ADVERTISEMENT

കൽപറ്റ ∙ പ്രിയങ്ക ഗാന്ധിക്ക് വൻ സ്വീകരണം നൽകാനൊരുങ്ങി യുഡിഎഫ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനായി 23നാണു പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുക. രാവിലെ 11ന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിക്കുന്ന റോഡ് ഷോയിൽ പ്രിയങ്കയ്ക്കൊപ്പം രാഹുൽഗാന്ധിയുമുണ്ടാകും. ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപം വരെ നടക്കുന്ന റോഡ് ഷോയിൽ പതിനായിരക്കണക്കിന് പ്രവർത്തകരെ പങ്കെടുപ്പിക്കാനുള്ള തയാറെടുപ്പുകൾ ജില്ലാ യുഡിഎഫ് നേതൃത്വം തുടങ്ങി.

വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരത്തിനു തുടക്കം കുറിച്ച് കൽപറ്റയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ, കെ.സി.ജോസഫ് എന്നിവരുമായി സംഭാഷണം നടത്തുന്നു. ചിത്രം: മനോരമ
വയനാട് ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരത്തിനു തുടക്കം കുറിച്ച് കൽപറ്റയിൽ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ യുഡിഎഫ് സംസ്ഥാന കൺവീനർ എം.എം.ഹസൻ, കെ.സി.ജോസഫ് എന്നിവരുമായി സംഭാഷണം നടത്തുന്നു. ചിത്രം: മനോരമ

സോണിയ ഗാന്ധിയും പ്രചാരണത്തിന് എത്തിയേക്കുമെന്നാണു സൂചന. പ്രിയങ്കയ്ക്കായി വോട്ടഭ്യർഥിക്കാൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ ദേശീയ നേതാക്കളുടെ വൻനിര വരുംദിവസങ്ങളിൽ മണ്ഡലത്തിലെത്തും. ഇവർ വയനാട്ടിൽ ക്യാംപു ചെയ്ത് കുടുംബ സംഗമങ്ങൾ അടക്കമുള്ള പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. പ്രിയങ്ക ഗാന്ധിക്ക് 5 ലക്ഷത്തിലധികം ഭൂരിപക്ഷം നേടുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം.

വയനാട് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രചാരണത്തിനായിരിക്കും നേതൃത്വം നൽകുകയെന്നു യുഡിഎഫ് നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു. ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ച രാത്രിയിൽ തന്നെ പ്രവർത്തകർ പ്രചാരണ പരിപാടികൾ തുടങ്ങിയിരുന്നു. സ്ത്രീകളുടെ വോട്ട് പരമാവധി സമാഹരിക്കാനാണു യുഡിഎഫ് ലക്ഷ്യം. ഇതിനായുള്ള പ്രത്യേക പ്രചാരണ പരിപാടികളും കോൺഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്. കൽപറ്റയിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കാണു ചുമതല.

ബത്തേരിയിൽ ഡീൻ കുര്യാക്കോസ് എംപിയും മാനന്തവാടിയിൽ സണ്ണി ജോസഫ് എംഎൽഎയും ക്യാംപ് ചെയ്ത് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. നിയോജക മണ്ഡലം കൺവൻഷനുകൾ ഇന്നലെ പൂർത്തിയായി. പഞ്ചായത്ത് തല കൺവൻഷനുകൾ ചൊവ്വാഴ്ചയോടെ പൂർത്തിയാകും.

English Summary:

The UDF is pulling out all the stops for Priyanka Gandhi's nomination filing in Wayanad, organizing a grand roadshow with Rahul Gandhi and thousands of supporters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com