതയുണ്ട്. ഇവ ഒന്നും പരിശോധിക്കാതെയാണ് കരാറുകാരന് ബിൽ തുക നൽകിയതെന്നും ഉദ്ഘാടന മാമാങ്കം നടത്തിയതെന്നും വിമർശനം ഉയർന്നിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com