തിരക്ക് ഒഴിവാക്കാം, വാണിജ്യ മേഖലയ്ക്ക് ഗുണം; സമഗ്ര വികസനത്തിന് നഞ്ചങ്കോട് - വയനാട് - നിലമ്പൂർ പാത
Mail This Article
കോഴിക്കോട്/ബത്തേരി ∙ നിലമ്പൂർ - ബത്തേരി - നഞ്ചൻഗോഡ് റെയിൽപാത രാജ്യത്തിന് നൽകുന്ന വികസന സാധ്യതകളും അനിവാര്യതയും പാരിസ്ഥിതിക പ്രാധാന്യവും കേന്ദ്ര - കേരള സർക്കാരുകൾ തിരിച്ചറിഞ്ഞ് പാത നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് സുൽത്താൻ ബത്തേരി സപ്ത കൺവെൻഷൻ സെന്ററിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറുമുഖത്തിന്റെ പൂർണ്ണ പ്രയോജനം ലഭിക്കണമെങ്കിൽ നിലമ്പൂർ– നഞ്ചൻഗോഡ് റെയിൽപാത യാഥാർഥ്യമാക്കിയേ മതിയാകൂ. കേരളവും ബെംഗ്ലൂരുമായുള്ള യാത്രാ സമയവും യാത്ര ചെലവും ഗണ്യമായി കുറക്കുന്ന ഈ പാത കേരളത്തിന്റെ വാണിജ്യ, വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ മേഖലകളിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കും.
പനവേൽ മുതൽ മംഗലാപുരം വരെ കൊങ്കൺ പാതയിലെയും കോയമ്പത്തൂർ വഴി ഷൊർണൂർ വരെയുള്ള റെയിൽ പാതയിലെയും തിരക്ക് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ബെംഗളൂരൂ- കൊച്ചി, മൈസൂർ, കോയമ്പത്തൂർ എന്നീ രണ്ട് റയിൽവേ ഇടനാഴികളാണ് ഒറ്റ റയിൽപാതയിലൂടെ ലഭിക്കുക. ഈ പാതയുടെ നിർമാണ ചിലവിന്റെ പകുതിവീതം കേന്ദ്ര- കേരളാ സർക്കാരുകൾ വഹിക്കാമെന്ന ഉറപ്പിലാണ് 2016 ൽ ഈ പാതക്ക് അനുമതി ലഭിച്ചതും പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി ഡിപിആർ തയാറാക്കാനുള്ള നടപടിയിലേക്ക് കടന്നതും. റെയിൽവേ ബോർഡിൽ ഡിപിആർ ലഭിച്ച് കഴിഞ്ഞാലുടൻ പ്രാരംഭ നിർമാണപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ തയാറാകണമന്നും യോഗം ആവശ്യപ്പെട്ടു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് ഷെവലിയർ സി.ഇ. ചാക്കുണ്ണി യോഗം ഉദ്ഘാടനം ചെയ്തു. ലാഡർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൺവീനർ അഡ്വ. ടി.എം. റഷീദ് വിഷയം അവതരിച്ചു. വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, വിനയകുമാർ അഴിപ്പുറത്ത്, അയ്യപ്പദാസ്, മാത്യു ജോർജ്, പി.വൈ. മത്തായി, ജോൺ മത്തായി നൂറനാൽ, മോഹൻ ചന്ദ്രഗിരി, ഖാദർ പട്ടാമ്പി, ജോസ് കുര്യൻ, ഡോക്ടർ എ കെ റഫീഖ്, ജോയിച്ചൻ വർഗീസ്, രാജശേഖരൻ പുതുശ്ശേരി, ഫാദർ ഡൊമിനിക്, പോൾ മാത്യൂസ്, മത്തായി ജോർജ്, യൂസഫ് ഹാജി, ഫാ. ബെന്നി തോമസ്, പ്രൊഫ. റെനി മാത്യൂസ്, പ്രൊഫ.തോമസ് പോൾ സി.യു.ജോണി, ബിജു ഡിജില, എം.എ. അസൈനാർ എന്നിവർ പ്രസംഗിച്ചു.