വിറകെടുക്കാൻ പോയ സ്ത്രീയെ കാട്ടാന ആക്രമിച്ചു
Mail This Article
പുൽപള്ളി ∙വനത്തിൽ വിറക് ശേഖരിക്കാൻ പോയ ചന്ദ്രോത്ത് ഗോത്രസങ്കേതത്തിലെ ബസവിക്ക് (60) കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് കുണ്ടുവാടി വനക്ഷേത്രത്തിനു സമീപത്ത് ബസവിയെ കാട്ടാന ആക്രമിച്ചത്. പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ബഹളമുണ്ടാക്കിയാണ് ആനയെ തുരത്തിയത്. ദേഹമാസകലം പരുക്കേറ്റ ഇവരെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് പ്രഥമ ചികിത്സ നൽകി. വാരിയെല്ലുകൾക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കുണ്ടുവാടി, ചന്ദ്രോത്ത് വനഗ്രാമങ്ങളിൽ കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്. പകൽസമയത്തും വനാതിർത്തിയിൽ ആനയെത്തുന്നു. വനാതിർത്തിയിൽ പലേടത്തും തൂക്കുവേലിയിട്ടതോടെ ഈ പ്രദേശങ്ങളിൽ കാട്ടാനശല്യം കൂടിയെന്ന് പ്രദേശവാസികൾ പറയുന്നു. അടുത്തിടെ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ ചന്ദ്രോത്ത് കോളനിയിലെ കാളി(68), പൊളന്ന കോളനിയിലെ ബൈരൻ(45) എന്നിവർ ഇപ്പോഴും എഴുന്നേറ്റ് നടക്കാൻ കഴിയാത്ത അവസ്ഥയിലാണ്.