ADVERTISEMENT

കൽപറ്റ ∙ ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാതെ അധികൃതർ. 4 മാസത്തിനിടെ ജില്ലയിൽ നൂറിലധികം പേർക്കാണു  തെരുവുനായ്ക്കളുടെ കടിയേറ്റത്. തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ 2022 മാർച്ചിൽ പ്രഖ്യാപിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിക്കാണെങ്കിൽ വേഗവും പോരാ.

തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ട് വിവിധ സർക്കാർ പദ്ധതികളിലേക്കായി നിർബന്ധമായും വകയിരുത്തണമെന്ന നിർദേശം വന്നതോടെയാണു പദ്ധതി അവതാളത്തിലായത്. വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടികൾ വൈകുന്നതു തെരുവുനായ് ശല്യം രൂക്ഷമാക്കുകയാണ്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്നു വിദ്യാർഥികൾ അടക്കമുള്ളവർ കഷ്ടിച്ചാണു രക്ഷപ്പെടുന്നത്. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതസവാരി ഉപേക്ഷിച്ചു. സുരക്ഷയ്ക്കായി വടികളുമായി പ്രഭാതസവാരിക്ക് ഇറങ്ങുന്നവരുമുണ്ട്. 

wayanad-stray-dog-attack

വഴികൾ കീഴടക്കി തെരുവുനായ്ക്കൾ 
പ്രതിരോധ നടപടികൾക്കു വേഗം കുറഞ്ഞതോടെ നിലവിൽ ഗ്രാമ–നഗര വീഥികളെല്ലാം തെരുവുനായ്ക്കൾ കയ്യടക്കിയ നിലയിലാണ്. കൽപറ്റ നഗരത്തിൽ ഇറങ്ങി നടക്കണമെങ്കിൽ കയ്യിൽ വടി കരുതേണ്ട അവസ്ഥയാണ്. 40ൽ ഏറെ നായ്ക്കളാണു നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.      പഴയ ബസ് സ്റ്റാൻഡ് പരിസരം, എച്ച്ഐഎംയുപി സ്കൂളിനു സമീപം, അനന്തവീര തിയറ്ററിനു സമീപം, പള്ളിത്താഴെ റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം, പഴയ മാർക്കറ്റ് പരിസരം എന്നിങ്ങനെ നഗരത്തിലെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം നായ്ക്കൾ തമ്പടിച്ചിട്ടുണ്. 2018ലെ സെൻസസ് പ്രകാരം നഗരസഭാ പരിധിയിൽ 185 തെരുവുനായ്ക്കളുണ്ടെന്നാണു കണക്ക്. 

എന്നാൽ, നിലവിൽ നായ്ക്കളുടെ എണ്ണം 300 കടന്നു. അനന്തവീര തിയറ്ററിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രം രാത്രിയാകുന്നതോടെ തെരുവുനായ്ക്കളുടെ വിശ്രമകേന്ദ്രമാണ്.  വൈത്തിരി ടൗണിലും താലൂക്ക് ആശുപത്രി പരിസരത്തും തെരുവുനായ്ക്കൾ കൂട്ടത്തോടെ വിഹരിക്കുകയാണ്. വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തുന്നവരും ബൈക്ക് യാത്രികരും ആക്രമണത്തിനിരയാകുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കു മുന്നിലേക്കു തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിയെത്തുന്നതും പതിവു കാഴ്ച.

