നാലംഗ കടുവക്കുടുംബത്തെ ഒരുമിച്ചു പിടികൂടാനുള്ള ദൗത്യം രാജ്യത്ത് ആദ്യം; വനംവകുപ്പിന്റെ നീക്കം ഇങ്ങനെ
Mail This Article
ചുണ്ടേൽ ∙ ആനപ്പാറയിലെ കടുവക്കുടുംബത്തെ പിടികൂടാൻ ‘ഓപ്പറേഷൻ റോയൽ സ്‌ട്രൈപ്‌സ്’ എന്ന പേരിൽ അപൂർവ ദൗത്യവുമായി വനംവകുപ്പ്. ‘വാക് ത്രൂ കേജ്’ എന്ന കൂറ്റൻ കൂടാണ് 4 അംഗ കടുവക്കുടുംബത്തെ പിടികൂടാൻ ആനപ്പാറ എസ്റ്റേറ്റ് ബംഗ്ലാവിനോടു ചേർന്ന സ്ഥലത്തു സ്ഥാപിച്ചത്. 32 അടി നീളവും 10 അടി ഉയരവും 10 വീതിയുമുള്ള കൂടാണിത്. കർണാടകയിലെ മൈസൂരു ഡിവിഷനിൽ നിന്നു കഴിഞ്ഞ 28നാണ് ആനപ്പാറയിലെത്തിച്ചത്.
ഇൗ കൂട് വച്ച് കർണാടകയിൽ നേരത്തെ 3 കടുവകളെ പിടികൂടിയിരുന്നു. അവിടെ നടപ്പാക്കിയ അതേ രീതിയിലാണ് ആനപ്പാറയിലെ ദൗത്യവും. ഒരു വയസ്സ് തോന്നിക്കുന്ന 3 കടുവകളും 8 വയസ്സ് തോന്നിക്കുന്ന അമ്മക്കടുവയുമാണ് പ്രദേശത്തെ തേയിലത്തോട്ടത്തിലും പരിസരങ്ങളിലുമായി ചുറ്റിക്കറങ്ങുന്നത്. ഇവയെ ഒന്നിച്ചു പിടികൂടുകയെന്നതാണു വനംവകുപ്പിനു മുന്നിലുള്ള സാഹസിക ദൗത്യം. നിലവിൽ എപ്പോഴും കടുവക്കുട്ടികൾ അമ്മയ്ക്കൊപ്പം തന്നെയുണ്ടോ എന്നതിൽ വ്യക്തതയില്ല. ഇവ ഒരുമിച്ചു കൂട്ടിൽ കയറുമോയെന്നതും അങ്ങനെയുണ്ടായില്ലെങ്കിലുള്ള തുടർനടപടികളും വനംവകുപ്പ് ദൗത്യം ദുഷ്കരമാക്കും.
തനിയ ഇരതേടാൻ പ്രാപ്തരായാൽ കുഞ്ഞുങ്ങൾ ഈ പ്രദേശത്തു തന്നെ തുടരാനാണിട. കുറച്ചുകൂടി പ്രായം കുറഞ്ഞ കുഞ്ഞുങ്ങളായിരുന്നുവെന്നതും കടുവകളെ നിരീക്ഷിക്കാനും കൂട്ടിലാക്കാനും അനുകൂല ഭൂപ്രകൃതിയുള്ള കാട്ടിലാണു കൂടുവച്ചതെന്നതും കർണാടകയിലെ ദൗത്യം എളുപ്പമാക്കിയിരുന്നു. എന്നാൽ, ചുണ്ടേൽ ആനപ്പാറയിലേത് അൽപകൂടി ദുഷ്കര ദൗത്യമാകുമെന്ന് കടുവ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദൗത്യം വിജയിച്ചാൽ വനംവകുപ്പിന്റെ തുടർനടപടികൾ
നല്ല ആരോഗ്യമുള്ള കടുവകളാണ് നാലും. അതുകൊണ്ടുതന്നെ ഇവയെ അനിമൽ ഹോസ്പീസിലേക്കോ മൃഗശാലയിലേക്കോ മാറ്റാനാകില്ല. പരുക്കേറ്റതും പ്രായമേറിയതുമായ കടുവകളെയാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് മാറ്റാറുള്ളത്. ഇൗ സാഹചര്യത്തിൽ ദേശീയ കടുവ പരിപാലന അതോറിറ്റിയുടെ മാനദണ്ഡപ്രകാരം വയനാട് വന്യജീവി സങ്കേതത്തിന് അകത്തെ ഉൾവനത്തിൽ കടുവകളെ വനംവകുപ്പ് തുറന്നുവിടും.
