ADVERTISEMENT

കൽപറ്റ ∙ ബിജെപി ജില്ലാ നേതൃത്വം നിർദേശിച്ച പേരുകളിൽ ഏറ്റവും അവസാനത്തെയാളായി ഇടംപിടിച്ച മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസ് വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം കൂടി പൂർത്തിയായതോടെ വയനാട്ടിൽ മത്സരചിത്രവും തെളിഞ്ഞു. യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി 23ന് മണ്ഡലത്തിലെത്തും. ഇനിയങ്ങോട്ട് വയനാട് പൂർണമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാകും.

വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപറ്റയിൽ നടന്ന കൺവൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.  ചിത്രം: മനോരമ
വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപറ്റയിൽ നടന്ന കൺവൻഷൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ

സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, എം.ടി. രമേശ്, എ.പി. അബ്ദുല്ലക്കുട്ടി എന്നിവരിൽ തുടങ്ങി സിനിമാതാരവും ബിജെപി ദേശീയ നിർവാഹകസമിതിയംഗം ഖുശ്ബുവരെയുള്ളവരുടെ പേരുകൾ സ്ഥാനാർഥി ചർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഉയർന്നുവന്നെങ്കിലും ഒടുവിൽ നവ്യ ഹരിദാസിനിനെയാണ് എൻഡിഎ സ്ഥാനാർഥിയായി പരിഗണിച്ചത്.

പ്രിയങ്ക ഗാന്ധി യു‍ഡിഎഫ് സ്ഥാനാർഥിയായി എത്തുന്ന സാഹചര്യത്തിൽ വയനാട്ടിൽ എൻഡിഎ ടിക്കറ്റിൽ വനിതാ നേതാവിനെത്തന്നെ മൽസരിപ്പിക്കണമെന്ന അഭിപ്രായത്തിനായിരുന്നു ബിജെപിയിൽ മേൽക്കൈ. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ വയനാട്ടിൽ മത്സരിപ്പിക്കണമെന്നും ശക്തമായ അഭിപ്രായമുയർന്നു. എന്നാൽ, ശോഭയ്ക്ക് പാലക്കാട് സീറ്റിൽ നോട്ടമുണ്ടായിരുന്നതും പിന്നീട് പാലക്കാട്ട് സി. കൃഷ്ണകുമാറിനെ മത്സരിപ്പിക്കാൻ തീരുമാനമുണ്ടാകുകയും ചെയ്തതോടെ വയനാട്ടിൽ നവ്യയെ പരിഗണിക്കുകയായിരുന്നു. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നവ്യ കാഴ്ചവച്ച മികച്ച പ്രകടനവും 2 തവണ തുടർച്ചയായി കോഴിക്കോട് കോർപറേഷനിൽ കൗൺസിലറായതും എൻഡിഎ കണക്കിലെടുത്തു.മുതിർന്ന നേതാക്കന്മാരെയടക്കം മാറ്റിനിർത്തിയുണ്ടായ സ്ഥാനാർഥി പ്രഖ്യാപനമാണെങ്കിലും പരമാവധി ശക്തമായ പ്രചാരണത്തിലൂടെ മുന്നേറ്റം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ. വയനാടിന്റെ അയൽക്കാരിയും തദ്ദേശസ്ഥാപന പ്രതിനിധിയെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച നേതാവുമെന്ന നിലയിൽ നവ്യയെ അവതരിപ്പിക്കാനാണ് എൻഡിഎ തീരുമാനം. നാളെ നവ്യാ ഹരിദാസ് വയനാട്ടിലെത്തും.

രാവിലെ 10.30ന് കൽപറ്റയിലെത്തുന്ന സ്ഥാനാർഥിക്കു ഉജ്വല സ്വീകരണം നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അറിയിച്ചു. റോഡ് ഷോയിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുക്കും. കോഴിക്കോട് കോർപറേഷനിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവും മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ നവ്യാ ഹരിദാസിന്റെ പ്രചാരണത്തിനായി വരുംദിവസങ്ങളിൽ ദേശീയ, സംസ്ഥാന നേതാക്കളും മണ്ഡലത്തിലെത്തും. കോഴിക്കോട് കോർപറേഷനിൽ 2 തവണ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട നവ്യ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. 

ബിടെക് ബിരുദധാരിയാണ്. ബാലഗോകുലം പ്രവർത്തനത്തിലൂടെയാണു പൊതുപ്രവർത്തന രംഗത്തിറങ്ങിയത്. കാരപ്പറമ്പ് ഝാൻസി ബാലഗോകുലം രക്ഷാധികാരി, ഭഗിനിപ്രമുഖ് തുടങ്ങിയ ചുമതലകൾ വഹിച്ചു. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

പ്രിയങ്കയ്ക്കായി വാർ റൂമിൽസരൾ പട്ടേൽ
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ സമൂഹമാധ്യമ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ കോൺഗ്രസ് പബ്ലിസിറ്റി കമ്മിറ്റി അംഗം സരൾ പട്ടേലിനെ നിയോഗിച്ചു. 2019 മുതൽ പാർട്ടിയുടെ സോഷ്യൽമീഡിയ നാഷനൽ കൺവീനറായിരുന്ന സരളിനെ കഴിഞ്ഞ ഏപ്രിലിലാണ് പാർട്ടിയുടെ പബ്ലിസിറ്റി കമ്മിറ്റിയിൽ അംഗമാക്കിയത്. രാഹുൽ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയിൽ വൊളന്റിയറായിരുന്നു.2019ലെ ലോക്സഭ തിരഞ്ഞെടുപ്പു മുതൽ കോൺഗ്രസിന്റെ വാർ റൂം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നയാളാണ് ഗുജറാത്ത് സ്വദേശിയായ സരൾ.

English Summary:

The BJP has announced Navya Haridas as its candidate for the Wayanad constituency in the upcoming elections. Ms. Haridas, a prominent leader in the Mahila Morcha and a serving Kozhikode Corporation Councillor, is expected to put up a strong fight for the NDA.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com