ബത്തേരി ടൗണിൽ മാലിന്യങ്ങൾ കുറവായതിനാൽ പൊതുവേ തെരുവുനായ്ശല്യം കുറവാണ്. എന്നാൽ, ഗ്രാമപ്രദേശങ്ങളിലും നെന്മേനി, നൂൽപുഴ പഞ്ചായത്തുകളിലും ടൗണുകളിലും ചെറിയ അങ്ങാടികളിലും ശല്യം രൂക്ഷമാണ്. മേപ്പാടി ടൗണിലും പരിസരങ്ങളിലും പഞ്ചായത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തെരുവുനായ് ശല്യമുണ്ട്. പുൽപള്ളിയിലും ശല്യം രൂക്ഷമാണ്. ടൗണിലെ ബസ് സ്റ്റാൻഡ്, പൊലീസ് സ്റ്റേഷൻ പരിസരം, പഴയ സാമൂഹികാരോഗ്യ കേന്ദ്രം തുടങ്ങിയ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെല്ലാം തെരുവുനായ്ക്കൾ തമ്പടിക്കുകയാണ്. കാൽനടയാത്രക്കാർക്കാണു കൂടുതൽ ഭീഷണി. 

മാനന്തവാടിയിൽ തെരുവുനായ് ശല്യമില്ലാത്ത ഒരിടം പോലുമില്ലെന്നതാണു സത്യം. പൊലീസ് സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻ‍ഡ്, എരുമത്തെരുവ് ഭാഗങ്ങളിലാണു ശല്യം കൂടുതൽ. വെള്ളമുണ്ട പഞ്ചായത്തിലെ പാണ്ടിക്കടവ്, തവിഞ്ഞാൽ പഞ്ചായത്തിലെ പേരിയ മേഖലകളിലും ശല്യം രൂക്ഷമാണ്. പനമരം ടൗണും പരിസരങ്ങളും, കണിയാമ്പറ്റ ടൗൺ, കമ്പളക്കാട്, കേണിച്ചിറ, നടവയൽ ടൗൺ എന്നിവിടങ്ങളിലും സ്ഥിതി ഭിന്നമല്ല. മീനങ്ങാടിയിൽ ബസ് സ്റ്റാൻഡ് പരിസരത്താണു വിളയാട്ടം. അമ്പലവയൽ ടൗണിൽ ബസ് സ്റ്റാൻഡ്, മാർക്കറ്റ് പരിസരം എന്നിവിടങ്ങളിലും ശല്യമേറെ. 

ഒച്ചിഴയും പോലെ എബിസി !
കഴിഞ്ഞ മാർച്ചിലാണു ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് എബിസി പദ്ധതി പ്രഖ്യാപിച്ചത്. ഓരോ പ്രദേശത്തെയും തെരുവുനായ്ക്കളെ  പിടികൂടി എബിസി കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യംകരണം നടത്തി പേവിഷത്തിനെതിരായ കുത്തിവയ്പു നടത്തി 3 ദിവസം സംരക്ഷിച്ച ശേഷം പിടികൂടിയ അതേ സ്ഥലത്തു തിരിച്ചുകൊണ്ടു വിടുന്നതാണു പദ്ധതി. 

നടത്തിപ്പിന് ആവശ്യമായ വെറ്ററിനറി ഡോക്ടർമാർ, ഓപ്പറേഷൻ തിയറ്റർ സഹായികൾ, നായപിടിത്തക്കാർ എന്നിവരെ കരാർ അടിസ്ഥാനത്തിൽ  ജില്ലാ പഞ്ചായത്ത് നിയമിക്കുകയും ചെയ്തിരുന്നു. ജില്ലയിൽ പേവിഷബാധ മൂലം മരണം റിപ്പോർട്ട് ചെയ്ത നൂൽപുഴ പഞ്ചായത്തിലാണ് ആദ്യഘട്ടത്തിൽ പദ്ധതി തുടങ്ങിയത്. ആ വർഷം 300ൽ അധികം തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. എന്നാൽ, പിന്നീടു പദ്ധതിയുടെ വേഗം കുറഞ്ഞു. എല്ലാ പ‍ഞ്ചായത്തുകളും എബിസി പദ്ധതിക്കു തുക വകയിരുത്താറുണ്ട്. എന്നാൽ തുടർനടപടി ഉണ്ടാകാറില്ല. കർശന നിർദേശം ഉള്ളതിനാൽ പഞ്ചായത്തുകൾ തുക വകയിരുത്തുമെങ്കിലും തുടർ നടപടി പ്രഹസനമാകുന്നു. 

