ADVERTISEMENT

മുള്ളൻകൊല്ലി ∙ കബനിപ്പുഴയോരത്തെ കൃഗന്നൂർ ജലസേചന പദ്ധതിയുടെ കഷ്ടകാലം ഒഴിയുന്നില്ല. പ്രധാനമന്ത്രിയുടെ പ്രത്യേക നെല്ലുൽപാദന പദ്ധതിയിൽ 25 വർഷം മുൻപ് നിർമിച്ച പദ്ധതി ഫലപ്രദമായി ഉപയോഗിക്കാനാവുന്നില്ലെന്നാണ് കർഷകരുടെ പരാതി. കബനിയിൽ വെള്ളംനിറയുമ്പോഴും കുറയുമ്പോഴും പമ്പിങ് നടക്കാത്ത അവസ്ഥ. ഇപ്പോൾ കബനി നിറഞ്ഞുകിടക്കുന്നു. പമ്പിങ്ങിന് ഉപയോഗിച്ചിരുന്ന 15 എച്ച്പിയുടെ 2 മോട്ടറുകളും തകരാറിൽ. ഇനിയുള്ള 30 എച്ച്പിയുടെ മോട്ടർ സ്ഥാപിക്കേണ്ട യാർഡ് വെള്ളത്തിൽ മുങ്ങി. പുഴയിലെ ജലനിരപ്പ് താഴാതെ ഇത് സ്ഥാപിക്കാനാവില്ല.

കർഷകരുടെ ഗതികേട് കണ്ട ബ്ലോക്ക് പഞ്ചായത്ത് 20 എച്ച്പിയുടെ മോട്ടർ വാങ്ങിനൽകി. 2 മാസമായി അതും വെറുതെ കിടക്കുന്നു. ഈ മോട്ടർ സ്ഥാപിക്കാനുള്ള ചെലവ് ആരു വഹിക്കുമെന്നതാണ് പ്രശ്നം. കണക്കെടുത്തപ്പോൾ അതിനു 2 ലക്ഷം വേണം. കൃഷിഭവൻ മുഖേന ജില്ലാ കൃഷി ഓഫിസിലേക്ക് അപേക്ഷ നൽകി കാത്തിരിക്കുന്നു.ബാക്കിയുള്ള സാമഗ്രികൾക്കും പമ്പ് ഉൾപ്പെടെയുള്ളവയ്ക്കുമായി ഇരട്ടി തുക വേണമെന്നാണ് കണക്കാക്കിയത്. 

ഈ സീസണിൽ ഇതുവരെ പമ്പിങ് നടത്താനായില്ല. ജലലഭ്യതയുണ്ടായിരുന്നതിനാൽ നടീലിനും വളമിടീലിനും ജലസേചനം വേണ്ടിവന്നില്ല. മഴമാറി വെയിൽ കനത്തതോടെ പാടങ്ങളിൽ വെള്ളമില്ലാതായി രണ്ടാഴ്ചയ്ക്കകം പമ്പിങ് നടക്കണമെന്ന് കർഷകർ പറയുന്നു.ഈ സാഹചര്യത്തിൽ അതിനുള്ള സാധ്യതയുമില്ല. പദ്ധതി നവീകരണത്തിന് 2.25 കോടിയുടെ പദ്ധതി തയാറാക്കി ജലസേചന വകുപ്പിനു കൈമാറിയിരുന്നു. ഫണ്ടില്ലെന്ന കാരണത്താൽ മാസങ്ങൾക്കുശേഷം ആവശ്യമായ തിരുത്തലുകളോടെ വീണ്ടും വയനാട് പാക്കേജിന്റെ പരിഗണനയ്ക്കു സമർപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാ വിവരങ്ങൾ കഴിഞ്ഞ ദിവസവും നൽകിയെന്ന് കൃഷി ഓഫിസർ അറിയിച്ചു.

പുതിയ പമ്പ്ഹൗസ്, കനാലുകൾ, പൈപ്പ് ലൈനുകൾ തുടങ്ങി എല്ലാ സംവിധാനങ്ങളോടും കൂടിയ പദ്ധതി ഉപയോഗിച്ച് കരസ്ഥലങ്ങളിലും ജലസേചനം നടത്താനാവും. സർക്കാർ അംഗീകാരം ലഭിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി ഇതിനും വിലങ്ങുതടിയാകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. പ്രദേശത്ത് നിലവിലുള്ള കനാലുകളാകെ തകർന്നു. ഇതിനു പകരം പൈപ്പുലൈനാണ് പുതിയ പദ്ധതിയിൽ പരിഗണിക്കുന്നത്. അടുത്തകൃഷിക്കു മുമ്പായെങ്കിലും പദ്ധതി നിർമാണം ആരംഭിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല.

English Summary:

The Krishnanur Irrigation Project on the Kabani River, built 25 years ago, is failing to deliver water to farmers due to non-functional pumps, funding shortages, and bureaucratic delays. Despite proposals for renovation and a revised plan submitted under the Wayanad Package, farmers remain concerned about their future as their fields dry up.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com