ADVERTISEMENT

താമരശ്ശേരി∙ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദിഷ്ട വയനാട് ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ)  കടന്നു പോകുന്ന പ്രദേശം എംഎൽഎമാരായ ലിന്റോ ജോസഫ്, ടി.സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിൽ ദേശീയപാത ഉദ്യോഗസ്ഥർ സന്ദർശിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജനൽ ഓഫിസർ ബി.ടി ശ്രീധര, ദേശീയപാത എക്സിക്യൂട്ടീവ് എൻജിനീയർ കെ.വിനയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എ‍ൻജിനീയർമാരായ കെ.ജൽജിത്ത്, എം.സലീം എന്നിവർ അടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. നിർദിഷ്ട വയനാട് ബൈപാസ് ആരംഭിക്കുന്ന കോഴിക്കോട് ജില്ലയുടെ ഭാഗമായ ചിപ്പിലിത്തോട് മുതൽ വയനാട് ജില്ലാ അതിർത്തി വരെ ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആദ്യം സന്ദർശിച്ചു.

തുടർന്ന് ടി.സിദ്ദിഖ് എംഎൽഎ വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ് എന്നിവരുടെ നേതൃത്വത്തിൽ വയനാട് പരിധിയിലെ പ്രദേശങ്ങളും സന്ദർശിച്ചു. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥ സംഘം ജനപ്രതിനിധികളുമായി ചർച്ച ചെയ്തു. അനുദിനം ഗതാഗതക്കുരുക്ക് രൂക്ഷമാവുന്ന ചുരത്തിൽ ബൈപാസ് നിർമിക്കേണ്ടതിന്റെ ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ അടിയന്തരമായി കൊണ്ടു വരുമെന്നു റീജനൽ  ഓഫിസർ ബി.ടി.ശ്രീധര ഉറപ്പ് നൽകി. ബൈപാസ് നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനു ഭൂമി വിട്ടു കിട്ടുന്നതും മറ്റുമായ കാര്യത്തിൽ  ബന്ധപ്പെട്ട പഞ്ചായത്തുകൾ ഭരണപരമായ തീരുമാനങ്ങൾ എടുത്ത് ദേശീയ പാത വകുപ്പിനു കൈമാറണമെന്നു നിർദേശം നൽകി. 

ബൈപാസ് നിർമാണത്തിനാവശ്യമായ നടപടിക്രമങ്ങൾ വേഗത്തിൽ ആക്കുന്നതിനുള്ള ഇടപെടലുകൾ നടത്തുമെന്ന് എംഎൽഎമാരായ ലിന്റോ ജോസഫും ടി.സിദ്ദിഖും ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു. ബൈപാസ് നിർമാണത്തിന് ആവശ്യമായ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നും  മറ്റും ലഭ്യ മാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്നു ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ ദേശീയ പാത  ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു. 

വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, കോ‍‍ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ് മുന്നീസ ഷെരീഫ്, വയനാട് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹുസൈൻകുട്ടി, ജനറൽ കൺവീനർ ടി.ആർ.കുട്ടൻ, വിവിധ സംഘടനാ ഭാരവാഹികളായ കെ.സി.വേലായുധൻ, ഗിരീഷ് തേവള്ളി, ജോണി പാറ്റാനി, വി.കെ.മൊയ്തു മുട്ടായി, സൈത് തളിപ്പുഴ, അഷ്റഫ് വൈത്തിരി, റെജി ജോസഫ്, പി.കെ.സുകുമാരൻ, ജസ്റ്റിൻ ജോസഫ്, വി.കെ.അഷ്റഫ്, റാഷി താമരശ്ശേരി, ഷാജഹാൻ തളിപ്പുഴ, സി.സി. തോമസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com