ADVERTISEMENT

പുൽപള്ളി ∙ വനം, കൈവശം ഭൂമികൾ വേർതിരിക്കുന്ന അടയാളങ്ങളും രേഖകളും കൃത്യമായുണ്ടെങ്കിലും ഭൂമികൈമാറ്റമുൾപ്പെടെയുള്ളവയ്ക്ക് നിരാക്ഷേപപത്രം വേണമെന്ന നിബന്ധന വനാതിർത്തിയിലെ ജനങ്ങളെ വലയ്ക്കുന്നു. നിലവിലുള്ള പട്ടയം, ആധാരം എന്നിവയുടെ അതിർത്തിയിൽ വനമെന്നുചേർത്തിട്ടുണ്ടെങ്കിൽ ഡിഎഫ്ഒയുടെ നിരാക്ഷേപ പത്രം വേണമെന്നാണ് നിബന്ധന. ഇത്തരം ഭൂമിയിൽ നിർമാണങ്ങൾക്കും ബാങ്ക് വായ്പകൾക്കും ഈ രേഖ ആവശ്യപ്പെടുന്നവരുണ്ട്. വനത്താൽ ചുറ്റപ്പെട്ട വയനാട്ടിലെ വനയോര പ്രദേശങ്ങളിലെ ആയിരക്കണക്കിനാളുകളുടെ പഴയ രേഖകളിൽ വസ്തുവിന്റെ അതിരിൽ വനം എന്നാണു രേഖപ്പെടുത്തിയിട്ടുള്ളത്.

വനം, റവന്യു വകുപ്പുകൾ കൃത്യമായി സർവേ നടത്തി കാടും നാടും തമ്മിൽ വേർതിരിക്കുകയും വനാതിർത്തിയിൽ ജണ്ടയും റവന്യു, ജന്മസ്ഥലങ്ങളുടെ അതിരിൽ സർവേക്കല്ലുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് കാലാകാലങ്ങളിൽ ആളുകൾ ഭൂവിനിയോഗവും കൃഷിയും കൈമാറ്റവും നടത്തിവരുന്നത്. ജില്ലയിൽ വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട പരാതികളും കേസുകളും തീരെയില്ലതാനും.റീസർവേ നടന്നപ്പോൾ ഇക്കാര്യം വീണ്ടുംപരിശോധിക്കുകയും സംശയമുള്ള കേസുകളിൽ സംയുക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇപ്പോൾ ഇത്തരം ഭൂമിയുടെ ഉടമയ്ക്ക് വിൽപത്രം പോലും തയാറാക്കി റജിസ്റ്റർ ചെയ്യാൻ സാധിക്കാതായി. അതിനും റജിസ്ട്രേഷൻ ഉദ്യോഗസ്ഥർ നിരാക്ഷേപപത്രം ആവശ്യപ്പെടുന്നു.

 കാത്തിരിപ്പ് മാസങ്ങൾ
നിരാക്ഷേപപത്രത്തിന് അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അത് ലഭിക്കുന്നില്ല. ഡിഎഫ്ഒയാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. അപേക്ഷയൊടൊപ്പം 30 വർഷത്തെ കുടിക്കട സർട്ടിഫിക്കറ്റ്, അടിയാധാരങ്ങൾ, വില്ലേജ് സ്കെച്ച്, അടങ്കൽ സർട്ടിഫിക്കറ്റ്, എഫ്എംബി, സാക്ഷ്യപത്രം, ആധാരം, നികുതിശീട്ട്, സബ്റജിസ്ട്രാറുടെ കത്ത് എന്നിവ നൽകണം. ഈ രേഖകൾ ലഭിക്കാനുള്ള കാലതാമസവും ചെലവുകളും സഹിച്ച് ബന്ധപ്പെട്ട റേഞ്ച് ഓഫിസിലെത്തിച്ചാൽ പിന്നെയും കാത്തിരിക്കണം. അപേക്ഷ വനംവകുപ്പിന്റെ സർവേ വിഭാഗത്തിന്റെ പരിശോധനയ്ക്കുവിടും. എന്തെങ്കിലും കുറവുകൾ ചൂണ്ടിക്കാട്ടി അപേക്ഷ നിരസിച്ചാൽ വീണ്ടും ആവശ്യപ്പെടുന്ന രേഖകളുണ്ടാക്കി നൽകണം.

ഫലത്തിൽ മാസങ്ങളുടെ കാലതാമസുമുണ്ടാകുന്നു.വനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തർക്കമോ, പരാതിയോ നിലനിൽക്കുന്ന സ്ഥലത്തിന്റെ ഭൂനികുതി സ്വീകരിക്കാറില്ല. വനാതിർത്തിയിൽ കഴിയുന്നതിന്റെ പേരിൽ മാത്രമാണ് ആളുകൾ പീഡിപ്പിക്കപ്പെടുന്നത്. റവന്യു, വനം ഓഫിസുകളിൽ രേഖകൾ കൃത്യമായി കംപ്യൂട്ടറുകളിലുണ്ടെങ്കിലും ഉടമ പിന്നെയും നിരാക്ഷേപത്തിന് ഓഫിസുകൾ കയറിയിറങ്ങണം. അത്യാവശ്യക്കാരനു ഭൂമിവിൽക്കാനോ, കുടുംബാംഗങ്ങളുടെ പേരിലേക്ക് എഴുതിക്കൊടുക്കാനോ കഴിയില്ല. അപേക്ഷകൾ കുന്നുകൂടിയതോടെ 3 മാസമെന്ന കാലാവധിക്ക് പരിധിയില്ലാതായി.

English Summary:

This article highlights the plight of residents living near forest boundaries in Pulpally, Wayanad, who face difficulties in land transfers and transactions due to the mandatory requirement of a No Objection Certificate (NOC) from the Forest Department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com