ADVERTISEMENT

കൽപറ്റ ∙ നാളെ നാമനിർദേശ പത്രിക സമർപ്പണത്തിനായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി കൂടി എത്തുന്നതോടെ വയനാട്ടിൽ മുന്നണി സ്ഥാനാർഥികളെല്ലാം പൂർണമായും തിരഞ്ഞെടുപ്പ് കളത്തിലിറങ്ങുകയാണ്.  എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിയും എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും മണ്ഡലത്തിൽ വോട്ടഭ്യർഥന തുടങ്ങിക്കഴിഞ്ഞു. 24നാണു സത്യൻ മൊകേരി പത്രിക നൽകുന്നത്. ഇന്നലെ വണ്ടൂരിലായിരുന്നു സ്ഥാനാർഥി.  നാളെ ഏറനാട് മണ്ഡലത്തിലെ പ്രചാരണത്തിനു ശേഷം കൽപറ്റയിലെത്തും.

പഴയ വിജയ പമ്പ് പരിസരത്തുനിന്ന് റോഡ് ഷോ ആയാണു സത്യൻ മൊകേരി പത്രിക നൽകാനായി പോവുക. നാമനിർദേശ പത്രിക നൽകിയതിനു ശേഷം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷനും നടക്കും. എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസും 24നു പത്രിക നൽകും. ഇന്നു കൽപറ്റ മണ്ഡലത്തിലാണു നവ്യയുടെ പര്യടനം. ഇനിയങ്ങോട്ട് പൊതുയോഗങ്ങളുടെയും റോഡ് ഷോകളുടെയും കൺവൻഷനുകളുടെയുമെല്ലാം തിരക്കിലാകും മൂന്നു മുന്നണികളും.

പ്രിയങ്ക ഗാന്ധി തുടർച്ചയായി 10 ദിവസം വയനാട്ടിലുണ്ടാകും. യുഡിഎഫിന്റെ പഞ്ചായത്ത് തല യോഗങ്ങൾ ഇന്നത്തോടെ പൂർത്തിയാകും.  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു തുടങ്ങിയവരും പ്രിയങ്ക ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പണ ചടങ്ങിനെത്തും.

ഉറപ്പായും വോട്ട് ചെയ്യും; ക്യാംപെയ്ൻ തുടങ്ങി
കൽപറ്റ ∙ വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞടുപ്പിനായി നാടും നഗരവും ഒരുങ്ങവേ വിപുലമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും തുടക്കമായി. കരുത്തുറ്റ ജനാധിപത്യത്തിനായി  ഉറപ്പായും വോട്ട് ചെയ്യാമെന്ന സന്ദേശവുമായാണ് തിരഞ്ഞെടുപ്പ് വിഭാഗം ജില്ലയിൽ വോട്ടർ ക്യാംപെയ്ൻ തുടങ്ങിയത്. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, സ്വീപ് എന്നിവരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്തൊരുക്കിയ സിഗ്‌നേച്ചർ ക്യാംപെയ്ൻ ജില്ലാ വരണാധികാരി കൂടിയായ കലക്ടർ ഡി.ആർ. മേഘശ്രീ  ഉദ്ഘാടനം ചെയ്തു. 

ദുരന്തത്തിന് സാക്ഷികളായതിന് ശേഷമുള്ള തിരഞ്ഞെടുപ്പിനാണ് ജില്ല തയാറാകുന്നത്. വോട്ടെടുപ്പിൽ എല്ലാവരുടെയും സമ്മതിദാനം ഉറപ്പാക്കി സമാധാനപരമായ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. 'ഉറപ്പായും വോട്ട് ചെയ്യും എന്ന് സ്വന്തം വോട്ടർ' എന്ന അടിക്കുറിപ്പിന് താഴെ ഒപ്പുകൾ നിരന്നു. ജനാധിപത്യത്തിൽ വോട്ടവകാശ വിനിയോഗത്തിന്റെ പ്രാധാന്യം നാട്ടിലെങ്ങുമെത്തിക്കാൻ വേറിട്ട പരിപാടികളണ് സ്വീപ്പ് ഒരുക്കുന്നത്.

വോട്ടിങ് യന്ത്രം പരിചയപ്പെടുത്തൽ, മാരത്തൺ, സൈക്ലിങ്, ഹിൽ ട്രക്കിങ്, ഫ്ലാഷ് മോബ് തുടങ്ങി തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് സ്വീപ് ബോധവൽക്കരണം നൽകും. സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച ക്യാംപെയ്നിൽ സ്വീപ് നോഡൽ ഓഫിസർ കൂടിയായ അസിസ്റ്റന്റ്  കലക്ടർ എസ്.ഗൗതംരാജ്, ഇലക്‌ഷൻ ഡപ്യൂട്ടി കലക്ടർ എസ്. ഉഷ കുമാരി, എഡിഎം ഇൻ ചാർജ് പി.എം. കുര്യൻ, എച്ച്എസ് വി.കെ. ഷാജി എന്നിവർ പങ്കെടുത്തു.

English Summary:

This article covers the upcoming Wayanad Lok Sabha by-election, highlighting Priyanka Gandhi's arrival as the UDF candidate. It details the campaigns of LDF candidate Sathyan Mokeri and NDA candidate Navy Haridas, and outlines the Election Department's voter awareness initiatives.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com