പൊലിമ കുറവെങ്കിലും ‘ഉത്രാടം പാഞ്ഞു’
Mail This Article
കൽപറ്റ ∙ തിരുവോണത്തെ വരവേൽക്കാനുള്ള അവസാന ഓട്ടത്തിലായിരുന്നു ഉത്രാട നാളായ ഇന്നലെ നാടെങ്ങും. അത്തം മുതലുള്ള ദിനങ്ങളിൽ ഉത്രാട ദിനത്തെ ഒന്നാം ഓണം ആയാണു കണക്കാക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും പറയും. തിരുവോണ നാളിലെ ആഘോഷത്തിനുള്ള അവസാന വട്ട സാധനങ്ങൾ വാങ്ങുന്നത് ഉത്രാട ദിനത്തിലാണ്. മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ സർക്കാർ ഓണാഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. ജില്ലയിൽ ഓണക്കാലത്ത് മറ്റ് ആഘോഷങ്ങളൊന്നും ഇത്തവണ നടന്നില്ല. ആഘോഷം തിരുവോണ നാളിലേക്കു മാത്രമായി ഒതുക്കുകയായിരുന്നു വയനാട്ടുകാർ.
അത്തം നാൾ മുതൽ ഇത്തവണ മഴ ഉണ്ടായിരുന്നു. ഇടയ്ക്ക് ഒന്നു രണ്ടു ദിവസങ്ങളിൽ മഴ ഉണ്ടായില്ലെങ്കിലും ഇന്നലെ രാവിലെ മുതൽ പലയിടത്തും ചാറ്റൽ മഴ ആയിരുന്നു. ഓണാവധിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുകയും സർക്കാർ ഓഫിസുകളും ബാങ്കുകളും തുടർച്ചയായി അവധി ആയതിനാലും ഇന്നലെ വീടുകളിൽ നിന്നു കുടുംബാംഗങ്ങൾ ഒരുമിച്ചാണു കൂടുതലായും എത്തിയത്. പച്ചക്കറി പലചരക്കു കടകളിലും, ഹൈപ്പർ മാർക്കറ്റുകളിലും, വഴിയോര കച്ചവട കേന്ദ്രങ്ങളിലും ഇന്നലെ തിരക്കായിരുന്നു. വീടുകളിൽ പൂക്കളം ഒരുക്കാനായി പൂ വിപണികളിലും തിരക്കുണ്ടായിരുന്നു. ഉച്ചയ്ക്കു ശേഷം ജില്ലയിലെ പ്രധാന ടൗണുകളിൽ വാഹനത്തിരക്കും അനുഭവപ്പെട്ടു.