ADVERTISEMENT

ആനപ്പാറ ∙ ചെമ്പ്ര വനമേഖലയിലെ ആൺകടുവ ആനപ്പാറയിലെ അടക്കം ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് വനംവകുപ്പിന് തലവേദനയാകുന്നു. ആൺകടുവയുടെ സാന്നിധ്യം മനസ്സിലാക്കിയതിനാലാണ് 4 അംഗ കടുവക്കുടുംബം ആനപ്പാറയിൽ നിന്ന് ഇടയ്ക്കിടെ നീങ്ങുന്നതെന്നാണു വിലയിരുത്തൽ. ആൺകടുവ ഇടയ്ക്കിടെ എത്തുന്നത് കടുവക്കുടുംബത്തെ പിടികൂടാനുള്ള വനംവകുപ്പിന്റെ ഓപറേഷൻ ‘റോയൽ സ്‌ട്രൈപ്‌സ്’ ദൗത്യത്തെയും ബാധിക്കുന്നുണ്ട്.

ആൺകടുവയും മറ്റു കടുവകളും നേരിൽക്കണ്ടാൽ അക്രമാസക്തരാകുമെന്ന ആശങ്കയുമുണ്ട്. വ്യാഴാഴ്ച രാത്രി ആനപ്പാറയിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഓടത്തോട്, പെരുന്തട്ട മേഖലകളിൽ ആൺകടുവ എത്തിയിരുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ ഓടത്തോട് പുതിയപാടിക്ക് സമീപത്തായി ആൺകടുവയെ കണ്ടതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ, പരിശോധന നടത്തിയെങ്കിലും കാൽപാടുകൾ കണ്ടെത്താനായില്ല. അതേസമയം, ആൺകടുവ ചെമ്പ്ര വനമേഖലയിലേക്ക് തിരികെ മടങ്ങിയെന്നു വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതിനിടെ, കടുവക്കുടുംബത്തെ നിരീക്ഷിക്കാനായി വനംവകുപ്പ് ആനപ്പാറയിലെ വിവിധ ഇടങ്ങളിലായി ഇന്നലെ 23 ക്യാമറ ട്രാപ്പുകളും 3 എഐ ക്യാമറകളും സ്ഥാപിച്ചു. കടുവക്കുടുംബം ആനപ്പാറയ്ക്ക് 2 കിലോമീറ്റർ ചുറ്റളവിൽ തന്നെയുണ്ടെന്നാണു വനംവകുപ്പിന്റെ സ്ഥിരീകരണം. കടുവക്കുടുംബത്തിന്റെ നീക്കം മനസ്സിലാക്കാനായി വനംവകുപ്പ് ഡ്രോൺ പരിശോധനയും നടത്തുന്നുണ്ട്.  സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമൻ, ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അരുൺ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അജേഷ് മോഹൻദാസ്, മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഡി.ഹരിലാൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

മേപ്പാടി, കൽപറ്റ എന്നിവിടങ്ങളിൽ നിന്നുള്ള ദ്രുതകർമ സേനാംഗങ്ങളും ആനപ്പാറയിൽ സർവസജ്ജരായുണ്ട്. കഴിഞ്ഞ 20നാണ് ആനപ്പാറയെ ആശങ്കയിലാക്കി 3 കുട്ടിക്കടുവകളും അമ്മക്കടുവയുമെത്തിയത്. കഴിഞ്ഞ 21ന് രാവിലെ ആനപ്പാറയിലെ എസ്റ്റേറ്റ് ബംഗ്ലാവിന് സമീപം 3 പശുക്കളുടെ ജഡം കണ്ടെത്തിയിരുന്നു. പിന്നാലെ, പശുക്കളെ കൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

English Summary:

In Kerala's Chembra Forest, a male tiger's presence near Anappara is causing concern for the Forest Department as it attempts to monitor a four-member tiger family. The male tiger's visits are hindering "Operation Royal Stripes," the mission to capture and relocate the family. Authorities are using camera traps, AI cameras, and drone surveillance to track the tigers' movements and mitigate potential conflict.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com