ADVERTISEMENT

പുൽപള്ളി ∙ രാപകൽ ഭേദമില്ലാതെ വനാതിർത്തിയിലെത്തുന്ന കാട്ടാനകൾ വനത്തോടു ചേർന്നുള്ള ഗ്രാമവാസികൾക്കു ഭീഷണിയായി. ഉദയക്കര– ചേകാടി റൂട്ടിലെ പൊളന്ന, കുണ്ടുവാടി, ചന്ദ്രോത്ത്, കൊല്ലിവയൽ ഗ്രാമങ്ങൾ വനത്താൽ ചുറ്റപ്പെട്ടവയാണ്. ഇവിടെ 8 ഗോത്രസങ്കേതങ്ങളിലായി ഇരുനൂറോളം കുടുംബങ്ങളുണ്ട്. വനപ്രദേശത്തെ തുണ്ടുഭൂമിയിലെ കൃഷിയും കൂലിപ്പണിയുമാണിവരുടെ ജീവിതമാർഗം. സദാസമയവും വന്യമൃഗശല്യമുള്ള ഇവരുടെ സംരക്ഷണത്തിന് ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.3 ഗോത്രകുടുംബവും 2 ചെട്ടികുടുംബവുമുള്ള കൊല്ലിവയൽ നിവാസികളാണ് ഏറ്റവുമധികം ഭീഷണി നേരിടുന്നത്.

പുൽപള്ളി– ചേകാടി റൂട്ടിലെ കുണ്ടുവാടി വനമേഖലയിൽ സ്ഥിരമായി കാണുന്ന 
ആനകൾ. ഇവയിലൊന്നാണ് വാഹനങ്ങളുടെ നേരെ പാഞ്ഞെത്തുന്നത്.
പുൽപള്ളി– ചേകാടി റൂട്ടിലെ കുണ്ടുവാടി വനമേഖലയിൽ സ്ഥിരമായി കാണുന്ന ആനകൾ. ഇവയിലൊന്നാണ് വാഹനങ്ങളുടെ നേരെ പാഞ്ഞെത്തുന്നത്.

നിബിഡവനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ചാലേ ഇവർക്ക് പുറത്തെത്താനാവൂ. ഇവരെ മാറ്റിപാർപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടു കാലമേറെയായെങ്കിലും ലക്ഷ്യം സാധിച്ചിട്ടില്ല. ചേകാടിയടക്കമുള്ള പ്രദേശങ്ങളിൽ തൂക്കുവേലി സ്ഥാപിച്ചതോടെ ആനകളുടെ താവളം കുണ്ടുവാടി വനമേഖലയിലായി. തീറ്റയുംവെള്ളവും സുലഭമായ ഇവിടം പണ്ടേ ആനത്താരയാണ്. കർണാടക വനത്തിലേക്കും തിരിച്ചും ആനകൾ സഞ്ചരിക്കുന്നതും ഇതുവഴി. കഴിഞ്ഞ ദിവസം വിറകെടുക്കാൻ വനത്തിൽ പോയ ചന്ദ്രോത്ത് കോളനിയിലെ ബസവി(60) കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

ഇവരുടെ തുടയെല്ലും വാരിയെല്ലുകളും പൊട്ടിയിട്ടുണ്ട്. മുമ്പ് കാട്ടാനയാക്രമണത്തിൽ പരുക്കേറ്റ പൊളന്നഗ്രാമത്തിലെ ബൈരൻ(48), മാസ്തി(38), കാളൻ(58) എന്നിവരും കുണ്ടുവാടി മേലെ ഊരിലെ കാളനും(60) ഇപ്പോഴും വീട്ടിലിരിപ്പാണ്. ഒരുജോലിയും ചെയ്യാനാവാതെ ഇവരുടെ ജീവിതംദുരിതമയമായി. ആനശല്യം രൂക്ഷമായതിനാൽ തങ്ങളുടെ സുരക്ഷയുറപ്പാക്കണമെന്ന് ഗ്രാമവാസികൾ പറയുന്നു. ഗ്രാമങ്ങൾക്കുചുറ്റും തൂക്കുവേലിയോ, ഇതരസംവിധാനമോ വേണമെന്നാണിവരുടെയാവശ്യം.

ബൈക്ക്  യാത്രക്കാർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു
ഉദയക്കര ∙ ചേകാടി റൂട്ടിൽ ബൈക്കിൽ പോവുകയായിരുന്ന യുവാക്കളുടെ നേരെ കാട്ടാന പാഞ്ഞടുത്തു. ഉദയക്കര തേക്ക്കൂപ്പിനടുത്തുണ്ടായിരുന്ന രണ്ടാനകളിലൊന്നാണ് പൊളന്ന സ്വദേശികളായ അജികൃഷ്ണ(20), ആദർശ് (19) എന്നിവരുടെ ബൈക്കിനുനേരെ ചീറിയടുത്തത്. വടാനക്കവല മാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങിവരുമ്പോഴാണ് കാട്ടാനകളുടെ മുന്നിലകപ്പെട്ടത്. കുറെദൂരം ആന ഇവരുടെ പിന്നാലെ പാഞ്ഞെത്തി. 

English Summary:

This article highlights the dangers faced by villagers in Kerala, India, where wild elephants frequently encroach upon their land and homes. The communities rely on the forest for their livelihoods but lack adequate protection from these animals, posing a significant threat to their safety and well-being.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com