ഹോട് സ്പോട്ടുകൾ
ജില്ലയിൽ നിലവിൽ 3 നഗരസഭകൾ ഉൾപ്പെടെ 7 ഹോട് സ്പോട്ടുകളാണുള്ളത്. തെരുവുനായ്ക്കളുടെ കടിയേറ്റ വളർത്തുമൃഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ഹോട് സ്പോട്ടുകൾ നിർണയിക്കുന്നത്. കൽപറ്റ, ബത്തേരി, മാനന്തവാടി നഗരസഭകളും നൂൽപുഴ, മാനന്തവാടി, മേപ്പാടി, വെള്ളമുണ്ട, അമ്പലവയൽ പഞ്ചായത്തുകളുമാണു ഹോട് സ്പോട്ടുകൾ.

ഇതിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് കൽപറ്റ നഗരസഭയിലാണ്. 2019 ലെ ലൈവ്‌ സ്റ്റോക് സെൻസസ് പ്രകാരം ജില്ലയിൽ 30,980 വളർത്തുനായ്ക്കളും 6919 തെരുവുനായ്ക്കളുമാണുള്ളത്. ഏറ്റവും കൂടുതൽ തെരുവുനായ്ക്കൾ ഉള്ളതായി കണ്ടെത്തിയത് തിരുനെല്ലി പഞ്ചായത്ത് പരിധിയിലാണ്–1350. ഏറ്റവും കൂടുതൽ വളർത്തുനായ്ക്കളുള്ളതു പൂതാടിയിലും–2706.

ടൗണിൽ ഇറങ്ങി നടക്കാൻ പേടി
തെരുവുനായ്ക്കൾ കാരണം ടൗണിൽ ഇറങ്ങി നടക്കാൻ പേടിയാണ്. സാധനങ്ങളുമായി പോകുന്ന ഇരുചക്ര വാഹനയാത്രക്കാരുടെ പിന്നാലെ കൂടി, ബൈക്കിൽ തൂക്കിയ സാധനങ്ങൾ കടിച്ചുകീറിയെടുക്കുന്ന നായ്ക്കളും ടൗണിലുണ്ട്. പ്രതിരോധ നടപടികൾ ഉൗർജിതമാക്കാതെ അധികൃതർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. 

എബിസി കേന്ദ്രങ്ങളുടെ നിർമാണം  മുന്നോട്ട് 
ബത്തേരി, പ‍ടിഞ്ഞാറത്തറ എന്നിവിടങ്ങളിലായി എബിസി കേന്ദ്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. അനിമൽ ബർത്ത് കൺട്രോൾ ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് നിർമാണം. 2 മാസം കൊണ്ടു പൂർത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ. മുഴുവൻ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളുമാണു നിർമാണത്തിനു പണം വകയിരുത്തിയത്. ബത്തേരിയിൽ ബത്തേരി ബ്ലോക്ക് പഞ്ചായത്തും പടിഞ്ഞാറത്തറയിൽ കൽപറ്റ ബ്ലോക്ക് പഞ്ചായത്തുമാണു പ്രവൃത്തി നടത്തുന്നത്. ബത്തേരിയിൽ കൂടിന്റെയും ഓപ്പറേഷൻ തിയറ്ററിന്റെയും നിർമാണം അന്തിമഘട്ടത്തിലാണ്. ഇതു പൂർത്തിയാക്കിയ ശേഷം അനിമൽ ബർത്ത് കൺട്രോൾ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭ്യമായാൽ കേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാനാകും. 

English Summary:

Wayanad district is grappling with a sharp rise in stray dog attacks, causing alarm among residents and impacting tourism. While an Animal Birth Control program is in place, its implementation faces hurdles, leaving communities vulnerable. This article examines the severity of the issue, the slow progress of sterilization efforts, and the impact on various towns within Wayanad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com