ADVERTISEMENT

കൽപറ്റ ∙ മഹാജനസഞ്ചയത്തിന്റെ സ്നേഹം ഏറ്റുവാങ്ങി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിലെ കന്നിയങ്കത്തിനു വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക നൽകി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപഴ്സൻ സോണിയാ ഗാന്ധി എന്നിവർക്കൊപ്പം ദേശീയ നേതാക്കളുടെ വൻനിരയും മുഖ്യമന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളും എത്തിയതിന്റെ ഊർജത്തിലായിരുന്നു അണികൾ.

11.30നു കൽപറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ആരംഭിച്ച റോഡ് ഷോയിൽ പ്രിയങ്കയും രാഹുലുമടക്കമുള്ള നേതാക്കൾ ആയിരങ്ങളെ അഭിവാദ്യം ചെയ്തു നീങ്ങി. തുടർന്നു ഗൂഡലായിൽ സജ്ജീകരിച്ച വേദിയിൽ പൊതുസമ്മേളനം. വയനാടിനെ പ്രതിനിധീകരിക്കാനുള്ള അവസരം ബഹുമതിയായി കാണുന്നുവെന്നു പറഞ്ഞാണു പ്രിയങ്ക പ്രസംഗമാരംഭിച്ചത്. വലിയ ദുരന്തത്തിലും പരസ്പരം പിന്തുണച്ചു നിലനിന്ന വയനാട്ടുകാരുടെ ധൈര്യം ആഴത്തിൽ സ്പർശിച്ചുവെന്ന് ചൂരൽമല–മുണ്ടക്കൈ ദുരന്തത്തെ പരാമർശിച്ച് അവർ പറഞ്ഞു. 

രാഹുലും ഖർഗെയുമൊഴികെയുള്ളവർ സമയക്കുറവുമൂലം പ്രസംഗിച്ചില്ല. പത്രിക സമർപ്പണവേളയിൽ രാഹുൽ ഗാന്ധി, ഖർഗെ, സോണിയ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഭർത്താവ് റോബർട്ട് വാധ്‌രയും മകൻ റൈഹാനും അനുഗമിച്ചു. അവിടെ നിന്നു നേരെ പുത്തുമലയിലെ ശ്മശാനത്തിലെത്തിയ രാഹുലും പ്രിയങ്കയും ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരമർപ്പിച്ചു. 

English Summary:

Priyanka Gandhi officially entered the electoral fray by filing her nomination for the Wayanad Lok Sabha seat. Her entry was marked by a massive show of support from Congress leaders and the public alike.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com