വയനാടിന്റെ മനസ്സറിഞ്ഞ് സത്യൻ മൊകേരി; ആദ്യഘട്ട പര്യടനം പൂർത്തിയാക്കി
Mail This Article
മാനന്തവാടി ∙ പാർട്ടി നേതാവെന്ന നിലയിലും മുൻപ് ഒരു വട്ടം ലോക്സഭയിലേക്ക് മത്സരിച്ചതിലൂടെയുമെല്ലാം സുദീർഘ നാളത്തെ പരിചയമാണ് സത്യൻ മൊകേരിക്കു വയനാടുമായുള്ളത്. അതുകൊണ്ടു തന്നെ അയലത്തെ വീട്ടുകാരനെ പോലെയാണ് വടക്കേ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത്. തൊണ്ടർനാട് നിന്ന് ആരംഭിച്ച പര്യടനം രാത്രി വൈകിയാണ് മാനന്തവാടിയിൽ അവസാനിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും എത്തി ചെറിയ വാക്കുകളിലാണ് വോട്ട് അഭ്യർഥന.
തൊണ്ടർനാട് പഞ്ചായത്ത് ഓഫിസ്, പിഎച്ച്സി എന്നിവ സന്ദർശിച്ച ശേഷം വെള്ളമുണ്ട പിഎച്ച്സി, വിവിധ കമ്പനികൾ, അഞ്ചാം മൈലിലെ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലും കയറിയിറങ്ങി ഉച്ചയോടെ പനമരത്ത് എത്തി. എരനെല്ലൂരിലെയും പനമരം ടൗണിലെയും വോട്ടഭ്യർഥനയും കഴിഞ്ഞ് ദ്വാരകയിലെ റേഡിയോ മാറ്റൊലിയിൽ എത്തി. മാനന്തവാടി ഗവ.കോളജ്, പി.കെ.കാളൻ കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തി വിദ്യാർഥികളെ കണ്ട് വോട്ട് അഭ്യർഥിച്ചു. കാട്ടിക്കുളത്തെ തിരുനെല്ലി പഞ്ചായത്ത് ഓഫിസിലെത്തി ജീവനക്കാരോടും പൊതുജനങ്ങളോടും വോട്ട് ചോദിച്ചു. തുടർന്ന് തൃശിലേരി പവർ ലൂമിലെത്തി വോട്ടർമാരെ കണ്ടു.
തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വോട്ടർമാരെ കണ്ടശേഷം രാത്രിയോടെ മാനന്തവാടി നഗരത്തിലും എത്തി. മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ ജില്ലാ കൺവീനറായിരുന്ന കെ.വി.മോഹനനെ വീട്ടിലെത്തി സന്ദർശിച്ചു. എല്ലാ കേന്ദ്രങ്ങളിലും സ്ഥാനാർഥിക്കൊപ്പം ഫോട്ടോയെടുക്കാനും ഹസ്തദാനം നടത്താനും എൽഡിഎഫ് പ്രവർത്തകർ തിരക്കു കൂട്ടി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി.ബാലകൃഷ്ണൻ, സുധി രാധാകൃഷ്ണൻ, അംബിക ഷാജി നേതാക്കളായ എ.എൻ.പ്രഭാകരൻ, എ.ജോണി, വി.കെ.ശശിധരൻ, കെ.പി.ഷിജു, ആലി തിരുവാൾ, ശോഭ രാജൻ, നിഖിൽ പത്മനാഭൻ തുടങ്ങിയവർ സ്ഥാനാർഥിയെ അനുഗമിച്ചു.