ദൗത്യം ഏകോപിപ്പിക്കുന്നത് ഇവർ
ഉത്തരമേഖലാ സിസിഎഫ് കെ.എസ്.ദീപയ്ക്കാണു ദൗത്യത്തിന്റെ ഏകോപന ചുമതല. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, കർണാടകയിലെ ദൗത്യത്തിന് നേതൃത്വം നൽകിയ ലെപ്പേഡ് ടാസ്‌ക് ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്തു ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നു. കടുവകളെ മയക്കുവെടി വയ്ക്കുന്നതിനും മറ്റുമായി ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ആനപ്പാറയിലുണ്ട്. മേപ്പാടി, കൽപറ്റ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുതകർമ സേന അംഗങ്ങളും ആനപ്പാറയിൽ സർവസജ്ജരാണ്.
ചുരത്തിലും എൽസ്റ്റൺ എസ്റ്റേറ്റിലുമെത്തിയ അതേ കടുവക്കുടുംബം
2023 ഡിസംബർ 7ന് രാത്രി വയനാട് ചുരത്തിൽ കണ്ട അതേ കടുവക്കുടുംബമാണു ആനപ്പാറയിൽ എത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അന്നു കുട്ടികളായിരുന്ന 3 കടുവകളാണ് ഇപ്പോൾ വലുതായത്. കഴിഞ്ഞ ഏപ്രിലിൽ പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ വനംവകുപ്പിന്റെ ക്യാമറാ ട്രാപ്പിൽ പതിഞ്ഞതും ഇതേ കടുവക്കുടുംബമാണ്. കുറഞ്ഞ കിലോമീറ്റർ ദൂരപരിധിയിൽ മാത്രമാണ് ഈ കടുവകൾ സഞ്ചരിക്കുന്നത്. കൂടുതൽ ദൂരത്തേക്ക് ഇവ സഞ്ചരിച്ചെത്താനുള്ള സാധ്യത കുറവാണ്. അതേസമയം, ചുണ്ടേൽ–മേപ്പാടി റോഡിലെ കൂട്ടമുണ്ട എസ്റ്റേറ്റിൽ കഴിഞ്ഞദിവസം കണ്ടെത്തിയ കാൽപാടുകൾ ചെമ്പ്ര വനമേഖലയിൽ നേരത്തെയുള്ള ആൺ കടുവയുടേതാണെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. അതുകൊണ്ടു ആനപ്പാറയിലെ കടുവക്കുടുംബം കൂട്ടമുണ്ട മേഖലയിലേക്കു പോകാനുള്ള സൗധ്യതയില്ലെന്നാണ് വിലയിരുത്തൽ.
