വർഗീസിന്റെ പരീക്ഷണശാലയിൽ വെജ്ടാങ്ക് കൃഷിയും വിജയം
Mail This Article
പുൽപള്ളി ∙ ഇത്തിരിസ്ഥലത്ത് കുറഞ്ഞ ചെലവിൽ കൃഷിയിറക്കി വർഷംമുഴുവൻ ആദായമെടുക്കാവുന്ന നൂതന കൃഷിരീതിയുമായി ഷെഡ്ഡിലെ ചെറുതോട്ടിൽ വർഗീസ്.100 ലീറ്റർ കൊള്ളുന്ന ഫൈബർ ടാങ്കിൽ 16 ചുവട് പച്ചക്കറിനട്ട് മെച്ചപ്പെട്ട വിളവെടുക്കാമെന്നതാണ് വെജ്ടാങ്ക് കൃഷിയുടെ മെച്ചം. പരീക്ഷണാടിസ്ഥാനത്തിൽ വർഗീസ് നടത്തിയ കൃഷിയിൽ നൂറുമേനി വിളവുണ്ട്. പച്ചമുളക്, വഴുതന, തക്കാളി, വെണ്ട, ചീര തുടങ്ങിയ ഉയരം വയ്ക്കാത്ത പച്ചക്കറിയാണ് ഇതിൽ നടാവുന്നത്.മണ്ണ്, മണൽ, ചാണകം, കരിയില എന്നിവയടങ്ങിയ മിശ്രിതം ടാങ്കിൽ നിറച്ച് അതിനു നടുവിൽ ദ്വാരമിട്ട ഒരുപൈപ്പ് സ്ഥാപിക്കുന്നതാണ് മുഖ്യപരിപാടി. ടാങ്കിന്റെ നാലുഭാഗവും രണ്ടിഞ്ച് നീളത്തിൽ കീറിയശേഷം അവിടെ വളക്കൂട്ട് നിറച്ച പൈപ്പ് സ്ഥാപിച്ച് അതിലും തൈകൾ നടാം.ക്രമത്തിനു നനയും വളവും നൽകിയാൽ പച്ചക്കറി നന്നായി വിളയുമെന്നു വർഗീസ് പറയുന്നു.
മുറ്റത്തും സൂര്യപ്രകാശം ലഭിക്കുന്ന ഏതുസ്ഥലത്തും ഇത്തരം കൃഷി നടത്താനാവും. പ്രകാശം ലഭിക്കുന്നതനുസരിച്ച് ടാങ്ക് മാറ്റിവയ്ക്കാനുമാകും. വേനൽ കനത്താൽ തണലുള്ള ഭാഗത്തേക്ക് കൃഷിയിടം മാറ്റുകയും ചെയ്യാം.സ്ഥലപരിമിതിയുള്ള കർഷകർക്കും വാടകവീടുകളിൽ കഴിയുന്നവർക്കുമുൾപ്പെടെ ഈ കൃഷി ചെയ്യാനാവും.ഏതാനും വർഷങ്ങൾക്കിടെ നൂതനമായ പലകൃഷിരീതികളും വർഗീസ് അവതരിപ്പിച്ചിരുന്നു. കൃഷിവകുപ്പിന്റെയും വിവിധ സംഘടനകളുടെയും ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചു. വിജയകരമായ ചില പദ്ധതികൾക്ക് കൃഷിവകുപ്പും പ്രോത്സാഹനം നൽകിയിരുന്നു.കർഷകർക്കാവശ്യമായ പച്ചക്കറികൾ വീടുകളിലുണ്ടാക്കാവുന്ന ഈ പദ്ധതിക്കു സഹായം നൽകിയാൽ അയൽസംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വിഷലിപ്തമായ പച്ചക്കറിയെ പടിക്കുപുറത്താക്കാമെന്നു വർഗീസ് പറയുന്നു.കർഷകർക്ക് എല്ലാ മാർഗനിർദേശങ്ങളും വർഗീസ് വാഗ്ദാനം ചെയ്യുന്നു. ഫോൺ. 9744367439.