ആനപ്പാറ എസ്റ്റേറ്റിലെ ക്യാമറയിൽ കടുവകൾ
Mail This Article
ആനപ്പാറ ∙ എസ്‌റ്റേറ്റിൽ ഭീതി പരത്തുന്ന കടുവകളുടെ ദൃശ്യം വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു. 3 കുട്ടികളും തള്ളയുമാണ് പ്രദേശത്തെ തേയിലത്തോട്ടത്തിലും പരിസരങ്ങളിലും ചുറ്റിക്കറങ്ങുന്നതെന്ന് വനപാലകർ സ്ഥിരീകരിച്ചു. ഇതിൽ രണ്ടെണ്ണത്തിന്റെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. കടുവയെ കൂടു വച്ച് പിടികൂടാനുള്ള അനുമതിക്കായുള്ള റിപ്പോർട്ട് ഉത്തരമേഖല സിസിഎഫിന് നൽകിയതായി സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ പറഞ്ഞു.
ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുവാദം ലഭിച്ചാൽ ഉടൻ കൂട് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈത്തിരി മോഡൽ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ബൈജുവിന്റെ നേതൃത്വത്തിൽ ദ്രുതകർമസേനാ അംഗങ്ങൾ അടക്കം മുഴുവൻ സമയവും പ്രദേശത്ത് 24 മണിക്കൂറും പട്രോളിങ് നടത്തുന്നുണ്ട്. ചുണ്ടേൽ ആനപ്പാറ വാരിയത്ത് പറമ്പിൽ നൗഫലിന്റെ 3 പശുക്കളെയാണു ആനപ്പാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിനോടു ചേർന്ന് തിങ്കളാഴ്ച രാവിലെ ആറോടെ ചത്ത നിലയിൽ കണ്ടെത്തിയത്. ചെമ്പ്ര മലയുടെ താഴ്‌വാര പ്രദേശമായതിനാൽ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാണ്.
കടുവകളെ പിടിച്ചില്ലെങ്കിൽ സമരം
ചുണ്ടേൽ ∙ ആനപ്പാറയെ ഭീതിയിലാഴ്ത്തിയ കടുവകളെ പിടികൂടണമെന്നു ചുണ്ടേൽ ആർസി സ്കൂളിലെ പിടിഎ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ജനകീയ കൺവൻഷൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽ കടുവകളെ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും യോഗം അറിയിച്ചു. ഇക്കാര്യം സർവകക്ഷി സംഘം സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമനെ നേരിൽക്കണ്ട് അറിയിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, സ്ഥിരസമിതി അധ്യക്ഷൻ എൻ.ഒ.ദേവസ്യ, വാർഡ് അംഗങ്ങളായ ബീന സുരേഷ്, ഗോപി, രാഷ്ട്രീയപാർട്ടി നേതാക്കളായ ജനാർദനൻ, ടി.ജെ.പൗലോസ്, കെ.എം.എ.സലിം, സി.ഉണ്ണികൃഷ്ണൻ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി വേലായുധൻ, ആർസി എൽപി സ്കൂൾ പിടിഎ പ്രസിഡന്റ് റോബിൻസൺ ആന്റണി എന്നിവർ പങ്കെടുത്തു.