4 കടുവകളെ ഒരുമിച്ചു പിടികൂടാനുള്ള ദൗത്യം രാജ്യത്ത് ആദ്യം
അതീവ ജാഗ്രതയും ക്ഷമയും ആവശ്യമുള്ളതാണ് ദൗത്യം. ഇതു ദിവസങ്ങളോളം നീണ്ടേക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇന്ത്യയിൽ ആദ്യമായാണ് 4 കടുവകളെ ഒരുമിച്ച് പിടികൂടാനുള്ള ദൗത്യം നടക്കുന്നത്. കൂടുവച്ച് ദിവസങ്ങൾക്കു ശേഷമാണ് കർണാടകയിൽ അമ്മക്കടുവയും 2 കുട്ടിക്കടുവകളും കൂട്ടിൽ അകപ്പെട്ടത്. ആനപ്പാറയിൽ 3 കുട്ടികളും അമ്മക്കടുവയുമാണുള്ളത്. ഇവ കൂട്ടിൽ അകപ്പെടാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് വനം വകുപ്പിന്റെ നിഗമനം. കൂടു സ്ഥാപിച്ച സ്ഥലത്തു മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ കടുവകൾ കഴിഞ്ഞ 3 ദിവസമായി കൂടിന് അടുത്തേക്ക് എത്തിയിട്ടില്ല. കടുവകൾ ആനപ്പാറയിൽ നിന്നു നീങ്ങിയോയെന്ന് അറിയാൻ ഇന്നലെ വനംവകുപ്പ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. ഇതിൽ എച്ച്എംഎൽ എസ്റ്റേറ്റിന്റെ പമ്പ് ഹൗസിന് സമീപത്തെ ചതുപ്പ് നിറഞ്ഞ പ്രദേശത്തു കടുവ സാന്നിധ്യം വ്യക്തമായി. കൂട് സ്ഥാപിക്കുന്നതിന്റെ ബഹളവും മനുഷ്യ സാന്നിധ്യവും ഉള്ളതിനാലാണ് കടുവകൾ പ്രദേശത്തു നിന്നു കുറച്ചകലേക്കു മാറിയത്. എന്നാൽ, വരും ദിവസങ്ങളിൽ കടുവകൾ കൃത്യമായി കൂട്ടിൽ കയറുമെന്ന ആത്മവിശ്വാസത്തിലാണ് വനംവകുപ്പ്.
ദൗത്യം ഇങ്ങനെ
വലിയ കൂടിന് സമീപം സ്ഥാപിച്ചിട്ടുള്ള ചെറിയ കൂട്ടിലാണ് ഇരയായി, കഴിഞ്ഞ ദിവസം കടുവ പാതി ഭക്ഷിച്ച പശുവിന്റെ ജഡം സൂക്ഷിച്ചിട്ടുള്ളത്. ഇവ ഭക്ഷിക്കാനായി അമ്മക്കടുവ ചെറിയ കൂട്ടിൽ കയറുന്നതോടെ കൂട് തനിയെ അടയും. തത്സമയ ക്യാമറയിലൂടെ കടുവ കൂട്ടിൽ അകപ്പെട്ടത് മനസ്സിലാക്കുന്ന ഉദ്യോഗസ്ഥർ, ഉടൻ ചെറിയ കൂട് വലിയ കൂടിന് അകത്തേക്ക് വയ്ക്കും. അമ്മക്കടുവയെ തിരഞ്ഞെത്തുന്ന 3 കുട്ടിക്കടുവകൾ വലിയ കൂടിനകത്തേക്ക് കയറും.
ഇതോടെ വലിയ കൂടിന്റെ വാതിൽ അടയ്ക്കും. കൂട്ടിൽ അകപ്പെടുന്ന 4 കടുവകളെയും ചെറിയ കൂടുകളിലേക്ക് മാറ്റും. പിന്നീട് അനിമൽ ആംബുലൻസിൽ സ്ഥലത്തു നിന്നു നീക്കും. അതേസമയം, ചെറിയ കൂട്ടിൽ ആദ്യം അമ്മക്കടുവ അകപ്പെട്ടാൽ മാത്രമേ വനംവകുപ്പ് ഉദ്ദേശിച്ച കാര്യങ്ങൾ കൃത്യമായി നടക്കൂ. മറിച്ചാണു സംഭവിക്കുന്നതെങ്കിൽ ദൗത്യത്തിന് വെല്ലുവിളിയാകും. കുട്ടിക്കടുവയാണ് ആദ്യം കുടുങ്ങുന്നതെങ്കിൽ അമ്മക്കടുവ ആക്രമണം അഴിച്ചുവിടാൻ സാധ്യതയുണ്ട്. ഇതുകൂടി മുൻകൂട്ടി കണ്ടാണ് വനംവകുപ്പ് ദൗത്യം ക്രമീകരിച്ചിരിക്കുന്നത്.